|    Oct 26 Wed, 2016 1:04 pm

അയ്യോ… പശു വരുന്നു, ഓടിക്കോ!

Published : 10th October 2015 | Posted By: TK

നാട്ടുകാര്യം/കുന്നത്തൂര്‍ രാധാകൃഷ്ണന്‍

 

പശുക്കള്‍ക്ക് ഇത്രമാത്രം കരുത്തുണ്ടെന്ന് ഇക്കാലമത്രയും മാലോകര്‍ക്കു മനസ്സിലായിരുന്നില്ല. പശു ഒരു ശാന്തമൃഗമാണ് എന്നാണ് ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും. എന്നാല്‍, ഞാന്‍ അത്ര ശാന്തയല്ല എന്ന് പശുതന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നു. പശുക്കരുത്ത് എത്രമാത്രമുണ്ടെന്ന് ഇപ്പോള്‍ ദാദ്രിയില്‍ കാണുന്നുണ്ടല്ലോ!മോദിയാശാന്‍ കേന്ദ്രം പിടിച്ചതിനുശേഷം അടിക്കടി രാജ്യത്തിന് ഒരു പശുമോടി വന്നിരിക്കുന്നു. പശു ഒരു സാധാരണ മൃഗമല്ലേ, അതിനെന്താ കൊമ്പുണ്ടോ എന്ന് യുക്തിവാദികള്‍ ചോദിക്കുമായിരിക്കും.

അങ്ങനെ ചോദിക്കുന്നവരുടെ ഗതി എന്തായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുണ്ടല്ലോ! കല്‍ബുര്‍ഗി, കാലപുരി തുടങ്ങിയ വാക്കുകള്‍ അത്ര അന്യമാണോ?ഒന്നാമത് നിങ്ങള്‍ പശുവെന്നും ഞങ്ങള്‍ ഗോമാതാവെന്നും വിളിക്കുന്ന ജീവി ഒരു വിശുദ്ധ മൃഗമാണ്. അതിനെ നിങ്ങള്‍ വളര്‍ത്തിക്കോ, ആവുന്നത്ര പാലും കുടിച്ചോ. എന്നാല്‍, കുട്ടി കുടിനിര്‍ത്തിയിട്ടേ നിങ്ങള്‍ അകിടില്‍ തൊടാവൂ. അതും കുളിച്ചു ശുദ്ധിവരുത്തിയിട്ടു മാത്രം- ഇതാണ് പശുവാദത്തിന്റെ അകംപൊരുള്‍.

അപ്പോള്‍ നിങ്ങള്‍ ചോദിക്കും പാലെല്ലാം വറ്റി എല്ലുംതോലുമായ പശുവിനെ, സോറി ഗോമാതാവിനെ എന്തുചെയ്യണമെന്ന്. അതിനെ തീറ്റയാക്കി മാറ്റാമെന്നു വ്യാമോഹിക്കേണ്ട. ഗോമാതാവിനെ സ്വച്ഛന്ദമൃത്യുപുല്‍കാന്‍ അനുവദിക്കുക എന്നതാണ് കരണീയമായത്. മേല്‍പ്പറഞ്ഞ അപ്രഖ്യാപിത തിട്ടൂരമനുസരിച്ച് ജീവിക്കാമെന്നു കരുതുന്നത് അതിവ്യാമോഹമായിരിക്കും.

ഉദാഹരണമായി സഞ്ചിയും തൂക്കി ഒരാള്‍ പട്ടാപ്പകല്‍ ഗ്രാമത്തിലൂടെ വീട്ടിലേക്ക് പോവുകയാണെന്നു വയ്ക്കുക. താടിയും തൊപ്പിയും വച്ച അയാളുടെ സഞ്ചിയില്‍ ഗോമാംസമാണെന്ന് ഒരുത്തന്‍ നിരൂപിക്കുന്നു. ഉടന്‍ ചങ്ങായ് ക്ഷേത്രപൂജാരിയെ സമീപിച്ച് ഇപ്രകാരം പറയുന്നു: ”അതാ ഒരു പാകിസ്താന്‍ തീവ്രവാദി ഗോമാംസം കൊണ്ടുപോവുന്നു. ഉടന്‍ മണിയടിച്ച് ആളെക്കൂട്ട്.””അത്രയ്ക്കു വേണോ! സഞ്ചിയില്‍ കപ്പയും മീനുമൊക്കെ ആയിക്കൂടേ.””ഗോമാംസത്തിന്റെ മണംപിടിത്തക്കാരനായ എന്നോടാണോ തര്‍ക്കിക്കുന്നത്? മണിയടിച്ചില്ലെങ്കില്‍ അന്റെ പണി കട്ടപ്പൊകയാവും.””അയ്യോ ചതിക്കരുത്. ദയവായി കേന്ദ്രത്തിന് കത്തെഴുതരുത്. മണിയടിക്കാം.”മണിയടിയോടെ കുറേപേര്‍ വാളും പരിചയുമായി എങ്ങുനിന്നോ പ്രത്യക്ഷപ്പെടുന്നു. സഞ്ചിവാഹകനെ നിലംപരിശാക്കുന്നു. അപ്പോള്‍ വസ്തുത വെളിപ്പെടുന്നു. സഞ്ചിയുമായി പോയത് പാകിസ്താനി തീവ്രവാദിയല്ല. അയാളുടെ സഞ്ചിയില്‍ ഗോമാംസവുമില്ല. അരിയും മത്തനും വീട്ടിലെത്തിക്കാന്‍ പോവുകയായിരുന്നു തൊപ്പിക്കാരന്‍. സത്യം പുറത്തുവന്നതോടെ വാളും പരിചയുമേന്തി താണ്ഡവമാടിയവരില്‍ ചിലരെ പോലിസ് പൊക്കുന്നു.

അപ്പോഴാണ് പശു യഥാര്‍ഥത്തില്‍ വിശ്വരൂപം പ്രകടിപ്പിക്കുന്നത്. സാധ്വി പ്രാചി, ആദിത്യനാഥ്, മഹാരാജാവായ സാക്ഷി, അപശ്രുതി പരത്തുന്ന സംഗീത് സോം തുടങ്ങിയവര്‍ പശുരൂപം പൂണ്ട് ഗ്രാമവാസികളായ ഭൂരിപക്ഷത്തിന് തോക്ക് വാഗ്ദാനം ചെയ്യുന്നു. സഞ്ചിയുമായി പോവുന്നവനെ കാലപുരിക്കയക്കാം. അതിനു കാരണക്കാരായവരെ തൊട്ടാല്‍ തോക്ക് ഗര്‍ജിക്കും. നല്ല ന്യായം. ഇതാണ് യഥാര്‍ഥ ഇന്ത്യന്‍ ശിക്ഷാനിയമം. ദാദ്രിയിലെ അപശ്രുതി കിണാപ്പിലാവുമെന്ന് മുന്‍കൂട്ടി കണ്ടതിനാലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ചില അപ്രിയ സത്യങ്ങള്‍ പറയേണ്ടിവന്നത്.

ഈ സമയമത്രയും മോദിയാശാന്‍ വിനോബാജിയെ വെല്ലുന്ന മഹാമൗനത്തിലായിരുന്നു. അതിന് ആശാനെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഒബാമയെ കെട്ടിപ്പിടിക്കണം. വസ്ത്രത്തില്‍ മോദിയെന്നെഴുതിയത് ശരിയായോ എന്നു പരിശോധിക്കണം. സിലിക്കണ്‍വാലിയില്‍ പ്രസംഗിക്കണം. അങ്ങനെ നൂറുകൂട്ടം കാര്യങ്ങളുണ്ട്. ഇതിനിടെയാണ് ഒരു ദാദ്രി. മണ്ണാങ്കട്ട.വടക്കന്‍ പശു ഉഗ്രരൂപിയായി തെക്കോട്ടു നീങ്ങുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപോര്‍ട്ട്. കര്‍ണാടകയില്‍ ഗോവധ നിരോധന ബില്ല് റദ്ദാക്കിയിരിക്കുകയാണല്ലോ! സിദ്ധരാമയ്യ സര്‍ക്കാരിനെ ഒരു പാഠംപഠിപ്പിക്കാന്‍ പുതിയ കുറുവടികള്‍ക്കും കാവിവസ്ത്രങ്ങള്‍ക്കും ഗോമാതാവിന്റെ അനുയായികള്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടത്രെ. ”യ്യിപ്പളാണ് ശരിയായ കാംഗ്രസായത്” എന്ന് സിദ്ധരാമയ്യയെ നോക്കി ചില മതേതരന്മാര്‍ പറയുന്നുമുണ്ടത്രെ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day