|    Dec 8 Thu, 2016 3:35 am
FLASH NEWS

അരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം വഴിമുട്ടി

Published : 25th November 2016 | Posted By: SMR

അരൂര്‍: അരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ അവഗണനയുടെ പാളങ്ങളില്‍. റെയില്‍വേ അധികൃതരുടെ അവഗണനയില്‍ യാത്രക്കാര്‍ വലയുന്നു. അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അരൂര്‍, അരൂക്കുറ്റി, പൂച്ചാക്കല്‍, തീരദേശ റെയില്‍വേ പാതയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുള്ള എഴുപുന്ന, കുമ്പളങ്ങി, ചെല്ലാനം, നീണ്ടകര ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് അരൂര്‍ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ വഴി എത്തുന്ന സാധനങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ എറണാകുളത്തേയോ ചേര്‍ത്തലയേയോ ആശ്രയിക്കേണ്ട അവസ്ഥയാണ് നാട്ടുകാര്‍. ഇതുമൂലം ചരക്കുകള്‍ എത്തിക്കാന്‍ 20 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിവരുന്നു. റെയില്‍വെ വഴിയുള്ള പാഴ്‌സലുകള്‍ എത്തിക്കാന്‍ ചെലവ് കുറവായതിനാല്‍ സമുദ്രോല്‍പന്നങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി സാധനങ്ങള്‍ തീരദേശ റെയില്‍വേ വഴിയാണ് കൊണ്ടുപോവുന്നത്.കോടികള്‍ മുടക്കി റെയില്‍പാതകള്‍ വികസിപ്പിക്കുമ്പോഴും സ്റ്റേഷന്റെ വികസനവും അറ്റകുറ്റപ്പണിയും പാതിവഴിയിലൊതിങ്ങുകയാണ്. ആവശ്യമായ മേല്‍ക്കുരയോ ശുചിമുറികളോ ഇല്ല. നിലവിലുള്ളവ ജീര്‍ണാവസ്തയിലും ശുചിത്വമില്ലാത്തവയുമാണ്. ചെറു സ്റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ശുചിത്വക്കുറവിന് കാരണമാവുന്നത്. ചെറു സ്റ്റേഷനുകളില്‍ നാമാത്ര പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. രാത്രികാലങ്ങളില്‍ ട്രെയിനുകള്‍ക്കൊന്നും സ്റ്റോപില്ലാത്തതിനാല്‍ ജീവനക്കാരും ഉണ്ടാവാറില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. രാത്രിയുടെ മറവില്‍ ഇവിടെ കഞ്ചാവ്, മയക്കുമരുന്ന് വില്‍പന നടത്തുന്നുമുണ്ട്.അടുത്തിടെ അരൂര്‍ പോലിസ് സ്റ്റേഷനില്‍ പിടിച്ച കഞ്ചാവ് കേസില്‍ രണ്ട് പ്രതികളെ കിട്ടിയത് അരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നായിരുന്നു.ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തീരദേശ റെയില്‍വേ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് അരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍. അരൂര്‍ മേഖലയിലെ സമുദ്രോല്‍പന്ന വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്നവയാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം അരൂര്‍ റെയില്‍വേ സ്‌റ്റേഷന് ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day