|    Dec 3 Sat, 2016 7:05 pm
FLASH NEWS

ആരായിരിക്കും മഹ്മൂദ് അബ്ബാസിന്റെ പിന്‍ഗാമികള്‍?

Published : 31st October 2016 | Posted By: SMR

ബെയ്‌റൂത്ത്: 81കാരനായ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രോഗശയ്യയിലാണെന്ന വാര്‍ത്ത ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതാണെന്ന് വെസ്റ്റ്ബാങ്ക് ഭരിക്കുന്ന ‘അല്‍ ഫത്ഹ്’ വിഭാഗം വാദിക്കുന്നുവെങ്കിലും അബ്ബാസിന്റെ പിന്‍ഗാമി ആരാണെന്ന ചര്‍ച്ചയ്ക്കു തുടക്കമായി. അബ്ബാസിന് ചെല്ലും ചെലവും കൊടുക്കുന്ന യുഎസിനും ഇസ്രായേലിനും യൂറോപ്യന്‍ യൂനിയനും ആശങ്കയുളവാക്കുന്നതാണ് അബ്ബാസിന്റെ രോഗവാര്‍ത്ത.
ഒരു റബര്‍സ്റ്റാമ്പ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അബ്ബാസ് 2007നുശേഷം ഫലസ്തീനില്‍ ഒരു തിരഞ്ഞെടുപ്പും നേരിട്ടിട്ടില്ല. തോല്‍വി ഭയന്ന് ഫത്ഹ് പാര്‍ലമെന്റിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുപ്പ് വര്‍ഷങ്ങളായി നീട്ടിവച്ചിരിക്കുകയാണ്. പ്രസിഡന്റ് മരിക്കുകയോ രോഗശയ്യയിലാവുകയോ ചെയ്താല്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആ സ്ഥാനം ഏറ്റെടുക്കണമെന്നാണു നിയമം പറയുന്നത്. പിന്നീട് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. എന്നാല്‍, 10 വര്‍ഷമായി പാര്‍ലമെന്റ് സമ്മേളിച്ചിട്ടില്ലാത്തതിനാല്‍ ആ നിയമം കാലഹരണപ്പെട്ടുവെന്നു ചില ഫലസ്തീന്‍ നേതാക്കള്‍ പറയുന്നു.
ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്നു കരുതപ്പെടുന്നു. എന്നാല്‍, ഹനിയ പ്രസിഡന്റായാല്‍ പിന്നെ ഒരു ധനസഹായവുമില്ലെന്ന നിലപാടിലാണ് യുഎസും യൂറോപ്യന്‍ യൂനിയനും ഇസ്രായേലും. ഫത്ഹ് കേന്ദ്രസമിതിയിലെ 20 അംഗങ്ങളില്‍ ഏറ്റവും ജനപ്രിയനായ മര്‍വാന്‍ ബര്‍ഗൂത്തി പ്രസിഡന്റാവുന്നതിനാണ് ഹമാസിനടക്കം പല വിഭാഗങ്ങള്‍ക്കും യോജിപ്പ്. ബര്‍ഗൂത്തി വര്‍ഷങ്ങളായി ഇസ്രായേല്‍ ജയിലിലാണ്. ഫത്ഹ് അനുകൂലിച്ചാല്‍ താന്‍ ജയിലില്‍ നിന്നു മല്‍സരിക്കുമെന്നാണു ബര്‍ഗൂത്തി വ്യക്തമാക്കിയത്.
ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി ചേര്‍ന്ന് ഗസയില്‍ ഹമാസിനെ മറിച്ചിടാന്‍ ശ്രമിച്ച മുഹമ്മദ് ദഹ്‌ലനെയായിരിക്കും ഇസ്രായേലും അറബ് ഏകാധിപത്യങ്ങളും യുഎസും ഇഷ്ടപ്പെടുക. ഇപ്പോള്‍ അബൂദബിയില്‍ ആഡംബരജീവിതം നയിക്കുന്ന ദഹ്‌ലന് ഈജിപ്തിന്റെയും പിന്തുണയുണ്ട്.
എന്നാല്‍, ദഹ്‌ലനെ ഇഷ്ടപ്പെടാത്തവരും ഫത്ഹിലുണ്ട്. ജിബ്‌രീല്‍ റജുബ്, മാജിദ് ഫറാജ് തുടങ്ങിയ ഫത്ഹ് നേതാക്കള്‍. സുരക്ഷാ സേനകളുമായി ബന്ധമുള്ളവരാണ് ഇരുവരും. അത്തരക്കാരെയാണ് ഇസ്രായേലിനു കൂടുതല്‍ ഇഷ്ടം. ഏതായാലും ഫത്ഹില്‍ അധികാരവടംവലി ഉറപ്പായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day