|    Dec 10 Sat, 2016 12:48 am
FLASH NEWS

അസാധുവായ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാം

Published : 15th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഈ മാസം 24 വരെ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. റദ്ദാക്കിയ പഴയ നോട്ടുകള്‍ നവംബര്‍ 14 വരെ ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി എന്നിവിടങ്ങളിലും 24 വരെ നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പിന്‍വലിച്ച പഴയ നോട്ടുകള്‍ സ്വീകരിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭയിലെ പ്രധാന അംഗങ്ങളും ധനകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു, കേന്ദ്ര ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍, കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
എടിഎമ്മുകളില്‍ നിന്ന് ഒരേസമയം 2500 രൂപ പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍, ഈ സൗകര്യം പുനക്രമീകരിച്ച എടിഎമ്മുകളില്‍ മാത്രമേ ലഭ്യമാവൂ.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം പിന്‍വലിക്കാവുന്ന മൈക്രോ എടിഎം മെഷീനുകള്‍ സ്ഥാപിക്കും. രാജ്യത്തെ എടിഎമ്മുകളുടെ പുനക്രമീകരണ പ്രക്രിയ വേഗത്തിലാക്കാന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ തലവനായ ഒരു പ്രത്യേക ദൗത്യസംഘം രൂപീകരിക്കും. 2,20,000 എടിഎമ്മുകള്‍ ഈ സംഘം പുനക്രമീകരിക്കും. എടിഎമ്മുകളുടെ പുനക്രമീകരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടു മുതല്‍ മൂന്നാഴ്ച വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. പുതിയ 500, 2000 രൂപ നോട്ടുകള്‍ പുനക്രമീകരിച്ച എടിഎമ്മുകളില്‍ ഇന്നു മുതല്‍ ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പോസ്റ്റ് ഓഫിസുകള്‍ വഴി കൂടുതല്‍ പണം മാറ്റിനല്‍കും. 1.3 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം മാറ്റിനല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് അവകാശപ്പെട്ടു.
കോര്‍പറേറ്റുകള്‍ക്കും കറന്റ് അക്കൗണ്ടുകളില്‍നിന്നും ഒരാഴ്ച ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന സംഖ്യ 50,000 രൂപയാക്കി ഉയര്‍ത്തി. മൂന്നുമാസത്തിലധികം സജീവമായുള്ള കറന്റ് അക്കൗണ്ടുകള്‍ക്കേ ഈ സൗകര്യം ലഭിക്കൂ. ബാങ്കിങ് കറസ്‌പോണ്ടന്റുകള്‍ക്ക് ഒരു ദിവസം ഒന്നിലധികം പ്രാവശ്യം പിന്‍വലിക്കാവുന്ന സംഖ്യയും 50,000 ആക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day