|    Dec 4 Sun, 2016 9:22 am
FLASH NEWS

ആദിവാസികളുടെ കാര്‍ഷിക പൈതൃകം വീണ്ടെടുക്കും; ചിന്നാര്‍ തായണ്ണന്‍കുടിയില്‍ പുനര്‍ജീവനം പദ്ധതി

Published : 1st December 2016 | Posted By: SMR

മറയൂര്‍: ആദിവാസികളുടെ കാര്‍ഷിക പൈതൃകം വീണ്ടെടുക്കാന്‍ വനം വകുപ്പ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തായണ്ണന്‍കുടിയില്‍ ‘പുനര്‍ജീവനം’ പദ്ധതി ഒരുക്കുന്നു. ആദിവാസികള്‍ മുന്‍കാലങ്ങളില്‍ കൃഷി ചെയ്തിരുന്നതും എന്നാല്‍ ഇന്നീ തലമുറയ്ക്ക് അറിയാത്തതും പ്രചാരത്തിലില്ലാത്തതുമായ വിത്തിനങ്ങള്‍ കണ്ടെത്തി ആദിവാസികളുടെ തനതായ രീതിയില്‍ കൃഷിചെയ്ത് അവ വീണ്ടും പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് പുനര്‍ജീവനത്തിന്റെ ലക്ഷ്യം.മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ മുതുവാന്മാര്‍ ഒരുകാലത്ത് വിളയിച്ചത് 15ഓളം തരം റാഗികളായിരുന്നു. പച്ചമുട്ടി, കരിമുട്ടി, സിരുകേപ്പ, നീലക്കണ്ണി, കമ്പിളി, വിരലുകൊളുത്തി, പുത്തലസി, പൂവന്‍ റാഗി, പാലക്കിണി, പൊങ്ങ്, റൊട്ടി, മീങ്കണ്ണി, കരിംകണ്ണി, തൊങ്ങല്‍, മട്ടക്കാവ ഇവയെല്ലാം വേര്‍തിരിവില്ലാതെ മുതുവാന്മാരുടെ കൃഷിയിടത്തില്‍ കതിരിട്ടുനിന്നു. ഇന്നത് പച്ചമുട്ടിയിലേക്കും പേരിനുമാത്രം പൂവന്‍ റാഗിയിലേക്കും വിരലുകൊളുത്തിയില്‌ക്കേും ചുരുങ്ങിയിരിക്കുന്നു. ഇവിടെ നിന്നാണ് മൂന്നാര്‍ ആനമുടി വനവികസന ഏജന്‍സി പുനര്‍ജീവനത്തിന്റെ ചെറുവിത്തുകള്‍ ചിന്നാര്‍ വനത്തിനുള്ളില്‍ ചിന്നാര്‍ നദീ തീരത്ത് തമിഴ്‌നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ട്മലയ്ക്കും വെള്ളക്കള്‍ മലയ്ക്കും ഇടയിലുള്ള തായണ്ണന്‍ കുടിയിലെ 14 സെന്റ് സ്ഥലത്ത് വിതച്ചത്.ആദിവാസികളുടെ തനതു പച്ചക്കറിയായ ബീന്‍സ്, അമര, ചീര, ചോളം, മത്തന്‍ അങ്ങനെ വേറെ വിത്തിനങ്ങളും ശേഖരിച്ച് ഇതോടൊപ്പം കൃഷിചെയ്തു. അന്യംനിന്നുപോയ റാഗി ഇനങ്ങള്‍ മഴനിഴല്‍ ഭൂമിയില്‍ വിതച്ച് വിളവെടുക്കാറായ സമയത്ത് അഞ്ചുനാട്ടിലെ (മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, കോട്ടക്കുടി) മുതുവാ കുടികളിലെ കാണികളെ തായണ്ണന്‍ കുടിയില്‍ എത്തിച്ച് പുനര്‍ജീവനത്തിന്റെ വിള നിലം കാണിച്ചുകൊടുത്തു. പുനര്‍ജീവനം പരിപാടി ആദിവാസികളുടെ ശീലം തിരികെയെത്തിക്കുവാന്‍ വളരെയേറെ സഹായിക്കുമെന്നും വിളവെടുത്ത വിത്തുകള്‍ മറ്റു കോളനികളിലേക്ക് വ്യാപിപ്പിക്കുമെന്നും ഇതിന് കൃഷിവകുപ്പിന്റെ സഹായം തേടുമെന്നും പുനര്‍ജീവനത്തിന്റെ അമരക്കാരായ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദും ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭുവും പറഞ്ഞു.ചിന്നാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി റെജികുമാര്‍, ബയോളജിസ്റ്റ് ഹരി, സോഷ്യല്‍ വര്‍ക്കര്‍ ധനുഷ്‌കോടി എന്നിവര്‍ ഈ കൂട്ടായ്മയില്‍ ഇവരോടൊപ്പമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day