|    Oct 22 Sat, 2016 7:02 pm
FLASH NEWS

അമേരിക്കയില്‍നിന്ന് ടാനിയയും മീരയും

Published : 25th August 2015 | Posted By: admin

വി.ആര്‍.ജി.
അവര്‍ ആദ്യം ട്രാക്കുകളില്‍ റെക്കോഡ് സൃഷ്ടിച്ചു, എം.ഡി. വല്‍സമ്മ, മെഴ്‌സിക്കുട്ടന്‍, ഷൈനി വില്‍സന്‍ എന്നിവരെപ്പോലെ; പിന്നെ, സെല്ലുലോയ്ഡില്‍ മിന്നിത്തിളങ്ങി, നയന്‍താര, മീരാ ജാസ്മിന്‍, മിയ തുടങ്ങിയവരെപ്പോലെ; തുടര്‍ന്ന് കടലാസില്‍ ബെസ്റ്റ് സെല്ലറുകളായി മാറി, അരുന്ധതിറോയ്, മീനാ അലക്‌സാണ്ടര്‍, സൂസന്‍ വിശ്വനാഥന്‍… തുടങ്ങിയവരെപ്പോലെ. മധ്യതിരുവിതാംകൂറിലെ നസ്രാണി പെമ്പിളമാരെക്കുറിച്ച് ഇങ്ങനെയൊരു പഴങ്കഥ രൂപപ്പെട്ടാല്‍ അതിലൊട്ടും അദ്ഭുതപ്പെടാനില്ല. ഇതിലേറ്റവും സവിശേഷകരമായ സംഗതി ഈ മൂന്നു വിഭാഗത്തിലും ഉള്‍പ്പെട്ടവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു എന്നതാണ്; പ്രത്യേകിച്ചും എഴുത്തുകാരികളുടെ കാര്യത്തില്‍. മേല്‍പ്പറഞ്ഞ “എസ്റ്റാബ്ലിഷ്ഡ്’ ആയ മൂന്നുപേര്‍ കൂടാതെ എത്രയെത്ര പേരാണ് പുതുതായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നതെന്നോ! നിഷാ സൂസന്‍, പ്രിയംവദാ കുര്യന്‍, പ്രിയാ ജോസ് സാമുവല്‍… ഇങ്ങനെ നീണ്ടുപോവുന്ന പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ട രണ്ടു പേരുകളാണ് ടാനിയ ജെയിംസിന്റേതും മീരാ ജേക്കബ്ബിന്റേതും. മീനാ അലക്‌സാണ്ടറെപ്പോലെ രണ്ടു പേരും അമേരിക്കന്‍ നിവാസികളാണെന്ന പ്രത്യേകത കൂടിയുണ്ട്.കോട്ടയത്തുനിന്ന് അമേരിക്കയില്‍ കുടിയേറിയ ഒരു കുടുംബത്തില്‍ 1980ല്‍ ചിക്കാഗോയിലാണ് ടാനിയ ജനിച്ചത്. കെന്റുക്കിയില്‍ വളര്‍ന്നു. ഹാവഡില്‍നിന്ന് ഫിലിം മേക്കിങില്‍ ബി.എയും കൊളംബിയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ എം.എയും കരസ്ഥമാക്കി. വാഷിങ്ടണ്‍ ഡി.സിയില്‍ താമസിക്കുന്ന ടാനിയ, ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ ക്രിയേറ്റീവ് റൈറ്റിങ് പഠിപ്പിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ പത്രത്തിന്റെ മികച്ച നോവലിനുള്ള അവാര്‍ഡും ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റേഴ്‌സ് അവാര്‍ഡും കരസ്ഥമാക്കിയ അറ്റ്‌ലസ് ഓഫ് അണ്‍നോണ്‍സ്’ ജയ്പൂര്‍ സാഹിത്യോല്‍സവത്തോടനുബന്ധിച്ച് നല്‍കപ്പെടുന്ന ഡി.എസ്.സി. സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു.2009ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “അറ്റ്‌ലസ് ഓഫ് അണ്‍നോണ്‍’ ആണ് ടാനിയയുടെ ആദ്യ കൃതി. കോട്ടയവും ന്യൂയോര്‍ക്കും പശ്ചാത്തലമായി വരുന്ന ഇതിനെ ഒരു “കുടുംബഗാഥ’ എന്നു വിശേഷിപ്പിക്കാം. അതേസമയം, എല്ലാ പ്രവാസി എഴുത്തുകാരുടെയും ആദ്യ നോവല്‍ ഗൃഹാതുര സ്മരണകളായിരിക്കുന്ന അഭിപ്രായത്തെ ടാനിയ നിരാകരിക്കുകയും ചെയ്യുന്നു. “’പല പ്രകാരേണയും എനിക്കു വിദൂരസ്ഥമായിരുന്ന കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും പറ്റിയാണ് ഞാന്‍ എഴുതിയത്. അപൂര്‍വാവസരങ്ങളില്‍ നാട്ടില്‍ പോയ ഓര്‍മകളേ എനിക്കുള്ളൂ. കുടുംബം എന്ന രംഗവേദിയിലെ സഹവര്‍ത്തിത്വം, സ്‌നേഹം, അസൂയ, രഹസ്യാന്വേഷണങ്ങള്‍, നീരസങ്ങള്‍, അവജ്ഞകള്‍- ഈ അനുഭവങ്ങളെപ്പറ്റിയാണ് ഞാനെഴുതിയത്. വേണമെങ്കില്‍ അതിനെ ആത്മകഥാപരം എന്നു വിശേഷിപ്പിക്കാം…’ – നോവലിസ്റ്റ് വിശദീകരിക്കുന്നു. “എയറോഗ്രാംസ്(2012) എന്ന ചെറുകഥാ സമാഹാരത്തിനു ശേഷം ടാനിയയുടെ രണ്ടാമത്തെ നോവലായ “ദ ഡസ്‌ക് ദാറ്റ് ഡിഡ് ദ ഡാമേജ് സമീപകാലത്താണ് പുറത്തുവന്നത്. വയനാട്ടിലും കോട്ടയത്തെ കോടനാട്ടിലും അസമിലും സഞ്ചരിച്ച് അന്വേഷണം നടത്തി രചിക്കപ്പെട്ട ഈ കൃതി മനുഷ്യരും മൃഗങ്ങളും (നോവലില്‍ അത് ആനയാണ്) പങ്കിടുന്ന ഭൂവിഭാഗത്തെപ്പറ്റിയും അവര്‍ തമ്മിലുള്ള ആദാനപ്രദാന പ്രക്രിയയെപ്പറ്റിയും പ്രതിപാദിക്കുന്നു. ഇവിടെ സ്‌നേഹമുണ്ട്, ശത്രുതയുമുണ്ട്; കനിവുണ്ട്, പീഡനവുമുണ്ട്. നാമവിശേഷണങ്ങളും ക്രിയാപദങ്ങളും കൊണ്ട് സമ്പുഷ്ടമായ പദാവലികളിലൂടെ വശ്യമായ ശൈലിയിലാണ് രചന. മീനച്ചിലാറിന്റെ തീരത്തുനിന്ന് ഒരെഴുത്തുകാരിടാനിയാ ജെയിംസിന്റേതിനു സമാനമായ ജീവിതവും നിലപാടുകളുമാണ് മീരാ ജേക്കബ്ബിന്റേതും. കോട്ടയത്ത് മീനച്ചിലാറിന്റെ പരിസരത്തുനിന്ന് അമേരിക്കയിലെത്തിയ ഈ 41കാരി നവമാധ്യമങ്ങളിലൂടെ നേരത്തെതന്നെ സുപരിചിതയായിരുന്നു. ഡോക്യുമെന്ററി ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് ജെഡ് റോത്ത് സ്റ്റീനോടും മകനോടുമൊന്നിച്ച് ബ്രൂക്ക്‌ലിനില്‍ താമസിക്കുന്നു. കഥ, കവിത തുടങ്ങിയ സര്‍ഗാത്മകസാഹിത്യകൃതികള്‍ നഗരത്തിലെ പ്രമുഖ തിയേറ്ററുകളില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് ഉത്തരവാദിത്തം വഹിക്കുന്ന “പീറ്റ്‌സ് റീഡിങ് സീരീസ്’ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകരിലൊരാളാണ്. പ്രമുഖ കലാസംഘാടകനായ കെന്നത്ത് കോളിന്റെ ജീവചരിത്രം എഴുതിയിട്ടുള്ള അവര്‍ പോപ്പ്-അപ് വീഡിയോയുടെ രചയിതാവുകൂടിയാണ്. റേഡിയോ, ടെലിവിഷന്‍, ചെസ് ലോകത്ത് സജീവമായ മീര ന്യൂയോര്‍ക്കിലും സ്‌പെയിനിലെ ബാഴ്‌സിലോനയിലും ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് മീരയുടെ ആദ്യ നോവലായ “എ സ്പീഡ് വാക്കേഴ്‌സ് ഗൈഡ് ടു ഡാന്‍സിങ്’ പ്രസിദ്ധീകരിക്കപ്പെട്ടത്. അത്യന്തം പ്രകമ്പനം കൊള്ളിക്കുന്ന ശൈലിയില്‍ എഴുതപ്പെട്ട നോവല്‍ “ബെസ്റ്റ് സെല്ലറായിത്തീരാന്‍ ഒട്ടും കാലതാമസമെടുത്തില്ല. അമേരിക്കയിലേക്ക്, നോവലിസ്റ്റിന്റെ ഭാഷയില്‍, “കടംകൊണ്ട രാജ്യത്തേക്ക്, കുടിയേറിപ്പാര്‍ത്ത ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ദുരനുഭവങ്ങളാണ് നോവലിന്റെ പ്രമേയം.എഴുപതുകളില്‍ തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് ഈപ്പനും നാലംഗ കുടുംബവും അധോലോകമായി വിശേഷിപ്പിക്കപ്പെടുന്ന ന്യൂമെക്‌സിക്കോയിലെത്തുന്നത്. ഈപ്പന്റെ ഇളയപുത്രിയായ അമിനയാണ് കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷി-അവളിലൂടെയല്ല കഥ നീങ്ങുന്നതെങ്കിലും. കുടുംബം ശിഥിലമായിത്തീരുന്നത് 11ാം വയസ്സു മുതല്‍ അവള്‍ കാണുന്നു. സഹോദരന്‍ അഖില്‍ ആത്മഹത്യ ചെയ്യുന്നു. തുടര്‍ന്ന് സിയാറ്റലിലെത്തിയ അമിന പ്രസ്‌ഫോട്ടോഗ്രാഫറാവുന്നു. അതിനിടെ അമ്മ കമല, ബ്രെയ്ന്‍സര്‍ജനായ അച്ഛന്‍ തോമസ് നിശാസഞ്ചാരിയോ സ്വപ്‌നസഞ്ചാരിയോ മറ്റോ ആയിത്തീര്‍ന്നിരിക്കുകയാണെന്ന് അറിയിക്കുന്നു. ന്യൂമെക്‌സിക്കോയിലേക്കു തിരിച്ചുവന്ന അമിനയെ കാത്തിരിക്കുന്നത് ഈപ്പന്റെ പരദൂഷണക്കാരിയായ സഹോദരി ഡിംപിളാണ്. ഈ സമയത്തുതന്നെയാണ് സ്‌കൂള്‍ പഠനകാലത്ത് തന്റെ പിന്നാലെ പ്രേമാഭ്യര്‍ഥനയുമായി നടന്നിരുന്ന ജാമിയെ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ കാണുന്നതും. ജാമിയുടെ സഹോദരി അഖിലിന്റെ കാമുകിയുമായിരുന്നു. അമിനയുടെ ജീവിതം സങ്കീര്‍ണതയില്‍നിന്നു സങ്കീര്‍ണതയിലേക്ക് നീങ്ങുകയാണെന്നു തോന്നിപ്പിക്കുമെങ്കിലും കാമറയുടെ അടക്കുകയും തുറക്കുകയും ചെയ്യുന്ന ഷട്ടര്‍പോലെ ഒരുതരം നിര്‍വികാരാവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. നാളത്തെ വാഗ്ദാനമായാണ് മീരാ ജേക്കബ്ബിനെ നിരൂപകന്‍മാര്‍ വിശേഷിപ്പിച്ചു കാണുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day