|    Dec 4 Sun, 2016 7:27 am
FLASH NEWS

ആര്‍എസ്എസുകാര്‍ക്കെതിരായ യുഎപിഎ ഒഴിവാക്കി

Published : 6th November 2016 | Posted By: SMR

UAPA

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ വകുപ്പ് ഒഴിവാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഇറക്കിയ ഉത്തരവിലാണ് യുഎപിഎ ഒഴിവാക്കിയതെന്ന വിവരങ്ങളാണ് പുറത്തായത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ഏപ്രില്‍ 18നു അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വിവാദ ഉത്തരവ് ഇറക്കിയതെന്നാണു വിവരം.കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയുള്ള കേസ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയതോടെയാണ് ഇക്കാര്യം പുറത്തായത്. യുഎപിഎ ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. പ്രേമന്‍ വധക്കേസില്‍ യുഎപിഎ ചുമത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്. കണ്ണൂരില്‍ ആദ്യമായി ഒരു രാഷ്ട്രീയ കൊലക്കേസില്‍ യുഎപിഎ ചുമത്തിയത് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ്.  മനോജ് വധത്തിനു പിന്നാലെയുണ്ടായ ഓണിയന്‍ പ്രേമന്‍ വധക്കേസിലും പോലിസ് യുഎപിഎ പ്രകാരം കേസെടുക്കുകയായിരുന്നു. ജില്ലയിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന ആഭ്യന്തര വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശാനുസരണമാണ് യുഎപിഎ ചുമത്തുന്നതെന്നാണ് അധികൃതരുടെ വാദം. ഇതിനു പിന്നാലെ, പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദന്‍ കൊല്ലപ്പെട്ട കേസിലും യുഎപിഎ ചുമത്തിയിരുന്നു.പ്രേമന്‍ വധക്കേസില്‍ യുഎപിഎ ഒഴിവാക്കാനുള്ള നടപടിക്ക് നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി അംഗീകാരം നല്‍കിയതോടെ കൊലപാതകത്തിനുള്ള ഐപിസി 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതിനാലാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച ശേഷം മാത്രമേ കൊലപാതക കേസുകള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനാവൂ. 2015 ഫെബ്രുവരി 25ന് രാത്രിയാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് പുലര്‍ച്ചെ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് മരണപ്പെട്ടത്. കണ്ണവം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. യുഎപിഎ നിയമത്തിലെ 15,16 വകുപ്പുകളും സ്‌ഫോടകവസ്തു നിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളും കൊലപാതകത്തിനുള്ള ഐപിസി 302ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,286 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day