|    Dec 10 Sat, 2016 8:06 pm

അഴിമതിക്കെതിരേ കൂടുതല്‍ നടപടി: പ്രധാനമന്ത്രി

Published : 14th November 2016 | Posted By: SMR

പനാജി: കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രാജ്യത്ത് അഴിമതിക്കെതിരേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ച ശക്തികളില്‍ നിന്നുള്ള ഏതു പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്നു മോദി പറഞ്ഞു. ഗോവയില്‍ മോപഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനവും ഇലക്ട്രോണിക് സിറ്റി പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അഴിമതിരഹിതമാക്കുന്നതിനു തന്റെ മനസ്സില്‍ കൂടുതല്‍ പദ്ധതികളുണ്ട്. ഇപ്പോഴത്തെ നടപടികള്‍കൊണ്ട് അവസാനിക്കുന്നതല്ല അത്. നിങ്ങള്‍ ആഗ്രഹിച്ചതുപോലുള്ള ഒരു ഇന്ത്യയെ നിങ്ങള്‍ക്കു നല്‍കാം. 50 ദിവസം സഹകരിച്ചു സഹായിക്കണം. അദ്ദേഹം വികാരഭരിതനായി ആവശ്യപ്പെട്ടു.  അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ ബിനാമി സ്വത്തുക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇന്ത്യയെ കൊള്ളയടിച്ചു നേടിയതാണു പണമെങ്കില്‍ അത് ഇന്ത്യയില്‍തന്നെ നിക്ഷേപിക്കണം. അതു കണ്ടെത്തുക എന്നതു തങ്ങളുടെ ചുമതലയാണ്. 2014ല്‍ അഴിമതിക്കെതിരേയാണ് ജനങ്ങള്‍ വോട്ടുകള്‍ നല്‍കിയത്. ആദ്യത്തെ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ താന്‍ വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റി. കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ നടപടിയുണ്ടായി. അദ്ദേഹം ഓര്‍മപ്പെടുത്തി. മുന്‍ കേന്ദ്രസര്‍ക്കാരിനെതിരേ അദ്ദേഹം ആഞ്ഞടിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടപടിയെടുക്കാന്‍ മടിച്ചവരാണു മുന്‍ സര്‍ക്കാര്‍. കല്‍ക്കരി, ടുജി കുംഭകോണങ്ങൡ ഉള്‍പ്പെട്ട അവര്‍ ഇപ്പോള്‍ 4,000 രൂപ മാറ്റിവാങ്ങാന്‍ ബാങ്കിന്റെ മുമ്പില്‍ വരിനില്‍ക്കുകയാണ്. അദ്ദേഹം പരിഹസിച്ചു. 50 ദിവസം മാത്രമായിരിക്കും ഈ വിഷമം അനുഭവപ്പെടുക. ഒരിക്കല്‍ എല്ലാം ശുദ്ധിയാക്കിയാല്‍ പിന്നെ ഒരു കൊതുകു പോലും പറക്കില്ല. എഴുപത് വര്‍ഷത്തെ രോഗമാണ് 17 മാസം കൊണ്ട് ഇല്ലാതാക്കുന്നത്. അതിനുവേണ്ടി ഒരു ലക്ഷം യുവാക്കളെ നിയമിക്കേണ്ടിവന്നാലും താനതു ചെയ്തിരിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തന്റെ മുടി പിടിച്ചുവലിച്ചാല്‍ താന്‍ ഒന്നും ചെയ്യുകയില്ല എന്നാണ് അവര്‍ ധരിച്ചത്. ജീവനോടെ ദഹിപ്പിച്ചാല്‍ തന്നെയും ഞാന്‍ ഭയക്കുകയില്ല. നോട്ടുകള്‍ അസാധുവാക്കാനുള്ള നടപടി 10 മാസം മുമ്പ് തുടങ്ങിയതാണ്. അതിനുവേണ്ടി വിശ്വസ്തരുടെ ഒരു സംഘം രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ മിന്നലാക്രമണം പോലെ ആയിരുന്നില്ല. പുതിയ നോട്ടുകള്‍ അച്ചടിക്കുകയും മറ്റു ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ 30 വരെ 50 ദിവസം ക്ഷമ കാണിക്കണം. തന്റെ പ്രവൃത്തിയിലും ഉദ്ദേശ്യത്തിലും എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ പൊതുവേദിയില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും മോദി പറഞ്ഞു. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ 67,000 കോടി രൂപ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക