|    Oct 27 Thu, 2016 8:41 am
FLASH NEWS

ആതിരപ്പിള്ളി: ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി

Published : 2nd June 2016 | Posted By: SMR

തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് ഉണ്ടായ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദത്തിന് ആഗ്രഹിക്കുന്നില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്രകൃതി സംരക്ഷണവും വികസനവും തമ്മിലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതെല്ലാം അഭിപ്രായ ഭിന്നതയായി വ്യാഖ്യാനിക്കേണ്ടതില്ല. മന്ത്രിയായിട്ട് ഏതാനും ദിവസമേ ആയുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടും താന്‍ വിവാദത്തിനില്ലെന്നും മന്ത്രി പറഞ്ഞു.
ഹോര്‍ട്ടികോര്‍പില്‍ നടന്ന എല്ലാ അഴിമതിയും അന്വേഷിക്കുമെന്നും 650ഓളം ജീവനക്കാരില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 400 പേരെ പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇവരെ അനധികൃതമായി നിയമിച്ചതെന്നാണ് മനസ്സിലാക്കുന്നത്. 2012 മുതല്‍ പ്രകൃതിക്ഷോഭത്തിന് ഇരയായി നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ കുടിശ്ശിക ഉടന്‍ നല്‍കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ ചട്ടങ്ങള്‍ പരിശോധിക്കാന്‍ നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. സമഗ്രമായ കാര്‍ഷിക നയത്തിന് രൂപം നല്‍കും. മുടങ്ങിക്കിടക്കുന്ന ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ പുനരാരംഭിക്കും. നിലവില്‍ നെല്‍കൃഷി ചെയ്തുവരുന്ന ഒരിഞ്ച് ഭൂമി പോലും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ നിയമം കര്‍ശനമാക്കും. നെല്‍കൃഷി മേഖലയിലെ തരിശുനിലങ്ങള്‍ കൃഷിഭവനുകളെ ഉപയോഗിച്ച് കണ്ടെത്തും. സാറ്റലൈറ്റ് സര്‍വെ നടത്തി ഡാറ്റ ശേഖരിക്കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൃഷി, റവന്യൂ, തദ്ദേശ, ജലവിഭവ മന്ത്രിമാരുടെ യോഗം നാളെ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികളും അഴിമതിയും അന്വേഷിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പച്ചക്കറികളില്‍ കീടനാശിനി മാരകമായ തോതില്‍ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉല്‍പാദന കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും പരശോധന കര്‍ശനമാക്കും. പച്ചക്കറി, നെല്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ഉണ്ടാവേണ്ടത് ആവശ്യമാണ്. വികസനവും പ്രകൃതിയും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. ചര്‍ച്ചകള്‍ പുരോഗമനകരമാവണമെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day