|    Dec 9 Fri, 2016 5:26 am
FLASH NEWS

ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ ഉദാഹരണമാണ് വയോജനങ്ങളുടെ വര്‍ധനവെന്ന് മുഖ്യമന്ത്രി

Published : 12th November 2016 | Posted By: SMR

തൃശൂര്‍: സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന്റെ ഉദാഹരണമാണ് വയോജനങ്ങളുടെ വര്‍ധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോജനങ്ങള്‍ സമൂഹത്തിന്റെ സ്വത്താണെന്നും അവരുടെ അറിവും അനുഭവ സമ്പത്തും സമൂഹത്തിന് ഉപകരിക്കുമെന്നും അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വയോജന പരിപാലനത്തിന് സര്‍ക്കാര്‍ പിന്തുണയോടെ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ ആരംഭിച്ച പ്രത്യാശ ട്രസ്റ്റിന്റെ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. അവരെ സഹായിച്ചും പകല്‍വീടുകള്‍ ഒരുക്കി സംരക്ഷിച്ചും നമുക്ക് മുന്നോട്ടുപോകാം. നിരവധി അവശതകള്‍ വയോജനങ്ങള്‍ ഇന്ന് നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ നാം തയ്യാറാകണം. നിലവിലെ സാഹചര്യമനുസരിച്ച് മക്കള്‍ ജോലി തേടി അന്യസ്ഥലങ്ങളില്‍ പോകുന്നതിനാല്‍ ഒറ്റപ്പെടുകയാണ്. അത്തരം സാഹചര്യങ്ങളിലാണ് പ്രത്യാശ പോലുള്ള ട്രസ്റ്റിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായം അനുഗ്രഹീതമാവുന്നത്. പ്രായാധിക്യം മൂലം വിരമിച്ചവരെ നിയമിച്ച് കേസിന്റെ ആധിക്യം തീര്‍ക്കാന്‍ ജുഡീഷ്യറി തന്നെ നടപടി സ്വീകരിച്ചു തുടങ്ങി. ഇത് മാതൃകയാക്കി വയോജനങ്ങളുടെ അറിവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താം. അതേസമയം പ്രത്യാശ ട്രസ്റ്റ് വൃദ്ധ ജനങ്ങള്‍ക്കായി ഒരുക്കിയ ഈ സ്ഥലം അത്ര നന്നായില്ലെന്നും ഇത് കൂട് പോലെ ആയെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പ്രത്യാശാ ട്രസ്റ്റ് നല്‍കുന്ന വീല്‍ചെയര്‍ രത്‌നം കാനാട്ടുകരയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മേയര്‍ അജിതാ ജയരാജന്‍, അഡ്വ.കെരാജന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ.കൗശിഗന്‍, കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, പ്രത്യാശാ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ എന്‍ വിനയകുമാര്‍ മാനേജിംഗ് ട്രസ്റ്റി ഡോ.കെ പ്രവീണ്‍ ലാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day