|    Oct 28 Fri, 2016 8:01 am
FLASH NEWS

അയിത്തം സമൂഹത്തിലും മനസ്സിലും

Published : 8th December 2015 | Posted By: SMR

ജാതിക്കെതിരായ പ്രക്ഷോഭവും പ്രചാരണവും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ തന്നെ സുപ്രധാന ഘടകമായിരുന്നു. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തിയെടുക്കാനും ശാക്തീകരിക്കാനുമുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടക്കുന്നുമുണ്ട്. എന്നാല്‍, ജാതിയും ശുദ്ധാശുദ്ധ ചിന്തകളും വര്‍ണവിവേചനവും ഇന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുകയാണെന്നു നിരവധി സമീപകാല ഉദാഹരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുകയാണ്. ജാതിവിവേചനത്തിനെതിരായ പോരാട്ടം വിജയിച്ചിട്ടില്ലെന്നു മാത്രമല്ല, ഇത്തരത്തിലുള്ള ഭേദവിചാരങ്ങള്‍ കൂടുതല്‍ ശക്തമായിവരുകയാെണന്നതത്രേ സമകാല ഇന്ത്യന്‍ യാഥാര്‍ഥ്യം.
കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി എ പി അനില്‍ കുമാര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്, മുന്‍കാലങ്ങളില്‍ അയിത്താചരണം അമ്പലങ്ങളിലായിരുന്നുവെങ്കില്‍ ഇന്നു പട്ടികജാതി വിഭാഗങ്ങള്‍ അയിത്തം നേരിടുന്നത് അധികാരസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിലാണെന്നാണ്. ഇത്തരം സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവരെ അധികാരസ്ഥാനങ്ങളില്‍ നിന്നു പുറത്തുനിര്‍ത്തുന്ന പ്രവണത മുഖ്യധാരയിലെ എല്ലാ പാര്‍ട്ടികളിലും കാണുന്നതാണ്. ഭരണഘടന നല്‍കുന്ന സംവരണത്തിന്റെ ആനുകൂല്യം മാത്രമാണ് പാര്‍ലമെന്റ് മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള ജനാധിപത്യ സ്ഥാപനങ്ങളില്‍ ദലിത് വിഭാഗത്തിനു പ്രാതിനിധ്യം കിട്ടുന്നതില്‍ ഇന്നും സഹായകമായി നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഇതൊരു യാഥാര്‍ഥ്യമാണെന്ന് നമ്മുടെ മുഖ്യധാരാ കക്ഷികളുടെ നേതൃനിരയെ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. വരേണ്യമായ താല്‍പര്യങ്ങളും ബന്ധങ്ങളുമാണ് ഉന്നതസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള മുഖ്യ വഴിത്താര. സമീപകാലത്തു വിവിധ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ പ്രതിനിധികളായി രാജ്യസഭയിലേക്ക് അയച്ച അംഗങ്ങളുടെ പശ്ചാത്തലം നോക്കിയാല്‍ മാത്രം മതി, ആരാണ് മെച്ചപ്പെട്ട പദവികള്‍ അടിച്ചുമാറ്റുന്നത് എന്നറിയാന്‍. ഇത്തരം പദവികള്‍ ഒന്നുകില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിക്കുകയാണ്; അല്ലെങ്കില്‍ പ്രമാണിമാര്‍ക്കും ജാതിയില്‍ മുമ്പില്‍ നില്‍ക്കുന്നവര്‍ക്കും വരദാനമായി നല്‍കുകയാണ്.
എന്നാല്‍, അധികാരസ്ഥാനങ്ങളില്‍ മാത്രമല്ല, അമ്പലങ്ങളിലും ജാതിചിന്തയും അയിത്തവും നിലനില്‍ക്കുന്നതായാണ് മുന്‍ കേന്ദ്രമന്ത്രിയും ദലിത് സമുദായാംഗവുമായ കുമാരി ഷെല്‍ജയുടെ അനുഭവത്തില്‍ നിന്നു വ്യക്തമാകുന്നത്. ഗുജറാത്തിലെ ദ്വാരകയിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രിയായ തന്റെ ജാതി തിരക്കുകയുണ്ടായെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. സഭയിലെ സംഘപരിവാര അംഗങ്ങള്‍ അവര്‍ക്കെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു. എന്നാല്‍, അവര്‍ പ്രതിഷേധിക്കേണ്ടത് ഇന്നും ജാതിചിന്ത വച്ചുപുലര്‍ത്തുന്ന വരേണ്യവിഭാഗങ്ങളുടെ നേരെയാണ്. എന്നാല്‍, വാദിയെ പ്രതിയാക്കുന്ന രീതിയാണ് പാര്‍ലമെന്റില്‍ കണ്ടത്. മാലിന്യം തെരുവിലല്ല, മനസ്സിലാെണന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞത് അക്ഷരംപ്രതി ശരിയാെണന്ന് ഇത്തരം അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day