|    Dec 4 Sun, 2016 11:37 am

അഭിഭാഷകര്‍ക്കെതിരായ നിലപാട്; സെബാസ്റ്റ്യന്‍ പോളിന് സസ്‌പെന്‍ഷന്‍

Published : 20th October 2016 | Posted By: SMR

കൊച്ചി: കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച വിഷയത്തില്‍ അഭിഭാഷകര്‍ക്കെതിരേ നിലപാടെടുത്ത ഡോ. സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ജഡ്ജിമാരെയും മുഴുവന്‍ അഭിഭാഷക സമൂഹത്തേയും അവഹേളിക്കുകയും ജഡ്ജിമാരുടെ അധികാരത്തെ ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന വിധത്തില്‍ സംസാരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കേണ്ട ജഡ്ജിമാര്‍ ഇതിന് മുതിരുന്നില്ലെന്നും അഭിഭാഷകരെ സഹായിക്കുന്ന നിലപാടാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതി അസോസിയേഷന്റെ നിര്‍വാഹക സമിതി പരിശോധിച്ച ശേഷമാണ് ആജീവനാന്ത അസോസിയേഷന്‍ അംഗമായ സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു. അച്ചടക്കസമിതിയുടെ അംഗീകാരത്തിനായി തീരുമാനം വിടുകയും ചെയ്തു. ഇക്കാര്യം അറിയിച്ചുകൊണ്ട് അസോസിയേഷന്‍ സെക്രട്ടറിയുടെ പേരില്‍ സെബാസ്റ്റ്യന്‍ പോളിന് നോട്ടീസ് അയച്ചു.
കോടതികളില്‍ വാര്‍ത്ത റിപോര്‍ട്ടിങിനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുകയും അക്രമിക്കുകയും ചെയ്യുന്ന അവസ്ഥ പതിവായപ്പോള്‍ കോടതികളിലെ മാധ്യമ വിലക്കിനെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചത് സെബാസ്റ്റ്യന്‍ പോളായിരുന്നു. ഹീനമായ കുറ്റകൃത്യം ചെയ്ത അഭിഭാഷകരെ സംരക്ഷിക്കുകയും ശരിയായ അഭിപ്രായം പറയുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിലപാട് വ്യക്തമാക്കുകയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചെയ്തതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day