|    Dec 6 Tue, 2016 9:29 pm
FLASH NEWS

അഴിമതി ആരോപണങ്ങളില്‍ മാണിക്ക് വിജിലന്‍സ് ശുദ്ധിപത്രം

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്എഫ്ഇ നിയമനം, കേരളാ കോണ്‍ഗ്രസ് സുവര്‍ണജൂബിലിയുടെ ഭാഗമായി നടത്തിയ സമൂഹവിവാഹം, ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം എന്നിവയില്‍ മുന്‍മന്ത്രി കെഎം മാണി കോടികളുടെ അഴിമതി നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപോര്‍ട്ട്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡിവൈഎസ്പി നജ്മുല്‍ ഹസ്സനാണ് ജഡ്ജി എ ബദറുദ്ദീന്‍ മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസ് നല്‍കിയ പരാതിയിലാണു ത്വരിതാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. മുമ്പ് രണ്ടുതവണ സമയം നീട്ടി അനുവദിച്ച കോടതി ഇന്നലെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. റിപോര്‍ട്ട് സ്വീകരിച്ച കോടതി ഹരജിക്കാരനോട് എതിര്‍ സത്യവാങ്മൂലം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിജിലന്‍സ് റിപോര്‍ട്ട് പരിശോധിച്ച ശേഷം എതിര്‍സത്യവാങ്മൂലം നല്‍കുമെന്നു പരാതിക്കാരനായ പായ്ച്ചിറ നവാസ് അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം) സുവര്‍ണജൂബിലിയുടെ ഭാഗമായി 150 പേരുടെ സമൂഹവിവാഹം നടത്തിയിരുന്നു. ഇതിനു നാലുകോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. സുവര്‍ണജൂബിലി ആഘോഷങ്ങളുടെ പ്രചാരണത്തിനായി ഒരു കോടിയോളവും ചെലവഴിച്ചു. സമൂഹവിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് സ്വര്‍ണം ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. ഈ സമൂഹവിവാഹത്തിനു യാതൊരുവിധ നിയമസാധുതയും ഇല്ലെന്നും വിവാഹം എവിടെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇതില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണു പരാതിക്കാരന്റെ ആരോപണം.
ബാര്‍ കോഴ വഴി ലഭിച്ച പണം ഇതിനായി ഉപയോഗിച്ചെന്നും ഹരജിക്കാരന്‍ ആരോപിച്ചിരുന്നു. കൂടാതെ, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 100ലധികം ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനം നടന്നു. ഇതില്‍ ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ കൈക്കൂലി വാങ്ങിയെന്നും അഞ്ചുമുതല്‍ 10 ലക്ഷം വീതം വരെ മാണിക്ക് ലഭിച്ചെന്നുമായിരുന്നു പരാതി.
കെഎസ്എഫ്ഇയില്‍ യുഡിഎഫ് ഭരണകാലത്ത് 500ഓളം നിയമനങ്ങളാണു നടന്നത്. ഇതിലും മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ ഇടനിലക്കാര്‍ മുഖേന മാണി കൈക്കൂലിവാങ്ങിയെന്നുമായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് ആരോപണത്തിലും കഴമ്പില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് ത്വരിതാന്വേഷണ റിപോര്‍ട്ടിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day