|    Oct 26 Wed, 2016 3:03 pm

ആരായിരിക്കാം ഈ ഹെഡ്‌ലി?

Published : 29th February 2016 | Posted By: SMR

ഫിറോസ് മിഠിബോര്‍വാല, കിഷോര്‍ ജഗ്ദവ്

മുംബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ തിരക്കഥയുടെ സഹായത്തോടെ, ഹെഡ്‌ലിയുടെ അടുത്തിടെയുണ്ടായ ‘ഏറ്റുപറച്ചിലുകള്‍’ക്കും നടത്തിയ പ്രസ്താവനകള്‍ക്കും ദേശീയ തമാശ എന്നതിലുപരി സ്ഥാനമില്ല. 26/11ലെ മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലിയുടെ പങ്ക് സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ നാം ഉയര്‍ത്തേണ്ടതുണ്ട്.
മുംബൈ ആക്രമണപദ്ധതി ഇന്ത്യയെയായിരുന്നു ഉന്നംവച്ചത്. ദക്ഷിണേഷ്യയില്‍ സമാധാനവും ഐക്യവും പുലര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധരായ മേഖലയിലെ എല്ലാ മനുഷ്യരും ഇക്കാര്യം മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് വസ്തുതകള്‍ എന്നു പരിശോധിക്കാം.
1. യുഎസ് അംബാസഡര്‍ ടിമത്തി റുമര്‍ മുംബൈ ആക്രമണത്തെപ്പറ്റി ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കി എന്നവകാശപ്പെടുന്നു. പ്രധാനപ്പെട്ടതും ലളിതവുമായ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് പാകിസ്താന്‍ അധികാരികള്‍ക്ക് സിഐഎയും എഫ്ബിഐയും ഇതേ മുന്നറിയിപ്പു നല്‍കിയില്ല. ആറുപതിറ്റാണ്ടുകാലം മുമ്പു തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ദൗത്യപരവും ആയുധപരവുമായ ബന്ധമുണ്ടായിരുന്നു എന്ന് നമുക്കറിയാം. അപ്പോള്‍ മേഖലയെ ആണവയുദ്ധത്തിലേക്കുപോലും നയിച്ചേക്കാവുന്ന ഒരു ആക്രമണത്തെക്കുറിച്ച വിവരങ്ങള്‍ എന്തുകൊണ്ട് യുഎസ് മൂടിവച്ചു?
ഇന്ത്യയില്‍ ആരെയാണ് അവര്‍ അറിയിച്ചത്? നമുക്കിപ്പോഴും വ്യക്തമായറിയില്ല. ന്യൂഡല്‍ഹിയിലെ യുഎസ് എംബസിക്ക് പുറത്ത് കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സുരക്ഷാസൈനികന്‍ മുഖേനയാവാന്‍ ഒരു വഴിയുമില്ല. അവര്‍ എം കെ നാരായണനെയോ (അന്നത്തെ എന്‍എസ്എ മേധാവി), ശിവരാജ് പാട്ടീലിനെയോ (മുന്‍ ആഭ്യന്തരമന്ത്രി) അറിയിച്ചോ? ആരാണ് ഇതു മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത്? താജ് ഹോട്ടലില്‍ കടല്‍വഴിയെത്തുന്ന ആക്രമണമുണ്ടാവുമെന്ന് സപ്തംബര്‍ പകുതിയോടെ വിവരം നല്‍കിയ പ്രധാനപ്പെട്ട ആളുകളുടെ പേരുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല.
2. വ്യാജ ഭീകരാക്രമണങ്ങളും ഏറ്റുമുട്ടല്‍കൊലകളും മറച്ചുവയ്ക്കാന്‍ ഹെഡ്‌ലിയെ ഉപയോഗിക്കുന്നു. ഇശ്‌റത് ജഹാന്റെ ഏറ്റുമുട്ടല്‍കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഗതി മാറ്റാനും മോദിയെയും കൂട്ടാളികളെയും രക്ഷപ്പെടുത്താനും ഹെഡ്‌ലി ഉപയോഗിക്കപ്പെടുകയാണ്. അതേപോലെത്തന്നെ, സംജോത എക്‌സ്പ്രസ് സംഭവത്തെക്കുറിച്ച് ഹേമന്ത് കര്‍ക്കരെ അന്വേഷിച്ച് സമര്‍പ്പിച്ച ചാര്‍ജ്ഷീറ്റില്‍ കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ടെങ്കിലും അഭിനവ് ഭാരതിനെ സംരക്ഷിക്കാന്‍ എന്‍ഐഎയും ഐബിയും ലക്ഷ്യം വച്ചതിലൂടെ അത് വഴിമാറി. ദാരുണമായ കശ്മീരിലെ ഛത്തീസിങ്‌പോര കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണവും ഹെഡ്‌ലിയുടെ കപട പ്രസ്താവനകളെ തുടര്‍ന്ന് വഴിതെറ്റിക്കപ്പെട്ടു.
3. പാകിസ്താന്‍ സൈന്യത്തിനും ഐഎസ്‌ഐക്കുമുള്ള ഫണ്ടിന്റെ മൂന്നിലൊന്നിലധികവും നല്‍കുന്നത് യുഎസ് ആണ്. ഐഎസ്‌ഐയുടെ വലംകൈയാണ് ലശ്കറെ ത്വയ്യിബ. അതിന്റെ ഒരു താവളംപോലും ഇന്നേവരെ യുഎസ് ആക്രമിച്ചിട്ടില്ല. അതുപോലെത്തന്നെ യുഎസ് സൈന്യത്തിനു നേരെ ലശ്കറും ആക്രമണം നടത്തിയിട്ടില്ല. കൊസോവോ, ചെച്‌നിയ, ബോസ്‌നിയ എന്നിവിടങ്ങളില്‍ സിഐഎയും ലശ്കറും ഒരുമിച്ചാണ് പ്രവൃത്തിക്കുന്നത്. അതായത് ഐഎസ്‌ഐയെയും ലശ്കറിനെയും മേഖലയിലെ തങ്ങളുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ പൂര്‍ത്തിയാക്കാന്‍ യുഎസ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പ്രഫ. ഹാഫിസ് സഈദിനെ യുഎസ് ഭീകരനായി പ്രഖ്യാപിക്കുകയും ഹാഫിസിന്റെ തലയ്ക്ക് 10 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും, ഒരുതവണ പോലും അറസ്റ്റ് ചെയ്യാനോ അയാളെ പിടിച്ചുകൊണ്ടുപോവാനോ യുഎസ് മിനക്കെട്ടിട്ടില്ല.
4. പുഷ്‌കര്‍ ഹോട്ടലിലെ മൂടിവയ്പ്.
ഹോട്ടലില്‍ താമസിക്കുമ്പോള്‍ വിദേശിയായ ഹെഡ്‌ലി നല്‍കേണ്ട സി ഫോറം പോലിസ് മാറ്റിവച്ചതിന്റെ പേരില്‍ ഹോട്ടലുടമ പോലിസില്‍ പരാതിപ്പെട്ട കാര്യം സംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ഒരു റിപോര്‍ട്ട് ഉണ്ടായിരുന്നു. അതോടൊപ്പം മറ്റു രണ്ട് ഇസ്രായേലികളുടെ സി ഫോറം സമര്‍പ്പിച്ചതായി പുഷ്‌കര്‍ ഹോട്ടലുടമ അജ്മീര്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരാണിതു ചെയ്തത്?
5. എന്തുകൊണ്ടാണ് എഫ്ബിഐ ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തത്?
തങ്ങള്‍ അയാളെ പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഉടനെ നടക്കുമായിരുന്നെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് മറുപടി പറയുന്നു. അയാളെ രക്ഷിക്കുന്നതിനാണ് എഫ്ബിഐ പിടികൂടി പെട്ടെന്നു സ്ഥലം മാറ്റിയത്. ഇപ്പോള്‍ ഹെഡ്‌ലി യുഎസ് നീതിന്യായവ്യവസ്ഥയുടെ അധീനത്തിലാണ്; നമുക്കെത്തിപ്പെടാവുന്നതിലും അപ്പുറം. മുംബൈ ആക്രമണത്തില്‍ ഹെഡ്‌ലിയെ വിചാരണ ചെയ്യുന്നത് പോവട്ടെ, ഇന്ത്യന്‍ മണ്ണില്‍ വച്ച് അയാളെ ചോദ്യംചെയ്യാന്‍പോലും നമുക്കാവില്ല.
6. മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ശരിയായ രഹസ്യവിവരങ്ങള്‍ യുഎസ് ഇന്ത്യക്ക് കൈമാറിയിരുന്നില്ല. എന്തുകൊണ്ട്?
യഥാര്‍ഥത്തില്‍ ഡേവിഡ് ഹെഡ്‌ലി ലശ്കറിലെ സിഐഎയുടെ ചാരനായിരുന്നു. ഹെഡ്‌ലിയാണ് ലശ്കറില്‍നിന്ന് ഉണ്ടാവാന്‍ പോവുന്ന മുംബൈ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസിനു കൈമാറിയത്. ഇക്കാര്യം ഭാഗികമായി സിഐഎ ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവച്ചു. കടല്‍മാര്‍ഗമായിരിക്കും ആക്രമണമെന്നും താജിലായിരിക്കും ആക്രമണം നടക്കുകയെന്നും പ്രത്യേകമായി പരാമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷേ, സിഐഎ യഥാര്‍ഥത്തില്‍ വളരെ തുച്ഛം വിവരങ്ങളേ ഇന്ത്യക്ക് നല്‍കിയുള്ളൂ.
7. 2006-2008 കാലയളവിലെ ഹെഡ്‌ലിയുടെ യാത്രകള്‍.
2006-2008 കാലഘട്ടത്തിലെ വലിയ ഭീകരാക്രമണപരമ്പരകളുടെ ഘട്ടത്തില്‍ ഹെഡ്‌ലി സജീവമായിരുന്നെന്നും ഇന്ത്യയിലേക്ക്, പ്രധാനമായും പാകിസ്താനില്‍നിന്ന് അയാള്‍ നിരന്തരം യാത്ര നടത്തുകയായിരുന്നെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. നമ്മുടെ അധികൃതര്‍ ഒരിക്കലെങ്കിലും ഹെഡ്‌ലിയെ ചോദ്യംചെയ്യുകയോ സംശയിക്കുകയോ ചെയ്തില്ല? നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പൗരന്മാര്‍ അത്ര വിഡ്ഢികളല്ല. നമ്മുടെ രാജ്യത്തിനുള്ളില്‍ തന്നെയുള്ള ചില ശക്തികള്‍ യുഎസുമായും ഇസ്രായേലുമായും സഖ്യം പുലര്‍ത്തുകയും ഒരേസമയം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നു കരുതാന്‍ അവര്‍ക്കു കഴിയും.
2007 ആഗസ്തിനും 2008 സപ്തംബറിനും ഇടയ്ക്കുള്ള കാലമെന്നു പറഞ്ഞാല്‍ ഇന്തോ-യുഎസ് ആണവകരാറുമായി ബന്ധപ്പെട്ട് രാജ്യം ഏറ്റവും സംഘര്‍ഷഭരിതമായ അവസ്ഥയിലൂടെ കടന്നുപോവുന്ന സമയമായിരുന്നു. ഹെഡ്‌ലി ഇന്ത്യയിലുള്ളപ്പോഴാണ് പല ആക്രമണങ്ങളും നടക്കുന്നത്. ഹൈദരാബാദ് (25/08/2007), ബാംഗ്ലൂര്‍ (25/7/2008), അഹ്മദാബാദ്, സൂറത്ത് (26/7/08), ഡല്‍ഹി (13/9/08) എന്നിവ ഉദാഹരണം. ഭീകരതയ്‌ക്കെതിരേയുള്ള ആഗോളയുദ്ധമെന്നു പറഞ്ഞ് ഇസ്രായേലിന്റെയും യുഎസിന്റെയും ഭ്രമണപഥത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ യുഎസ് അനുകൂല ഘടകങ്ങള്‍ക്ക് ഇവയൊക്കെ സഹായകമായിട്ടുണ്ട്.
അഭിനവ് ഭാരതിന് ബന്ധമുണ്ടെന്ന് ഹേമന്ത് കര്‍ക്കരെ കണ്ടെത്തിയ സ്‌ഫോടനങ്ങളിലും ഹെഡ്‌ലിയുടെ കാല്‍പ്പാടുകളുണ്ടായിരുന്നു. ആയതിനാല്‍, മലേഗാവ് (8/9/06), സംജോത എക്‌സ്പ്രസ് (19/2/07), മക്ക മസ്ജിദ് ഹൈദരാബാദ് (18/5/07) എന്നീ ആക്രമണങ്ങള്‍ നടന്ന സമയത്തും ഹെഡ്‌ലി സജീവമായിരുന്നു. അഭിനവ് ഭാരതുമായും സനാഥന്‍ സന്‍സ്ഥയുമായും ഇന്ത്യന്‍ മുജാഹിദീനുമായും ഹെഡ്‌ലി തന്റെ ആക്രമണപദ്ധതികള്‍ ഏകോപിപ്പിക്കുകയായിരുന്നിരിക്കാം. ആയതിനാല്‍ നമുക്ക് താഴെ പറഞ്ഞിരിക്കുന്ന നിഗമനങ്ങളിലെത്താം:
എ) ആക്രമണങ്ങള്‍ നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുന്നതിനായി ഡേവിഡ് ഹെഡ്‌ലി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. അതുസംബന്ധിച്ച വിവരങ്ങള്‍ സിഐഎ, മൊസാദ് എന്നീ രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗങ്ങളിലെ അമേരിക്കന്‍ അനുകൂലികള്‍ മൂടിവച്ചു. മുംബൈ നഗരത്തിലും അത്തരം നീക്കങ്ങള്‍ ഉണ്ടായി എന്നു സംശയിക്കാം. അവിടെ ‘മോക്ഷ് ജിംനേഷ്യ’ത്തിലെ (യുഎസ് എംബസിയുടെ എതിര്‍വശം) അംഗത്വഫോറത്തില്‍ ഹെഡ്‌ലിയുടെ ഒപ്പും ഫോട്ടോയും കാണാനില്ലായിരുന്നു. ബ്രീച്ച് കാന്‍ഡിയിലെ ഒരു ഫഌറ്റില്‍ ഹെഡ്‌ലി വാടകയ്ക്ക് താമസിച്ചിരുന്നു. അതും യുഎസ് എംബസിക്കടുത്ത്. എന്നാല്‍, വാടകക്കരാര്‍ ഉണ്ടായിരുന്നില്ല.
ബി) ഹെഡ്‌ലിയുടെ ഇന്ത്യയിലേക്കുള്ള ഓരോ യാത്രയ്ക്കും ഉന്നതാധികൃതരുടെ മൗനാനുവാദമുണ്ടായിരുന്നു. ഹെഡ്‌ലി ഒരു മയക്കുമരുന്നു വില്‍പ്പനക്കാരനും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളും പാകിസ്താന്‍ വംശജനുമാണെന്നതൊന്നും ആര്‍ക്കും തടസ്സമായില്ല. പാകിസ്താന്‍ വഴി നേരിട്ടാണ് ഹെഡ്‌ലി ഇന്ത്യയിലേക്കു യാത്ര നടത്തിയതെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഹെഡ്‌ലിക്ക് വിസ നല്‍കിയത്.
സി) യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി(ഡിഇഎ)ക്കു വേണ്ടി പ്രവര്‍ത്തിച്ചതിനുശേഷം, ഹെഡ്‌ലിയെ പിന്നീട് എഫ്ബിഐ-സിഐഎ റിക്രൂട്ട് ചെയ്തു പരിശീലനം നല്‍കാന്‍ സാധ്യതയേറെയാണ്. മുംബൈ ആക്രമണം നടപ്പാക്കാനുള്ള തങ്ങളുടെ പദ്ധതിയില്‍ സിഐഎയും എഫ്ബിഐയും പിന്നീട് ഹെഡ്‌ലിയെ ഉപയോഗിച്ചിരിക്കാം. ഇന്ത്യയിലുടനീളം യാത്ര നടത്തി ആക്രമണം നടത്താനുള്ള ലക്ഷ്യങ്ങള്‍ കണ്ടുപിടിക്കുക, ഈ വിവരം സിഐഎ-എഫ്ബിഐ-ഐഎസ്‌ഐ അധികൃതര്‍ക്ക് കൈമാറുക എന്നതായിരുന്നിരിക്കാം ഹെഡ്‌ലിയുടെ ജോലി. ആക്രമണപദ്ധതി തയ്യാറാക്കുന്നതിന് ലശ്കറിനെ ഉപയോഗിക്കേണ്ടതും ഹെഡ്‌ലിയുടെ ജോലിയായിരുന്നുവെന്നു കരുതാം.
സിഐഎയും എഫ്ബിഐയുമായി രഹസ്യധാരണയില്‍ പ്രവര്‍ത്തിക്കുന്ന ഐബിയിലും പോലിസിലുമുള്ള ഉദ്യോഗസ്ഥര്‍ ഹെഡ്‌ലിയുടെ പ്രവൃത്തികള്‍ മറച്ചുവയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തു. മുംബൈയിലും പുഷ്‌കറിലും അവരത് ഉത്തരവാദിത്തത്തോടെ തന്നെ നിറവേറ്റി.
8. ഹെഡ്‌ലിയുടെ ഭാര്യമാരും എഫ്ബിഐയോടുള്ള ഏറ്റുപറച്ചിലും.
ഹെഡ്‌ലിയുടെ കഥകള്‍ ഇന്ത്യന്‍-ആഗോള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി സിഐഎ-എഫ്ബിഐ ഏജന്റാണെന്നുള്ളത് സ്പഷ്ടമാണ്. ഹെഡ്‌ലിയുടെ ഭാര്യമാര്‍ എഫ്ബിഐക്ക് കൈമാറിയ വിവരങ്ങളെക്കുറിച്ച് സെബാസ്റ്റ്യന്‍ റോട്ടെല്ല പ്രോപബ്ലിക്കയിലൂടെ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം യുഎസ് സര്‍ക്കാരിനുവേണ്ടിയുള്ള രഹസ്യദൗത്യത്തിന്റെ ഭാഗമായി ലശ്കറുമായി ചേര്‍ന്ന് പരിശീലനം നടത്താന്‍ പദ്ധതിയിടുന്നതായി ഹെഡ്‌ലി സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ”എഫ്ബിഐയും ഡിഇഎയും പ്രവര്‍ത്തനം സംയുക്തമാക്കുകയാണ്. ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. എനിക്ക് എന്റെ രാജ്യത്തിനുവേണ്ടി എന്തെങ്കിലും പ്രവൃത്തിക്കേണ്ടതുണ്ട്” ഈ പ്രസ്താവനയില്‍ ഹെഡ്‌ലി ഉദ്ദേശിച്ച തന്റെ രാജ്യം യുഎസ്എ ആണോ അതോ ഇസ്രായേല്‍ ആണോ?
2008 ഏപ്രിലില്‍ ഹെഡ്‌ലി ഷിക്കാഗോയില്‍ എത്തുകയും തോക്കുധാരികള്‍ താജ് ഹോട്ടലിനു മുമ്പില്‍ ഇറങ്ങി ആക്രമണം നടത്താനുള്ള പദ്ധതി ആവിഷ്‌കരിച്ച കാര്യം തന്റെ കൂട്ടാളികളോട് പറയുകയും ചെയ്തിരുന്നു. ഇതെല്ലാം എഫ്ബിഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ മൊഴികളാണ്.
2007ല്‍, ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ്, പാകിസ്താനിലെ ഹെഡ്‌ലിയുടെ ഭാര്യ ഇസ്‌ലാമാബാദിലെ യുഎസ് എംബസിയിലെത്തുകയും ഭീകരബന്ധം തെളിയിക്കുന്ന കൃത്യമായ വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും രണ്ടു പ്രാവശ്യവും അവരെ എഫ്ബിഐ-സിഐഎ ഉദ്യോഗസ്ഥര്‍ ഓടിച്ചുവിടുകയായിരുന്നു ചെയ്തത്.
9. രഹസ്യവിവരങ്ങള്‍ വ്യക്തമല്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ പറയുന്നതു ശരിയായിരിക്കുമോ?
ഒരു സാധ്യതയുമില്ല. മയക്കുമരുന്ന് കടത്തിന് തടവുശിക്ഷ അനുഭവിച്ച ഹെഡ്‌ലിയെ 1998 മുതലേ ഡിഇഎ-എഫ്ബിഐ, സിഐഎ എന്നിവയ്ക്കു പരിചയമുണ്ട്. പിന്നീട് യുഎസിലെയും പാകിസ്താനിലെയും മയക്കുമരുന്നു ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിനല്‍കാന്‍ ഹെഡ്‌ലി ഡിഇഎ ഏജന്റാവുകയായിരുന്നു. വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തിനുശേഷം സിഐഎ-എഫ്ബിഐ ഹെഡ്‌ലിയെ ഏറ്റെടുത്തു.
ലശ്കര്‍ ബന്ധത്തെക്കുറിച്ച് ഭാര്യമാര്‍ വിവരങ്ങള്‍ നല്‍കിയ സാഹചര്യത്തില്‍ യുഎസ് ഇന്റലിജന്‍സ് ഹെഡ്‌ലിയുടെയും റാണയുടെയും മൊബൈല്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയും അവെര നിരീക്ഷിക്കുകയും ചെയ്തു. ഇവയെല്ലാം സാധാരണഗതിയിലുള്ള നടപടികളാണ്. ഇസ്രായേല്‍-യുഎസ് ചാരപ്രവൃത്തികള്‍ വര്‍ധിച്ചുവരുന്ന മേഖലകളാണ് ഇന്ത്യയും പാകിസ്താനും.
അവര്‍ക്ക് ഉടനെത്തന്നെ ഐഎസ്‌ഐയിലെയും മറ്റു ലശ്കറിന്റെ പ്രവര്‍ത്തകരുമായും ഇക്കാര്യത്തില്‍ സമ്പര്‍ക്കം പുലര്‍ത്താമായിരുന്നു. എന്നാല്‍, സിഐഎയും എഫ്ബിഐയും ഇതൊന്നും ചെയ്തില്ല. കാരണം, അവര്‍ ആഗ്രഹിച്ച ദൗത്യമാണ് ഹെഡ്‌ലി നടപ്പാക്കിയത്. 2004 വരെ ഹെഡ്‌ലി നിരീക്ഷണകാലത്തിലായിരുന്നു, 2001ലാണ് ഹെഡ്‌ലിയെ മോചിപ്പിക്കുന്നതും പാകിസ്താനിലേക്കു പോവാന്‍ അനുവദിക്കുന്നതും. രണ്ടു മാസത്തിനുള്ളില്‍ തന്നെ യുഎസ് അധികൃതരുടെ പൂര്‍ണ അറിവോടെ ലശ്കറിന്റെ കൂടെ ഹെഡ്‌ലി പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇവിടെ ഉദ്ദേശ്യം വ്യക്തമാണ്. മുംബൈ ആക്രമണം നടത്താനുള്ള വിശദമായ പദ്ധതി സിഐഎ-എഫ്ബിഐ എന്നിവയുടെ പൂര്‍ണ അറിവോടും പങ്കാളിത്തത്തോടും കൂടിയായിരുന്നു.
10. തന്ത്രപ്രധാനവും അമൂല്യവും രഹസ്യവുമായ ചാരസമ്പത്താണ് ഹെഡ്‌ലി.
ഹെഡ്‌ലിയെ സംരക്ഷിക്കാന്‍ സിഐഎയും എഫ്ബിഐയും അങ്ങേയറ്റംവരെ പോയി. ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറാന്‍ അവര്‍ വിസമ്മതിച്ചു. ഹെഡ്‌ലി വിലപിടിപ്പുള്ള ചാരനാണ്. വെള്ളക്കാരനാണെങ്കില്‍ തന്നെയും മുസ്‌ലിം-ജൂത ദമ്പതികള്‍ക്കു ജനിച്ചയാള്‍. ഇംഗ്ലീഷ്, ഉര്‍ദു, പാഴ്‌സി, പഷ്തു എന്നിവയറിയാം. കുറച്ച് അറബിയും വശമുണ്ട്. മയക്കുമരുന്ന് അധോലോകവുമായും മയക്കുമരുന്ന് ഭീകരശൃംഖലകളുമായും ഹെഡ്‌ലിക്ക് അടുത്ത ബന്ധമുണ്ട്. ഹെഡ്‌ലിയുടെ പിതാവിനെക്കുറിച്ച് മാധ്യമങ്ങള്‍ നിരവധി തവണ ചര്‍ച്ച നടത്തി. എന്നാല്‍, അത് ഹെഡ്‌ലിയുടെ മാതാവിലേക്കു വരുമ്പോള്‍, അവിടെ ശ്രദ്ധേയമായ ഒരു നിശ്ശബ്ദദത കാണുന്നുണ്ട്. വിക്കിപീഡിയ ഊന്നിപ്പറയുന്നത്, മാതാവ് ഒരു യഹൂദയായിട്ടും ഹെഡ്‌ലി ഒരു ക്രിസ്ത്യന്‍ പേര് സമ്പാദിച്ചു എന്നാണ്. ഒരു തകര്‍ന്ന കുടുംബത്തിലെ കുട്ടിയായിരുന്നു ഹെഡ്‌ലി. 16ാം വയസ്സില്‍ സെറില്‍ ഹെഡ്‌ലി (ജന്മം കൊണ്ട് ജൂതന്‍) അവനെ യുഎസിലേക്ക് കൊണ്ടുപോവുന്നു. സപ്തംബര്‍ 11 (വേള്‍ഡ് ട്രേഡ് സെന്റര്‍) ആക്രമണത്തിനുശേഷം ഹെഡ്‌ലി സിഐഎക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ അയാള്‍ തന്റെ ദാവൂദ് ഗിലാനി എന്ന പേര് മാറ്റി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നാക്കി. എന്നാല്‍, വിക്കിപീഡിയ അത് ക്രിസ്ത്യന്‍ പേരാണെന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. മറ്റൊരു ലക്ഷ്യം സാധ്യമാക്കുന്നതിനായിരിക്കാം ഇതു ചെയ്തത്.
സിഐഎയ്ക്കും എഫ്ബിഐയ്ക്കും വേണ്ടി രഹസ്യ ഏജന്റായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനാല്‍ ഗിലാനിക്ക് ഒരു പുതിയ പേര് വേണമായിരുന്നു എന്നുള്ളത് വ്യക്തമാണ്. എന്നാല്‍, ഹെഡ്‌ലി തിരഞ്ഞെടുത്തത് തന്റെ മാതാവിന്റെ യഹൂദ നാമമായിരുന്നു: കോള്‍മാന്‍. എപ്പോഴും ഒരു ജൂത പ്രാര്‍ഥനാപുസ്തകവുമായാണ് ഹെഡ്‌ലി യാത്ര ചെയ്യാറെന്ന് എല്ലാ റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

പരിഭാഷ: ഷിനില മാത്തോട്ടത്തില്‍ 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,398 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day