|    Dec 4 Sun, 2016 7:46 pm

ആദിവാസി കുടുംബത്തിന്റെ ഭൂമി ജപ്തി ചെയ്തു

Published : 31st October 2016 | Posted By: SMR

കാഞ്ഞങ്ങാട്: വീടിന്റെ അറ്റകുറ്റപ്പണി നടത്താനായി 20,000 രൂപ വായ്പ എടുത്ത ആദിവാസി കുടുംബത്തിന്റെ എട്ട് ലക്ഷം രൂപയുടെ ഭൂമി ജപ്തി ചെയ്തു. നീലേശ്വരം കരിന്തളം മീര്‍ക്കാനത്തെ വലിയവീട്ടില്‍ രാജന്റെ 25 സെന്റ് സ്ഥലവും കിടപ്പാടവുമാണ് ജപ്തി ചെയ്തത്. വീടിന്റെ അറ്റകുറ്റപ്പണിക്കായി 2002ല്‍ ജില്ലാ ഹൗസിങ് സഹകരണ സംഘത്തിന്റെ നീലേശ്വരം ശാഖയില്‍ നിന്നു 20,000 രൂപ വായ്പ എടുത്തിരുന്നു. രണ്ട് തവണയായി 8,410 രൂപ അടച്ചിരുന്നു. പിന്നീട് കുടുംബപ്രാരബ്ധം കാരണം തുക തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ല. മുതലും പലിശയുമായി 75,313 രൂപ തിരിച്ചടക്കണമെന്ന് കാണിച്ച് ഹൗസിങ് സൊസൈറ്റി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയില്ലാത്തതിനെ തുടര്‍ന്ന് വീടും പറമ്പും ലേലംചെയ്തു വില്‍ക്കുകയായിരുന്നു. ബാങ്കിന് ലഭിക്കാനുള്ള 75,313 രൂപയ്ക്കാണ് വീടും സ്ഥലവും ഒരു സ്ത്രീ ലേലം കൊണ്ടത്. മീര്‍ക്കാനത്തും പരിസരത്തും ഒരു സെന്റ് ഭൂമിക്ക് 40,000 രൂപ മുതല്‍ 60,000 രൂപ വരെ വിലയുള്ളപ്പോഴാണ് തുച്ഛമായ തുകയ്ക്ക് ആദിവാസി കുടുംബത്തിന്റെ ഭൂമി ലേലം കൊണ്ടത്. സാധാരണ ഗതിയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലേലം വിളിച്ചാല്‍ അധികം പണം ലഭിച്ചുകഴിഞ്ഞാല്‍ അത് ഇടപാടുകാരന് തിരികെ നല്‍കാറുണ്ട്. ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുന്നിന് കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ് വീടിന്റെ അറ്റകുറ്റപ്പണിക്ക് വായ്പ എടുത്ത ഒരു കുടുംബം പെരുവഴിയിലായത്.

അധികൃതര്‍ക്കെതിരേ നടപടി വേണം: ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട്ട് ആദിവാസി കുടുംബത്തിന്റെ വീടും സ്ഥലവും പിടിച്ചെടുത്ത് തുച്ഛവിലയ്ക്ക് ലേലം ചെയ്ത കാസര്‍കോട് ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റി അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പട്ടിക ജാതി- പട്ടിക വര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന് നല്‍കിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത്. നീലേശ്വരം മീര്‍കാനത്ത് വലിയ വീട്ടില്‍ രാജന്റെ കുടുംബത്തെയാണ് സഹകരണ ഹൗസിങ് സൊസൈറ്റി സ്ഥലം ജപ്തി ചെയ്ത് വഴിയാധാരമാക്കിയത്. സെന്റിന് നല്ല വിലയുള്ള ഭൂമി വെറും മൂവായിരത്തിന് സൊസൈറ്റി ലേലം ചെയ്തു  എന്നാണ് പുറത്തുവരുന്ന വിവരം. 2002ല്‍ 20,000 രൂപ വായ്പയെടുത്ത രാജന്‍ 8410 രൂപ തിരിച്ചടച്ചിരുന്നു. എന്നിട്ടും സഹകരണ ബാങ്ക് അധികൃതര്‍ രാജന്റെ 25 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലേലംചെയ്ത് പലിശയടക്കം ബാങ്കിന് കിട്ടേണ്ട 77913 രൂപ ഈടാക്കുകയായിരുന്നു. ഈ കുടുംബം ഇപ്പോള്‍ വഴിയാധാരമാണ്.  ഇതു ഭൂമിതട്ടിപ്പായി കണ്ട് ഇതിന് ഉത്തരവാദികളായവര്‍ക്കതെിരേ ഭൂമി തട്ടിപ്പിനും ആദിവാസി പീഡനത്തിനും കേസെടുക്കണമെന്നും നിരാലംബ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day