|    Dec 7 Wed, 2016 6:01 pm
FLASH NEWS

ആന എഴുന്നള്ളത്തിന് 72 മണിക്കൂര്‍ മുമ്പ് അധികൃതരെ അറിയിക്കണം

Published : 17th November 2016 | Posted By: SMR

ആലപ്പുഴ: ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പായി ആഘോഷക്കമ്മറ്റി  ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ചറെയും പോലിസ് സ്റ്റേഷനിലും വിവരം അറിയിക്കണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ അവലോകനയോഗം കര്‍ശന നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ ഇതുവരെ 242 ഉല്‍സവങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ യോഗത്തെ അറിയിച്ചു.  കൂടാതെ ഉല്‍സവങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുമ്പോള്‍  പാലിക്കേണ്ട നിബന്ധനകളുടെ പ്രസക്ത ഭാഗങ്ങള്‍  പുസ്തക രൂപത്തിലാക്കി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കി. എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. മദപ്പാടുള്ളതും മദം ഒലിക്കുന്നതുമായ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതനോ ഗര്‍ഭിണിയോ ആയ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്റിനറി ഡോക്ടര്‍മാര്‍ ഇത് ശ്രദ്ധിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധമായും ആന  സ്‌ക്വാഡിലോ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനമോ ഉല്‍സവക്കമ്മിറ്റി ഉറപ്പു വരുത്തണം. അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പബ്ലിക് ലെയബിലിറ്റി ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉല്‍സവക്കമ്മറ്റി എടുക്കണം. കുട്ടിയാനകളെ  ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. പറ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. പറ എഴുന്നള്ളിപ്പ് കാലത്ത് ആറുമണി മുതല്‍ 11 മണി വരേയും വൈകീട്ട് മൂന്നു മണി മുതല്‍ ആറു മണിവരേയും മാത്രമേ നടത്താന്‍ പാടുള്ളു. ഉല്‍സവ എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ ഒന്നാം പാപ്പാന്‍ ആനയുടെ അടുത്തു തന്നെ ഉണ്ടായിരിക്കണം. നാട്ടാനകളുടെ ഡേറ്റാബുക്കിന്റെ അസ്സലും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോച്ചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (അനുവദിച്ചിട്ടുണ്ടെങ്കില്‍) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തെ കാലാവധിക്കുള്ളിലുള്ളത്) എന്നിവ ഉല്‍സവ സമയത്ത് പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് രണ്ട് ആഴ്ച കൂടുമ്പോള്‍ പുതുക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day