|    Dec 6 Tue, 2016 11:32 am
FLASH NEWS

ആദിവാസികളുടെ വായ്പ എഴുതിത്തള്ളിയതില്‍ അഴിമതി; തുക തിരിച്ചുപിടിച്ച് അര്‍ഹര്‍ക്ക് നല്‍കണം: എസ്ഡിപിഐ

Published : 8th November 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസികളുടെ വായ്പ എഴുതിത്തള്ളിയതിന്റെ മറവില്‍ ബന്ധുക്കള്‍ക്കും പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിനുമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെന്ന ആരോപണം അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോപണം തെളിഞ്ഞാല്‍ അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റിയവരില്‍ നിന്നു തുക തിരിച്ചുപിടിച്ച് അര്‍ഹര്‍ക്ക് വിതരണം ചെയ്യണം. ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം മുന്‍ മന്ത്രി പി കെ ജയലക്ഷ്മി ബന്ധുക്കള്‍ക്കും പേഴ്‌സനല്‍ സ്റ്റാഫിനും വിതരണം ചെയ്തുവെന്ന ആരോപണം അത്യന്തം ഗൗരവമേറിയതാണ്. ആദിവാസികള്‍ക്കായി അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ ചെലഴിക്കുന്നതിലും പദ്ധതികളുടെ നടത്തിപ്പിലും വ്യാപകമായ അഴിമതി നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മുന്‍ മന്ത്രി തന്നെ അഴിമതി നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കോടികള്‍ അനുവദിച്ചിട്ടും ആദിവാസി വിഭാഗങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണ്. ഈ സാഹചര്യത്തില്‍ വായ്പാ ആനുകൂല്യം സ്വന്തക്കാര്‍ക്ക് മാത്രമായി വിനിയോഗിച്ചെന്ന പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ ഹംസ, ടി പോക്കര്‍, അഡ്വ. കെ എ അയ്യൂബ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day