|    Oct 25 Tue, 2016 9:18 pm

അമ്മ പശു, അച്ഛന്‍ കാള; പൊതുജനം കഴുത…

Published : 21st October 2015 | Posted By: swapna en

പി സി അബ്ദുല്ല

വടകര: സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇത് ഉണര്‍വുകാലം. പാരയും കുതികാല്‍വെട്ടും അപരനും റിബലുകളുമൊക്കെയായി പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പു ഗോദയില്‍ വിയര്‍ക്കുമ്പോള്‍ നവമാധ്യമങ്ങള്‍ ആഘോഷത്തിമര്‍പ്പിലാണ്. സമകാലിക രാഷ്ട്രീയ വിവാദങ്ങളിലും വാര്‍ത്തകളിലുമൊക്കെ രാഷ്ട്രീയക്കാരെ നിര്‍ത്തിപ്പൊരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഫേസ്ബുക്ക് അടക്കമുള്ള പുതിയ മാധ്യമ രംഗവേദികളില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ല.

വികസന മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയക്കാര്‍ ഉപേക്ഷിച്ചതുകൊണ്ടാവാം സാമൂഹിക മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പിന്നാലെ പോവുന്നത്. പശുവും പോത്തുമൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങള്‍. ഗോവധത്തിന്റെ പേരിലുള്ള സംഘപരിവാരത്തിന്റെ നരഹത്യകള്‍ക്കും ആര്‍എസ്എസ്ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരേ വന്‍തോതിലുള്ള കാംപയിനാണ് ഫേസ്ബുക്കിലും മറ്റും നടക്കുന്നത്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ മുസ്‌ലിംലീഗിനെതിരേ ഒരു വിദ്വാന്‍ ഫേസ്ബുക്ക് പരിഹാസവുമായി രംഗത്തുവന്നു.

ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ വട്ടമിട്ടിരുന്ന് ബിരിയാണി കഴിക്കുന്ന ഒരു ചിത്രം. മുസലിംലീഗ് ചര്‍ച്ച തുടങ്ങിയെന്ന അടിക്കുറിപ്പും. പെരുന്നാള്‍ വന്നാലും തിരഞ്ഞെടുപ്പ് വന്നാലും ബാബരി മസ്ജിദ് തകര്‍ന്നാലുമൊക്കെ ലീഗിന് മുഖ്യം ബിരിയാണി തീറ്റതന്നെ എന്നായിരുന്നു പരിഹാസം. തൊട്ടുപിന്നാലെ എത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വിവാദ ചിത്രം. സുരേന്ദ്രന്‍ ബീഫ് കൂട്ടി പൊറോട്ട ശാപ്പിടുന്ന ചിത്രം ഫേസ്ബുക്കില്‍ ഒറ്റ ദിവസംകൊണ്ട് വൈറലായി. ബീഫല്ല ഉള്ളിക്കറിയാണു താന്‍ കഴിച്ചതെന്ന വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തുവന്നെങ്കിലും അതാരും മുഖവിലയ്‌ക്കെടുത്തില്ല. ചാനലുകളിലും പത്രങ്ങളിലും ബിജെപിയുടെ കേരളത്തിലെ നാവും മുഖവുമായി സ്വയം അവരോധിക്കപ്പെടുന്ന സുരേന്ദ്രന് പക്ഷേ, ബീഫ് കറി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ പോലും പിന്തുണ ലഭിച്ചില്ല.

അനുദിനം മാറിമറിയുന്ന കേരള ബിജെപിയിലെ ഗ്രൂപ്പ് കളികള്‍ക്കൊടുവില്‍ സുരേന്ദ്രന്റെ പക്ഷത്തായതുകൊണ്ടാവണം ബീഫ് നിഷിദ്ധമല്ലെന്ന പ്രഖ്യാപനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്തുവന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു. സുരേന്ദ്രനെപ്പോലുള്ളവരെ പട്ടിണിയാക്കേണ്ടെന്നു കരുതിയാവണം ഇഷ്ടമുള്ളവര്‍ക്ക് ബീഫ് കഴിക്കാമെന്ന് വി മുരളീധരന്‍ പറഞ്ഞതെന്നായിരുന്നു ഇന്നലെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. സംസ്ഥാന ബിജെപിയെ നന്നാക്കാന്‍ പഴയ പടക്കുതിര പി പി മുകുന്ദനെ പുനരാനയിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ബീഫ് കഴിക്കുന്നവരെ കൂടെനിര്‍ത്തിയാണെങ്കിലും കസേര ഉറപ്പിക്കാനാണ് വി മുരളീധരന്‍ ശ്രമിക്കുന്നതെന്നാണ് ഫേസ്ബുക്കിലെ മറ്റൊരു കമന്റ്.

 

മാട്ടിറച്ചി വിഷയത്തില്‍ സംഘപരിവാരത്തിനെതിരേ വി എസ് അച്യുതാനന്ദന്‍കൂടി രംഗത്തെത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലെ നേരംപോക്കികള്‍ ഒന്നുകൂടി സജീവമായി. പശു മാതാവാണെങ്കില്‍ കാളയാണോ ആര്‍.എസ്.എസുകാരുടെ അച്ഛനെന്ന വിഎസിന്റെ ചോദ്യത്തിന് വന്‍ സ്വീകാര്യതയാണ് ഫേസ്ബുക്കില്‍ ലഭിച്ചത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള വിഎസിന്റെ ആര്‍ജവത്തെയാണു ഭൂരിഭാഗം പേരും പ്രശംസിക്കുന്നത്.

വിവിധ വെബ് പേജുകളിലും ചാനലുകളിലും വിഎസിന്റെ ആര്‍എസ്എസ് വിരുദ്ധ പ്രസ്താവന വന്ന ആദ്യ നിമിഷങ്ങളില്‍ തന്നെ നൂറു കണക്കിനു പേര്‍ ലൈക്കുകളും ഷെയറുകളുമായി വിഎസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഗതികള്‍ ഇങ്ങനെയൊക്കെ കൊഴുക്കുമ്പോഴും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട വികസന രാഷ്ട്രീയം ആരും എവിടെയും ഉന്നയിക്കുന്നില്ല എന്നതാണു വസ്തുത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day