|    Oct 23 Sun, 2016 3:08 am
FLASH NEWS

ആരാവും ഇനി വേഗതയുടെ പര്യായം?

Published : 17th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റൊ: ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനെ കണ്ടെത്താനുള്ള പോരാട്ടം റിയോയിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ സമാപിച്ചു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കാലുകളില്‍ ചിറകുകള്‍ മുളപ്പിച്ച അദ്ഭുതമനുഷ്യന്‍ യുസെയ്ന്‍ ബോള്‍ട്ട് തന്നെ ഇക്കുറിയും വേഗത്തിന്റെ രാജാവായി. അതിവേഗത്തിന്റെ പോരാട്ടം അവസാനിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ പരസ്പരം ചോദിച്ചൊരു ചോദ്യമുണ്ട്: ഈ മനുഷ്യനൊരു പകരക്കാരനുണ്ടാവുമോ?
അതേ, ഇനി വരാനിരിക്കുന്നത് ബോള്‍ട്ടില്ലാത്ത ഒളിംപിക്‌സുകളാണ്. വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ താനുണ്ടാവില്ലെന്ന് ബോള്‍ട്ട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ട്രാക്കില്‍ ആരൊക്കെ തീപടര്‍ത്താനെത്തിയാലും അത് ബോള്‍ട്ടിന് പകരക്കാരനാവില്ലെന്ന് കായികപ്രേമികള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. അതിവേഗത്തിന്റെ ട്രാക്കില്‍ രണ്ടാമനായിരുന്ന അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും പ്രായം കൂടുതലായി. 34കാരനായ ഗാറ്റ്‌ലിന്‍ അടുത്ത ഒളിംപിക്‌സില്‍ ഉണ്ടാവില്ലെന്ന് ഏറക്കുറേ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനിയുള്ള 100 മീറ്റര്‍ പോരാട്ടങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒരു കാനഡക്കാരനിലേക്കാണ്. 21കാരനായ ആന്ദ്രെ ഡി ഗ്രാസ്. റിയോയില്‍ വെങ്കലം നേടിയ ഈ 21കാരന്‍ പാനാം ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. 1996നു ശേഷം ആദ്യമായാണ് ഒരു കാനഡക്കാരന്‍ അതിവേഗത്തിന്റെ പോരാട്ടത്തില്‍ സ്വര്‍ണം നേടുന്നത്.
മല്‍സരശേഷം ബോള്‍ട്ട് അന്ന് ആശ്ലേഷിച്ചപ്പോള്‍ ഡി ഗ്രാസ് പങ്കുവച്ചത് ഇനിയും ഒരുപാടുകാലം ബോള്‍ട്ടിനൊപ്പം മല്‍സരിക്കണമെന്ന മോഹമാണ്. 21ാം വയസ്സില്‍ ഡി ഗ്രാസ് ഒളിംപിക്‌സില്‍ ഓടിത്തുടങ്ങിയപ്പോഴേക്കും ഓട്ടം നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബോള്‍ട്ട്. ഹൈസ്‌കൂള്‍ വരെ ബാസ്‌കറ്റ്‌ബോള്‍ കളിച്ചിരുന്ന ഡി ഗ്രാസ് അതുകഴിഞ്ഞാണ് അത്‌ലറ്റിക് ട്രാക്കിലേക്ക് മാറിയത്.
ഇതേ ഡി ഗ്രാസിന് വന്‍ ഭീഷണിയുയര്‍ത്തുന്ന മറ്റൊരു കായികതാരം കൂടിയുണ്ട്. അമേരിക്കന്‍ സ്പ്രിന്റര്‍ ട്രേയ്‌വന്‍ ബ്രൊമല്‍. 100 മീറ്റര്‍ ഫൈനലില്‍ പരിക്കുമായി ഓടി 10.06 സെക്കന്‍ഡില്‍ ഏറ്റവും ഒടുവില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും ശോഭനമായ ഭാവിതന്നെയാണ് ജീവിതത്തില്‍ കഠിനവഴികള്‍ താണ്ടിയെത്തിയ ബൊമലിനുള്ളത്. ഈ വര്‍ഷം 100 മീറ്ററിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്ന് ഈ 21കാരന്റെ പേരിലാണുള്ളത്. ചേരിയില്‍ പട്ടിണിയില്‍ പിറന്ന്, കള്ളന്മാര്‍ക്കും മയക്കുമരുന്നുകാര്‍ക്കുമൊപ്പം വളര്‍ന്നാണ് ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം ബൊമല്‍ ഒളിംപിക് ട്രാക്കിലെത്തിയത്.

അതിവേഗട്രാക്കിലെ മറ്റൊരു താരമാണ് ബോള്‍ട്ടിന്റെ നാട്ടില്‍നിന്നുതന്നെയെത്തുന്ന യൊഹാന്‍ ബ്ലെയ്ക്ക്. നാലുവര്‍ഷം മുമ്പ് ലണ്ടനില്‍ 100 മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന് പിറകില്‍ വെള്ളി നേടിയ താരമാണ് 26കാരനായ ബ്ലെയ്ക്ക്. ഒരു കാലത്ത് ബോള്‍ട്ടിന്റെ പകരക്കാരനായി വാഴ്ത്തപ്പെട്ടിരുന്ന ബ്ലെയ്ക്കിന്റെ പേരിലാണ് ഇപ്പോഴും 100 മീറ്ററിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം.
ഡി ഗ്രാസ് എന്ന പുതിയ അവതാരത്തിന് വഴിമാറിക്കൊടുക്കേണ്ടിവന്നെങ്കിലും 9.93 സെക്കന്‍ഡ് എന്ന സീസണിലെ ഏറ്റവും മികച്ച സമയം കുറിക്കാന്‍ 26ാം വയസ്സിലും ബ്ലെയ്ക്കിനായി. ഇവരില്‍ ആരാവും ടോക്കിയോയിലെ നക്ഷത്രമായി ഉദിച്ചുയരുകയെന്ന് കാത്തിരിക്കുകയാണ് കായികലോകം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day