|    Oct 28 Fri, 2016 12:00 pm
FLASH NEWS

ആത്മീയ ധന്യതയുടെ റമദാന്‍

Published : 7th June 2016 | Posted By: sdq

ramadan kareem

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍

kanthapuramവിശുദ്ധ മാസമായ റമദാന്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് ആത്മീയധന്യതയുടെ കാലമാണ്. സഹജീവികളോട് കരുണകാണിക്കാനുള്ള പുണ്യകാലം. പാവപ്പെട്ടവരുടെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ തണല്‍വിരിക്കാനാണ് റമദാന്‍ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാല്‍ കഷ്ടപ്പെടുന്നവരെ കൂടുതല്‍ സഹായിക്കണമെന്നാണ് കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. ശരീരവും മനസ്സും ശുദ്ധീകരിച്ച് ആരാധനാധന്യമായ ജീവിതം നയിക്കുമ്പോഴാണ് റമദാന്‍ ജീവിതം സാര്‍ഥകമാവുന്നത്. മുസ്‌ലിംകള്‍ക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. അകലങ്ങളില്‍ കഴിയുന്ന മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്. പരസ്പരം ആക്രമിക്കുന്നവരും അന്യരുടെ അഭിമാനം കൈയേറുന്നവരുമായി നാം മാറിക്കഴിഞ്ഞു. കലുഷമായ മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കാനുള്ളതാണ് നോമ്പുകാലം. പരസ്പരം സ്‌നേഹിക്കുകയും സൗഹാര്‍ദം കാത്തുസൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസം പൂര്‍ണമാവുന്നത്.

കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞു: ”ഇതാ, നിങ്ങള്‍ക്ക് റമദാന്‍ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാന്‍ പോവുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങള്‍ പൊഴിഞ്ഞുവീഴുന്നു. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ കിടമല്‍സരം അല്ലാഹു നോക്കിക്കാണുന്നു. അവന്‍ നിങ്ങളെ മുന്‍നിര്‍ത്തി മലാഇകതിനോട് അഭിമാനം പങ്കുവയ്ക്കുന്നതാണ്.” നാഥന്റെ കാരുണ്യം മണ്ണില്‍ പെയ്തിറങ്ങുന്ന മാസമാണിത്. പുണ്യകര്‍മങ്ങള്‍ ചെയ്യാനുള്ള കര്‍ത്തവ്യബോധത്തോടെ ജീവിക്കുമ്പോള്‍ റമദാന്‍മാസത്തില്‍ ആരാധനാധന്യമായ ജീവിതം നയിക്കാന്‍ കഴിയും. നമുക്കു ചുറ്റും ജീവിക്കുന്നവരോട് കരുണ ചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും വേണം. പിശാചിനെ തടവിലാക്കുന്ന ഈ വിശുദ്ധ ദിനരാത്രങ്ങള്‍ ദരിദ്രരെ സഹായിക്കാനുള്ളതാണ്. മുന്‍കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുത്തു തരാന്‍ പ്രാര്‍ഥിക്കുക. അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന റമദാനില്‍ അവന്‍ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കും. മനസ്സിനുള്ളിലെ നീറുന്ന വിഷയങ്ങള്‍ നാഥനോട് തുറന്നുപറയുക.
പരസ്പരം സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്ക് പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ് റമദാന്‍. കുടുംബ ബന്ധം ചേര്‍ക്കാനും എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. പരസ്പരം മറന്നും പൊറുത്തും സ്‌നേഹിക്കാന്‍ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികള്‍ ഒന്നൊന്നായി തുറക്കപ്പെടും. റമദാന്‍ നല്‍കുന്ന മഹത്തായ സാമൂഹിക പാഠം തന്നെ സ്‌നേഹസമൂഹം സുരക്ഷിതസമൂഹമെന്നതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
പ്രവാചകന്‍ എന്നും ഇല്ലാത്തവന്റെ കൂടെയായിരുന്നു. അധ്വാനിക്കുന്നവര്‍ക്ക് അവരുടെ വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൂലി നല്‍കണമെന്ന് പ്രവാചകന്‍ പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രവാചകന്‍ ബഹുമാനിച്ചു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷിക്കുന്നവന്‍ വിശ്വാസിയല്ല എന്നും അവിടുന്ന് ഉണര്‍ത്തി. കൂടുതല്‍ നല്ല മനുഷ്യരാവാനുള്ള സാഹചര്യമാണ് ഓരോ വ്രതകാലവും മനുഷ്യര്‍ക്കായി ഒരുക്കുന്നത്.
നാട്ടിന്‍പുറങ്ങളിലെ ഇഫ്താര്‍ വിരുന്നുകള്‍ സൗഹാര്‍ദവേദികളാവണം. നാഥന്റെ കാരുണ്യം ഭൂമിയിലിറങ്ങുന്ന ഈ പുണ്യമാസത്തില്‍ മനുഷ്യര്‍ പരസ്പരം കരുണ ചെയ്തു ജീവിക്കണം. അപ്പോഴാണ് റമദാന്‍ ജീവിതം സാര്‍ഥകമാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 417 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day