|    Dec 7 Wed, 2016 4:02 pm
FLASH NEWS

അയോധ്യയില്‍ പള്ളിയും ക്ഷേത്രവും നിര്‍മിച്ച് ഒത്തുതീര്‍പ്പാക്കാമെന്നു പ്രദേശവാസികള്‍; 10,000 പേര്‍ ഒപ്പിട്ട കത്ത് ജില്ലാ ഭരണകൂടത്തിനു നല്‍കി

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അയോധ്യാ പ്രശ്‌നത്തിനു പരിഹാര നിര്‍ദേശവുമായി പ്രദേശവാസികള്‍. തകര്‍ക്കപ്പെട്ട പള്ളി നിലനിന്ന സ്ഥാനത്ത് ക്ഷേത്രവും പള്ളിയും നിര്‍മിച്ചു പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശം അടങ്ങുന്ന പതിനായിരത്തിലേറെ പേര്‍ ഒപ്പിട്ട നിവേദനം ഫൈസാബാദ് ജില്ലാ ഡിവിഷനല്‍ കമ്മീഷണര്‍ക്കു കൈമാറി.
ഉത്തര്‍പ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി പലോക് ബസു മുന്‍കൈയെടുത്ത് ഇരുസമുദായത്തിലും പെട്ട ആളുകളുടെ അംഗീകാരവും ഒപ്പും വാങ്ങിയ ശേഷമാണ് നിവേദനം ഡിവിഷനല്‍ കമ്മീഷണര്‍ സൂര്യപ്രകാശ് മിശ്രയ്ക്കു കൈമാറിയത്. നിലവില്‍ അടച്ചിട്ട പള്ളി നിലനിന്ന സ്ഥലത്തിന്റെ റസീവര്‍ കൂടിയാണ് ഡിവിഷനല്‍ കമ്മീഷണര്‍. നിവേദനം ലഭിച്ചതായും എന്നാല്‍, ഇക്കാര്യത്തില്‍ എന്തു നടപടിയാണ് കൈക്കൊള്ളുകയെന്ന് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യാ ഭൂമി മൂന്നായി വിഭജിച്ചു പങ്കുവയ്ക്കാനുള്ള ഹൈക്കോടതി വിധി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്. സുപ്രിംകോടതി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിസ് പലോക് ബസു പറഞ്ഞു. ഫൈസാബാദ് സബ് ഡിവിഷനല്‍ കമ്മീഷണര്‍ മുഖേന തങ്ങള്‍ സുപ്രിംകോടതിയില്‍ മാധ്യസ്ഥ്യശ്രമം തുടരുകയാണ്. സാമുദായിക സൗഹാര്‍ദവും സമാധാനവും പരിഗണിച്ചു യോജിച്ച നടപടി സുപ്രിംകോടതിയില്‍ നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷ. സ്ഥലത്ത് പള്ളിയും അമ്പലവും ഒരേസമയം ഉയരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
10,502 പേരാണ് നിവേദനത്തില്‍ ഒപ്പിട്ടത്. ഇതില്‍ 60 ശതമാനം ഹൈന്ദവ വിശ്വാസികളും 40 ശതമാനം മുസ്‌ലിംകളുമാണ്. രാജ്യത്ത് എണ്ണമറ്റ കലാപങ്ങള്‍ക്കു കാരണമായ ബാബരി മസ്ജിദ്-രാമക്ഷേത്ര തര്‍ക്കം പരിഹരിക്കാനായി 2010 മാര്‍ച്ച് മുതല്‍ ജസ്റ്റിസ് ബസു മാധ്യസ്ഥ്യശ്രമം നടത്തിവരുന്നുണ്ട്. ഇതിനൊടുവിലാണ് നിവേദനം തയ്യാറാക്കിയത്. കേസിലെ പ്രധാന ഹരജിക്കാരന്‍ ഹാഷിം അന്‍സാരിയും നിര്‍മോഹി അഖാര അധ്യക്ഷന്‍ മഹന്ത് ജ്ഞാന്‍ദാസും ഇക്കാര്യത്തില്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂലൈയില്‍ അന്‍സാരി മരിച്ചു.
അതേസമയം, മാധ്യസ്ഥ്യശ്രമം വിഎച്ച്പിയും ആര്‍എസ്എസും അംഗീകരിച്ചിട്ടില്ല. ഹൈക്കോടതിയെ അവമതിക്കലാണ് മാധ്യസ്ഥ്യശ്രമമെന്നാണ് വിഎച്ച്പി ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day