|    Oct 28 Fri, 2016 11:53 am
FLASH NEWS

അശ്വതിക്ക്നീതികിട്ടണം

Published : 24th June 2016 | Posted By: mi.ptk

കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി റാഗിങിന് വിധേയയായി ഗുരുതരാവസ്ഥയിലായ സംഭവം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവരെ ഞെട്ടിക്കുന്നതാണ്. സീനിയര്‍ വിദ്യാര്‍ഥിനികളുടെ ക്രൂരവിനോദത്തിനിരയായ അശ്വതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ദിവസങ്ങളോളം നീണ്ടുനിന്ന പീഡനത്തെക്കുറിച്ചാണ് കുട്ടി വെളിപ്പെടുത്തുന്നത്. കക്കൂസ് വൃത്തിയാക്കുന്ന ദ്രാവകം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചെന്നാണ് അശ്വതിയും വീട്ടുകാരും പരാതിപ്പെടുന്നത്. സംഭവം നടന്ന് ഒരുമാസത്തിനുശേഷം മനുഷ്യാവകാശപ്രവര്‍ത്തകന്‍ ബന്ധപ്പെട്ട് പരാതി എഴുതിവാങ്ങിയതോടെയാണ് ഈ ക്രൂരത പുറംലോകമറിയുന്നത്. മലയാളികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ഥിനികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. നിര്‍ധന കുടുംബാംഗമായ അശ്വതി ബാങ്കില്‍നിന്നു വിദ്യാഭ്യാസവായ്പയെടുത്ത് അഞ്ചുമാസം മുമ്പാണ് ഈ സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. മകളുടെ പഠനവും പുരോഗതിയും പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബം ആ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുടെ മുള്‍മുനയിലാണ്. സ്വകാര്യ സ്വാശ്രയ പ്രഫഷനല്‍ കോളജുകളില്‍നിന്ന് ഇതാദ്യമായല്ല റാഗിങ് സംബന്ധമായ പരാതി ഉയരുന്നത്. റാഗിങിനിരയായി കൊല്ലപ്പെട്ടവരുണ്ട്. പലരും ആത്മഹത്യയില്‍ അഭയംതേടി. അതിലും എത്രയോ അധികം പേരാണ് പഠനം ഉപേക്ഷിക്കുന്നത്. പക്ഷേ, റാഗിങ് കേസുകള്‍ സംബന്ധമായ തുടര്‍വിവരങ്ങളൊന്നും പുറത്തുവരാറില്ല. കേസുകള്‍ എത്രമാത്രം ശിക്ഷിക്കപ്പെടുന്നുവെന്നും വ്യക്തമല്ല.ഈ സംഭവത്തില്‍ സാധാരണ റാഗിങ് പീഡനങ്ങളില്‍നിന്നു വ്യത്യസ്തമായ മറ്റു വശങ്ങള്‍ കൂടി കാണാതിരുന്നുകൂടാ. പുരുഷപീഡനങ്ങളില്‍നിന്നു സ്ത്രീസുരക്ഷയ്ക്കുവേണ്ടി ശക്തമായ വാദങ്ങളുയരുന്ന നാട്ടില്‍ സഹപാഠിനികളായ യുവതികളാണ് അശ്വതിക്കു നേരെ അക്രമം നടത്തിയത്. ഈ ക്രൂരത നടപ്പാക്കിയതും ആസ്വദിച്ചതും മലയാളി പെണ്‍കുട്ടികളാണ് എന്നത് മലയാളി സംസ്‌കാരത്തെക്കുറിച്ച് സ്ഥിരമായി സംസാരിക്കാറുള്ള നമ്മെ ലജ്ജിപ്പിക്കുന്നു. കറുത്തവള്‍ എന്ന നിലയിലുള്ള അധിക്ഷേപം ഉയര്‍ത്തുന്ന വെളുത്തവര്‍ കൊണ്ടുനടക്കുന്ന മനസ്സിന്റെ നിറത്തെക്കുറിച്ചും വിസ്മരിക്കാനാവില്ല. സഹജീവിയോട് ഇത്തിരി കാരുണ്യമില്ലാത്ത ഇവരാണല്ലോ നാളെ നാടിന്റെ ചികില്‍സാരംഗത്ത്് ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി സേവനമര്‍പ്പിക്കാന്‍ വരുന്നത് എന്നത് ഇത്തിരി ഭീതിയോടെയല്ലാതെ ഓര്‍ക്കാനാവില്ല.  നിയമങ്ങളുടെ അഭാവമല്ല റാഗിങ് വ്യാപകമാവുന്നതിനു കാരണമാവുന്നത്. നിയമം നടപ്പാക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവമാണ്. അശ്വതി ഗുരുതര നിലയിലായ സംഭവത്തില്‍ തന്നെ കുട്ടി ആത്മഹത്യക്കു ശ്രമിച്ചതാണെന്ന് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നു.പെട്ടെന്ന് സുഖംപ്രാപിച്ച് ആശുപത്രി വിടാന്‍ അശ്വതിക്ക് സാധിക്കട്ടെ. ദലിത് കുടുംബാംഗമായ ഈ പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് നഴ്‌സിങ് പഠനം തുടരുന്നതിന് സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. അതിക്രമം കാണിച്ചവരെയും അവര്‍ക്ക് സംരക്ഷണമൊരുക്കിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കുന്നതിന് കേരള-കര്‍ണാടക സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day