|    Dec 9 Fri, 2016 11:18 am

ആരാധക പിന്തുണയില്‍ ടീം സെമിയില്‍ എത്തുമെന്ന് ഹെങ്ബര്‍ട്ട്

Published : 2nd December 2016 | Posted By: SMR

കൊച്ചി: ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റിനെതിരേ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരതാരം സെഡ്രിക് ഹെങ്ബര്‍ട്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ടീം ആരാധകരുമായുള്ള മുഖാമുഖത്തിനിടെയാണ് ഫ്രഞ്ച് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മവിശ്വാസത്തോടെയാണ് കേരളം കളിക്കാനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
മല്‍സരദിവസത്തിനായി കാത്തിരിക്കുകയാണെന്ന് മലയാളിതാരം സി കെ വിനീത് പറഞ്ഞു. ഇനിയെത്ര ഗോളുകള്‍ നേടുമെന്ന ആരാധകന്റെ ചോദ്യത്തിന്, നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരത്തില്‍ ജയിച്ച് സെമി യോഗ്യത നേടുക എന്നതു മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമെന്നും വിനീത് പറഞ്ഞു. ഇഷ്ടഭക്ഷണം ഏതെന്ന ഒരു ആരാധികയുടെ ചോദ്യത്തിന് കേരള പ്രാതല്‍, സദ്യ എന്നായിരുന്നു പ്രതിരോധതാരം സന്ദേശ് ജിങ്കാന്റെ ആലോചനകളൊന്നുമില്ലാത്ത മറുപടി. ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോറ്റ ശേഷം ലീഗിലേക്ക് തിരിച്ചുവരാന്‍ ടീമിന് ഊര്‍ജമായത് ആരാധകരുടെ പിന്തുണയാണെന്നും ജിങ്കാന്‍ പറഞ്ഞു. ആരാധകരുടെ പിന്തുണയെക്കുറിച്ചാണ് പ്രഥിക് ചൗധരിയും വാചാലനായത്. മല്‍സരം ജയിച്ചാലും തോറ്റാലും ഒരേ പിന്തുണയാണ്  ആരാധകര്‍ നല്‍കുന്നത്. ഇതാണ് മറ്റ് ഫാന്‍സില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വ്യത്യസ്തരാക്കുന്നതെന്നും പ്രഥിക് പറഞ്ഞു.
34ാം വയസ്സിലും കളം നിറഞ്ഞു കളിക്കുന്ന മുഹമ്മദ് റാഫിയുടെ ഫിറ്റ്‌നസ് രഹസ്യത്തെക്കുറിച്ചായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ഒന്നുമില്ല, കഠിന പരിശീലനവും ഭക്ഷണനിയന്ത്രണവും- രണ്ടു വാക്കുകളില്‍ റാഫിയുടെ മറുപടിയെത്തി. ഫുട്‌ബോളിലേക്ക് എത്താനുണ്ടായ പ്രചോദനം ചേട്ടനാണെന്നും ചേട്ടനെ കണ്ടാണ് കളി തുടങ്ങിയതെന്നും റാഫി പറഞ്ഞു. ഫാന്‍സ് തന്നെയാണ് ടീമിന്റെ ശക്തി. നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരത്തില്‍ മുഴുവന്‍ ആരാധകരുടെ പിന്തുണ ഉണ്ടാവണമെന്നും റാഫി അഭ്യര്‍ഥിച്ചു.
സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്‌ന്റെ വാക്കുകളോടെയാണ് മുഖാമുഖം അവസാനിച്ചത്. എല്ലായ്‌പ്പോഴും സ്വപ്‌നങ്ങള്‍ കാണണമെന്നും അസാധ്യമായത് ഒന്നുമില്ലെന്നുമുള്ള ജെര്‍മെയ്‌ന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. മുന്‍നിരതാരം തോങ്കോസിം ഹോകിപും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day