|    Dec 8 Thu, 2016 11:29 am

അവശനിലയില്‍ കാടിനുള്ളില്‍ കഴിഞ്ഞയാളെ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു

Published : 19th November 2016 | Posted By: SMR

അടൂര്‍: ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് ഭക്ഷണവും ചികില്‍സയും ഇല്ലാതെ അവശനിലയില്‍ കാടുപിടിച്ച സ്ഥലത്ത് കീറച്ചാക്കാല്‍ നഗ്നത മറച്ച് കഴിഞ്ഞിരുന്നയാളെ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. മണക്കയം കുമരംകുന്ന് ഓലിക്കല്‍ പടിയില്‍ കാഞ്ഞിക്കല്‍ അനിയന്‍കുഞ്ഞ് എന്ന പൗലോസി(55)നെയാണ് മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ പൗലോസ് ഏറെ നാളായി ഒറ്റപ്പെട്ട് കഴിഞ്ഞ് വരികയായിരുന്നു. സഹായിക്കാനെത്തുന്നവരെ ഇയാള്‍ ഭയത്തോടെ വീക്ഷിക്കുന്നതിനാല്‍ ആട്ടി ഓടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. കക്കാട്ടാറിലേക്കുള്ള കുളിക്കടവില്‍ പിതൃസ്വത്തായി ലഭിച്ച ഭൂമിയിലെ കുടിലിനുള്ളിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സിഇഒ ടി ഡി മുരളീധരന്‍, ആരോഗ്യ പരിപാലന വിഭാഗം പ്രവര്‍ത്തകരായ അനു എ നായര്‍, ബിനു ആര്‍, ബിജി ബാബു എന്നിവരെത്തിയാണ് പൗലോസിനെ ഏറ്റെടുത്തത്. ജനസേവനകേന്ദ്രം പ്രവര്‍ത്തകര്‍ അടുത്തെത്തിയപ്പോള്‍ ഇയാള്‍ അക്രമാസക്തനായെങ്കിലും കേന്ദ്രം പ്രവര്‍ത്തകരുടെ പരിചിതമായ ഇടപെടലിനു മുമ്പില്‍ പൗലോസ് സ്വയം വിധേയനാവുകയായിരുന്നു. ദേഹമാസകലം മലമൂത്ര വിസര്‍ജനങ്ങളാല്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്ന പൗലോസ് തുടര്‍ന്ന് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ ആറ്റില്‍ നിന്നു വെള്ളം എടുത്ത് കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രം ധരിപ്പിച്ച് റോഡിലെത്തിച്ചു. അടൂരില്‍ നിന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രവികല എബി, വൈസ് പ്രസിഡന്റ് രാജു വട്ടമല, വാര്‍ഡ് മെംബര്‍മാരായ ടി കെ സജി, നിതിന്‍ കിഷോര്‍, ചിറ്റാര്‍ പോലിസ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഏറ്റെടുപ്പ്. ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസര്‍ ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റടുക്കുന്നതിനായി മഹാത്മ ജനസേവനകേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day