|    Oct 28 Fri, 2016 9:35 pm
FLASH NEWS

അവയവദാനം: മാത്യു അച്ചാടനോട് ശ്രീനിവാസന്‍ മാപ്പു പറഞ്ഞു

Published : 6th October 2016 | Posted By: SMR

കൊച്ചി: അവയവദാന വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ശ്രീനിവാസന്‍ മാത്യു അച്ചാടനോട് മാപ്പു പറഞ്ഞു. മാത്യു അച്ചാടന്റെ ഹൃദയം വേദനിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന പരാമര്‍ശം നടത്തിയത്. അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. വിദഗ്ധരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
അവയവദാനവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കഴിഞ്ഞദിവസമാണ് മാത്യു അച്ചാടന്‍ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ശ്രീനിവാസന് മറുപടി നല്‍കിയത്.
പ്രിയ ശ്രീനിവാസന്‍, അവയവദാനമെന്ന ഏറ്റവും മഹത്തായ പുണ്യപ്രവൃത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നതെന്നു പറഞ്ഞുകൊണ്ടാണ് മാത്യു അച്ചാടന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കിനോക്കണമെന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍. 15 മാസം മുമ്പ് നടക്കാനോ നില്‍ക്കാനോ കഴിയാതെ ഏതുനിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഞാ ന്‍ ഇപ്പോള്‍ നിങ്ങളില്‍ ഓരോരുത്തരെയും പോലെ സാധാരണജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നു.
അവയവദാനത്തിന് വലിയ പ്രാധാന്യവും പ്രോല്‍സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലെ പൊതുജനസ്വീകാര്യനായ ഒരാള്‍ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരെയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിക്കുന്ന എന്നെപ്പോലുള്ളവരെയും അത് ഏറെ സങ്കടപ്പെടുത്തും. ഒരു നടന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും താങ്കളെ ഏറെ ബഹുമാനിക്കുന്ന ഞങ്ങള്‍ മലയാളികള്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക.
കാര്യങ്ങള്‍ അന്വേഷിച്ചും പഠിച്ചും മനസ്സിലാക്കിയും പൊതുവേദികളില്‍ അവതരിപ്പിക്കണമെന്ന് താങ്കളെപ്പോലുള്ള ഒരാളോട് പറയേണ്ടിവരുന്നതില്‍ എനിക്കു ഖേദമുണ്ട്.
മരണത്തിന് മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും അവന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസ്സുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേയെന്നും മാത്യു അച്ചാടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനിവാസനോട് അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day