|    Oct 28 Fri, 2016 11:59 am
FLASH NEWS

അറ്റമില്ലാത്ത നരമേധങ്ങള്‍

Published : 25th April 2016 | Posted By: SMR

സിറിയയില്‍ ജനാധിപത്യപ്രക്ഷോഭം ആരംഭിച്ചതിനുശേഷം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാലുലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടെന്ന റിപോര്‍ട്ട് മനസ്സാക്ഷിയുള്ളവരെ നടുക്കംകൊള്ളിക്കുന്നതാണ്. യുഎന്‍ പ്രത്യേക നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുരയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മരണസംഖ്യ ഇതിലും കൂടുമെന്നും അത് 470,000 വരെ എത്തുമെന്നും മറ്റു ചില കണക്കുകള്‍ പറയുന്നു. 2015 ജൂലൈ വരെയുള്ള സ്ഥിതിവിവര കണക്കുകള്‍പ്രകാരം രാജ്യത്തെ ഏഴര ദശലക്ഷം ജനങ്ങള്‍ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു ചിതറിപ്പോയിട്ടുണ്ട്. അഭയാര്‍ഥികളായി രാജ്യം വിട്ടവര്‍ നാലു ദശലക്ഷം വരും. അടിച്ചേല്‍പിക്കപ്പെടുന്ന യുദ്ധങ്ങള്‍ നിരാലംബരായ മനുഷ്യരെ ഏതൊക്കെ കൊടിയ ദുരിതങ്ങളിലേക്കാണ് തള്ളിവിടുന്നതെന്ന് സിറിയയില്‍നിന്നുള്ള ഈ കാഴ്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
2011ല്‍ അറബ് ലോകത്ത് ആഞ്ഞടിച്ചുയര്‍ന്ന ‘അറബ് വസന്ത’ത്തിന്റെ ചുവടുപിടിച്ചാണ് സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സ്വേച്ഛാധിപത്യഭരണത്തിനെതിരേ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഈ പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ബശ്ശാര്‍ നേരിട്ടത്. ജനകീയ പ്രക്ഷോഭം പെട്ടെന്നുതന്നെ സായുധ പോരാട്ടത്തിന്റെ രൂപമാര്‍ജിച്ചു. പിന്നീടത് വിഭാഗീയതയിലേക്കും ചേരിതിരിഞ്ഞുള്ള കലാപത്തിലേക്കും വഴിമാറി. ഭരണം നിയന്ത്രിക്കുന്ന ന്യൂനപക്ഷ ശിയാവിഭാഗമായ അലവികളും മറ്റു ശിയാവിഭാഗങ്ങളും ഒരുവശത്തും സുന്നി ഭൂരിപക്ഷമുള്ള സര്‍ക്കാര്‍വിരുദ്ധര്‍ മറുഭാഗത്തുമായാണ് ആഭ്യന്തരയുദ്ധം ശക്തിപ്പെട്ടത്. റഷ്യയുടെയും ഇറാന്റെയും ഇറാന്‍ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയുടെയും പിന്തുണ ബശ്ശാറിനെ അനുകൂലിക്കുന്ന സിറിയന്‍ സൈന്യത്തിനുണ്ട്. വിദേശ ഇടപെടല്‍ ഉണ്ടായതോടെ മേഖലയിലെ ശിയാ-സുന്നി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഒരു യുദ്ധമായി സിറിയന്‍ പ്രശ്‌നം രൂപംപ്രാപിച്ചുവെന്നതാണു സത്യം. മറ്റൊരര്‍ഥത്തില്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പരോക്ഷ യുദ്ധമായി അതു മാറിയിരിക്കുന്നു.
2015 സപ്തംബറില്‍ റഷ്യ, ഇറാഖ്, ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ബഗ്ദാദ് കേന്ദ്രമാക്കി സംയുക്ത സൈനിക നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടു. ആഭ്യന്തരയുദ്ധം തുടങ്ങിയ ഘട്ടത്തില്‍ സിറിയയുടെ 30 ശതമാനം മാത്രം നിയന്ത്രിച്ചിരുന്ന സിറിയന്‍ സൈന്യത്തിന് റഷ്യയുടെ സമ്പൂര്‍ണ സൈനികസഹായത്താല്‍ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്.
ഐഎസിനെ തുരത്താനെന്ന പേരില്‍ വിവേചനരഹിതമായ ബോംബ് വര്‍ഷമാണ് റഷ്യ സിറിയക്കുമേല്‍ നടത്തിയത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തു. ഐഎസിന്റെ പേരില്‍ ലോകം ഈ ദുരിതങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും റഷ്യയും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന മനുഷ്യകശാപ്പിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയാണ്. ലോകത്തിന്റെ മനസ്സ് ഈ വിധം തങ്ങള്‍ക്കനുകൂലമായി പരുവപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിന് തങ്ങളുടെ ഒളിയജണ്ടകള്‍ നിര്‍ലോഭം ലോകത്തെവിടെയും നടപ്പാക്കാന്‍ കഴിയുന്നുവെന്നതാണ് യാഥാര്‍ഥ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day