|    Dec 6 Tue, 2016 12:03 am
FLASH NEWS

ആദിവാസികള്‍ക്ക് താല്‍ക്കാലിക ജോലി; മന്ത്രി ബാലനെ തിരുത്തി മുഖ്യമന്ത്രി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ആദിവാസി വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികമായ സര്‍ക്കാര്‍ ജോലി നല്‍കി പിഎസ്‌സി വഴി സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച മന്ത്രി എകെ ബാലനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിയിലാണ് ബാലന്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, അടുത്തിരുന്ന മുഖ്യമന്ത്രി ഉടനെയെഴുന്നേറ്റ് ബാലന്റെ പ്രഖ്യാപനം തള്ളി. ബിരുദധാരികളും പ്രഫഷനല്‍ യോഗ്യതയുള്ളവരുമായ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നായിരുന്നു ബാലന്റെ പ്രഖ്യാപനം. ഇതിന്റെ ആദ്യപടിയായി വയനാട് ജില്ലയിലെ 241 സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതിപ്രകാരം 244 ടിടിസി, ബിഎഡ് ബിരുദധാരികളെ താല്‍ക്കാലിക അധ്യാപകരായി നിയമിക്കും. പിന്നീട് ഈ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ പിഎസ്‌സിയോട് നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി കേരളത്തില്‍ നിയമന വ്യവസ്ഥകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ തിരുത്തലില്‍ ഒരുനിമിഷം പരിഭ്രമിച്ചുപോയ ബാലന്‍, കരാര്‍ നിയമനത്തിന്റെ കാര്യമാണ് താന്‍ പറഞ്ഞതെന്ന് തിരുത്തി. എയ്ഡഡ് മേഖലകളില്‍ പട്ടികവിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. എസ്‌സി- എസ്ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കുന്നതിലും സംവരണ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും ഉദ്യോഗസ്ഥതലത്തില്‍ വലിയ വീഴ്ചയുണ്ടാവുന്നുണ്ട്. ഇതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്തുകൊണ്ടുവരാനായി നിയമനിര്‍മാണം നടത്തുമെന്നും ബാലന്‍ പറഞ്ഞു. അനധികൃതഭൂമി കണ്ടെത്താനുള്ള പരിശോധന റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day