|    Dec 10 Sat, 2016 10:00 pm

അമ്മയുടെ ശാപത്തില്‍നിന്ന് മോദിക്ക് രക്ഷപ്പെടാനാവില്ല: വിഎസ്

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയാകെ സ്തംഭിക്കുകയും സാധാരണക്കാരുടെ ദൈനംദിന ജീവിതം തകിടം മറിയുകയും ചെയ്‌തെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനനന്ദന്‍. വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെ മോദി കാട്ടിയ ഒരു ചെപ്പടിവിദ്യയുടെ ഫലമായി നമ്മുടെ സാമൂഹികജീവിതമാകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ പണം പിന്‍വലിക്കുന്നവരെ മുഴുവന്‍ ചാപ്പ കുത്താനാണ് മോദി തീരുമാനിച്ചിരിക്കുന്നത്. മോദി അദ്ദേഹത്തിന്റെ പാവം അമ്മയുടെ കൈയില്‍വരെ ചാപ്പ കുത്തിയില്ലേ. 95 വയസ്സു കഴിഞ്ഞ ആ അമ്മയുടെ ശാപത്തില്‍നിന്ന് മോദിക്ക് രക്ഷപ്പെടാന്‍ കഴിയുമോയെന്നും വിഎസ് ചോദിച്ചു. സംയുക്ത സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സഹകരണ മേഖലയെ തകര്‍ക്കരുതെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജ്യനല്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.പ്രധാനമന്ത്രി ആളൊരു ഉലകംചുറ്റും വാലിബനാണെന്നു വിസ് പരിഹസിച്ചു. മോദി പറയുന്നത് നോട്ടുനിരോധനത്തിന്റെ പേരില്‍, തന്നെ വേണമെങ്കില്‍ തൂക്കിലേറ്റൂ എന്നാണ്. എന്നിട്ട് അട്ടഹസിക്കുന്നു. ഇടയ്ക്ക് കണ്ണീര്‍ വാര്‍ക്കുന്നു. ചിലപ്പോള്‍ പൊട്ടിച്ചിരിക്കുന്നു. മോദിയെ തൂക്കിലേറ്റുകയല്ല വേണ്ടത്. പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ അയക്കുന്നിടത്തേക്ക് അയക്കുകയാണ് വേണ്ടതെന്നും വിഎസ് പരിഹസിച്ചു. മോദി വേണ്ടപ്പെട്ടവരെ അറിയിച്ചതിനു ശേഷമാണ് നോട്ട് നിരോധിച്ചതെന്ന് വാര്‍ത്തകളുണ്ട്. മോദിയുടെ അനുചരനായ ഒരു വിദ്വാന്‍ കര്‍ണാടകത്തില്‍ അഞ്ഞൂറു കോടി മുടക്കി കല്യാണം നടത്തുന്നു. അയാള്‍ക്ക് നോട്ട് നിരോധനം പ്രശ്‌നമാവുന്നില്ല. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായില്ലേ എന്നും വിഎസ് ചോദിച്ചു.  നോട്ട് നിരോധനംമൂലം സഹകരണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകളിലുള്ള ഒന്നര ലക്ഷം കോടിയുടെ നിക്ഷേപം തകര്‍ക്കാനാണ് മോദിയുടെ നീക്കം. നമ്മുടെ കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന സാമാന്യ ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതത്തിലെ അത്താണിയാണ് പ്രൈമറി ബാങ്കുകള്‍. അത് സ്തംഭിപ്പിക്കുക എന്നു പറഞ്ഞാല്‍ സാധാരണക്കാരുടെ ജീവിതംതന്നെ തകര്‍ക്കുക എന്നാണര്‍ഥം. ഇത് അനുവദിച്ചുകൂടെന്നും വി എസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക