|    Oct 27 Thu, 2016 10:29 pm
FLASH NEWS

അപരാധികള്‍, നിരപരാധികള്‍

Published : 21st November 2015 | Posted By: SMR

നവാസ്ജാന്‍

2003ല്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് ബ്രിട്ടനിലെ ടോണി ബ്ലെയറും യുഎസിലെ ജോര്‍ജ് ബുഷും 40 രാജ്യങ്ങളുടെ സേനകളുമായി ഇറാഖികളെ കൊല്ലാന്‍ തുടങ്ങി. രാജ്യങ്ങളുടെ സംഖ്യ 12 വര്‍ഷങ്ങള്‍ക്കു ശേഷം 60 ആയി വര്‍ധിച്ചു.
കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാഖിക്കും സിറിയക്കാരനും അമേരിക്കയോടോ ഫ്രാന്‍സിനോടോ യാതൊരു മുന്‍വൈരാഗ്യവുമില്ല. തലമുറകളായി അവര്‍ അന്നാടുകളില്‍ ജീവിക്കുന്നവരാണ്. അവരുടെ 14 തലമുറയുടെ ചരിത്രം എടുത്താലും അവരാരും ഒരു പാശ്ചാത്യ രാജ്യത്തും പച്ചക്കള്ളം പറഞ്ഞ് അന്നാട്ടുകാരെ കൂട്ടക്കൊല ചെയ്യുകയോ കോടികളെ അനാഥമാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല.
അതേസമയം, ഇന്നത്തെ ഫ്രഞ്ചുകാരുടെ പിതാക്കളും പ്രപിതാക്കളും അന്നും മിഡില്‍ഈസ്റ്റില്‍ കൂട്ടക്കൊല നടത്തുകയായിരുന്നു. ഇന്ന് ഇറാഖികള്‍ക്കും സിറിയക്കാര്‍ക്കും മുകളില്‍ ബോംബ് വര്‍ഷിക്കുന്നവന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും അല്‍ജീരിയയിലും മൊറോക്കോയിലും ഈജിപ്തിലും അന്നാട്ടുകാരെ കൊന്ന് ശവങ്ങള്‍ കുന്നുകൂട്ടിയിട്ട് അവയ്ക്കു മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു.
എന്നിട്ടും ഫ്രഞ്ചുകാരും അമേരിക്കക്കാരും കൊല്ലപ്പെടാന്‍ പാടില്ല എന്ന ധാരണ വെള്ളക്കാര്‍ക്കു മാത്രമല്ല. ബ്രിട്ടിഷ് ഭരണകാലത്ത് ബംഗാളില്‍ പട്ടിണി കാരണം 40 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ മരിച്ചപ്പോള്‍ ‘അവര്‍ ചാവട്ടെ, ഞാനവരെ വെറുക്കുന്നു, അവര്‍ മുയലുകളെപ്പോലെ പെറ്റുപെരുകുന്ന പ്രാകൃതക്കാരാണ്’ എന്നായിരുന്നു ചര്‍ച്ചിലിന്റെ പ്രതികരണം. അതായത്, വെള്ളക്കാരന്റെ രക്തത്തിനേ പവിത്രത അവകാശപ്പെടാന്‍ പറ്റൂ എന്നാണ് ചര്‍ച്ചിലും കൂട്ടരും കരുതിയിരുന്നത്.
പാരിസില്‍ എന്തു നടന്നു എന്നു മനസ്സിലാക്കാന്‍ ഇരുണ്ട നിറമുള്ള, പന്നികളെപ്പോലെ പെറ്റുപെരുകുന്ന, പ്രാകൃതരുടെ കൊളോണിയല്‍ ഹാങ്ങോവര്‍ ഉള്ളവര്‍ക്ക് സാധ്യമല്ല. 128 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഫ്രഞ്ച് പതാക കൊണ്ട് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി. ആരും ഒരു തെറ്റും ചെയ്യാത്ത 20 ലക്ഷത്തോളം മനുഷ്യര്‍ കഷണംകഷണമായി അവരുടെ കണ്‍മുന്നിലെന്നോണം ചിതറിത്തെറിച്ചു കത്തിക്കരിഞ്ഞപ്പോള്‍ ഒരു ഇറാഖി പതാകയോ സിറിയന്‍ പതാകയോ തങ്ങളുടെ പ്രൊഫൈലിലെ മുഖങ്ങള്‍ക്കു മുകളില്‍ ജാറം മൂടാന്‍ ഫേസ്ബുക്ക് ഉടമ എന്തുകൊണ്ട് ഇട്ടുതന്നില്ലെന്നു ചോദിക്കുന്നില്ല. തങ്ങള്‍ ഇറാഖികളാണെന്നോ സിറിയക്കാരാണെന്നോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നും ചോദിക്കുന്നില്ല.
ഇറാഖും സിറിയയും മരണത്തിന്റെ താഴ്‌വരകളാണ്. സ്വന്തമായി ഒരു യുദ്ധവിമാനമെങ്കിലുമുള്ള ഏതു രാജ്യത്തിനും മതിയാവോളം ബോംബ് വര്‍ഷിച്ചു പോകാം. ഫ്രാന്‍സും റഷ്യയും അമേരിക്കയും ആസ്‌ത്രേലിയയും ബോംബുകള്‍ പരീക്ഷിക്കുന്നു.
യുദ്ധവിമാനങ്ങളുടെ ആധിക്യം കാരണം ഏതൊക്കെ രാജ്യത്തിന് ഏതൊക്കെ സമയത്തു ബോംബിടാമെന്നു ടൈംടേബിള്‍ നിശ്ചയിച്ചിട്ടുണ്ട്. സാമന്തന്മാര്‍ക്ക് കുറച്ചു സമയം. യജമാനന്‍മാര്‍ക്ക് കൂടുതല്‍. അഴുകിയ ശവങ്ങളുടെ രൂക്ഷഗന്ധം വായുവില്‍ തങ്ങിനില്‍ക്കുന്ന വന്‍കിട നരമേധ മാമാങ്കമാണ് സിറിയയിലും ഇറാഖിലും നടക്കുന്നത്. ബോംബിടുന്ന സമയത്ത് വിമാനങ്ങള്‍ കൂട്ടിമുട്ടാതിരിക്കാനാണ് സമയവും മേഖലയും ഓരോ രാജ്യത്തിനും നിശ്ചയിച്ചുകൊടുത്തിട്ടുള്ളത്. ഫ്രാന്‍സിനുമുണ്ട് സ്വന്തമായ മേഖലയും സമയവും.
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ മൃഗീയതയാണ് അതിനു കാരണമെന്നാണ് പൊതുജനങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെയാണ് അവരെ വിശ്വസിപ്പിച്ചിരിക്കുന്നത്. പക്ഷേ, അവര്‍ മനസ്സിലാക്കേണ്ട കാര്യം, മതമൗലികവാദമല്ല ഇതിനൊന്നും കാരണം എന്നാണ്. സദ്ദാമിന്റെ ബഅസ് പാര്‍ട്ടിയില്‍ ഒരു മുസ്‌ലിമിന് അംഗത്വം നേടാന്‍ ഇസ്‌ലാമിനെ തള്ളിപ്പറയുന്നത് നിര്‍ബന്ധമായിരുന്നു. 1995 മുതലാണ് സദ്ദാം പതുക്കെ മതവിശ്വാസിയാവുന്നത്. അതപ്പോഴും തന്റെ വ്യക്തിജീവിതത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നു. പള്ളികള്‍ക്കു തൊട്ടടുത്തു വരെ മദ്യശാലകള്‍ അദ്ദേഹം അനുവദിച്ചു.
ഇസ്‌ലാമിക് സ്‌റ്റേറ്റ് കാണാന്‍ കഴിയുന്ന ഒരു ഘടനയായി വന്നത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. അപ്പോഴേക്കും 15 ലക്ഷത്തോളം ഇറാഖികളെ അമേരിക്കയും ഫ്രാന്‍സും അടങ്ങുന്ന സഖ്യകക്ഷികള്‍ കൊന്നുകഴിഞ്ഞിരുന്നു. മാഡലിന്‍ ആള്‍ബ്രൈറ്റ് യുഎസ് വിദേശകാര്യ സെക്രട്ടറി ആയിരുന്നപ്പോള്‍ അഞ്ചു ലക്ഷം കുഞ്ഞുങ്ങള്‍ ഉപരോധം മൂലം മരിച്ചു. ‘ന്യായമായ വില’ എന്നാണ് മാതാവായിരുന്ന ആള്‍ബ്രൈറ്റ് ആ കൂട്ടമരണത്തെ വിലയിരുത്തിയത്.
ഇറാഖില്‍ അന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് പോയിട്ട് ഒരു ഇസ്‌ലാമിസ്റ്റ് പോലുമുണ്ടായിരുന്നില്ല. പൊതുവില്‍ ഇറാഖി മുസ്‌ലിംകള്‍ സൂഫികളായിരുന്നു. ജാറവും ഭജനയും ധ്യാനവും കൊന്തയുമായി പാടിനടന്ന നഖ്ശബന്ദികളും ഖാദിരികളും ദര്‍വീശുകളും. അവര്‍ക്ക് രാഷ്ട്രീയമെന്നൊരു സംഗതിയേ ഉണ്ടായിരുന്നില്ല. മതമെന്നാല്‍ അര്‍ധസുഷുപ്തിയില്‍ ലഭിക്കുന്ന ഒരു ഹാലൂസിനേഷന്‍ ആയിരുന്നു. ഒരു കാലില്‍ അനന്തമായി തിരിഞ്ഞാല്‍ കിട്ടുന്ന ഒരു പുക!
എന്നിട്ടും 15 ലക്ഷത്തോളം പച്ചമനുഷ്യരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന സഖ്യം മൃഗീയമായി കൊന്നുകളഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇല്ലാതിരുന്ന കാലത്താണ് അവര്‍ ഏറ്റവും കൂടുതല്‍ ഇറാഖികളെ കൊന്നത്. കൃത്യമായി പറഞ്ഞാല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് മൗസില്‍ അടക്കം ഇറാഖിലെയും സിറിയയിലെയും മൂന്നിലൊന്നു ഭാഗം കീഴടക്കിയിട്ടും മൂന്നോ നാലോ പേരെ ഓരോന്നായി കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്നു കഴുത്തറുത്തപ്പോള്‍ മാത്രമാണ് അമേരിക്കക്കും ഫ്രാന്‍സിനും ബ്രിട്ടനും അതൊരു മാനുഷിക പ്രശ്‌നമാണെന്നു തോന്നാന്‍ തുടങ്ങുന്നത്.
അതുവരെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഒരു ഇറാഖി ആഭ്യന്തരപ്രശ്‌നം മാത്രമായിരുന്നു. ലോകത്തിനു ചില അമേരിക്കക്കാര്‍ കൊല്ലപ്പെട്ടു എന്നതു മാത്രമായിരുന്നു വാര്‍ത്ത. അവരുടെ ‘അനിസ്‌ലാമികത’യുടെ ഏറ്റവും പ്രധാനമായ തെളിവ് അതായിരുന്നു. ‘മുഖ്യധാര’യുമായി സമരസപ്പെടാന്‍ ഐഎസിനെതിരേ ഫത്‌വ ഇറക്കുന്നവര്‍ക്കും അപ്പോഴാണ് ദേഷ്യം വന്നത്. 20 ലക്ഷം അറബ് ശവങ്ങള്‍ക്കിടയില്‍ നിന്നുയര്‍ന്ന ഒരു പ്രതിരോധ വിഭാഗമാണ് ഐഎസ് എന്ന ദായിഷ്.
എന്തായാലും ഈ കുറിപ്പ് ഒരു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ നിയമസാധുത നിര്‍ണയിക്കാനുള്ളതല്ല. ഇസ്‌ലാം എന്നാല്‍ ഏറ്റവും വലിയ നെഗറ്റീവ് ആശയമായും അതിന്റെ പ്രായോജകര്‍ കൊല്ലപ്പെടാനുള്ളതാണെന്നും അവര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് മഴ പോലെ, വെയില്‍ പോലെ, നിഴല്‍ പോലെ തികച്ചും സാധാരണമായ ഒരു സംഗതിയാണെന്നും കരുതുന്നതാണ് ലോകം. എന്നാല്‍, അവര്‍ ജെയിംസ് കാമറോണിന്റെ അവതാര്‍ സിനിമയിലെ പണ്ടോറ എന്ന ഏതോ ഒരു ഗ്രഹത്തില്‍ താമസിക്കുന്ന, നീലനിറത്തിലുള്ള രക്തവും കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ഉള്ളവരല്ല. അവര്‍ ചിന്താശേഷിയുള്ള ജീവികളാണെന്ന് കരുതാനുള്ള ദയ കാണിക്കുക.
എന്തുകൊണ്ട് 61 രാജ്യങ്ങള്‍ ഒരു ഉത്സവം പോലെ ഇറാഖികളെയും സിറിയക്കാരെയും കൊന്നുകൊണ്ടിരിക്കുന്നു? ഉത്തരം ലളിതമാണ്: അമേരിക്കക്കാര്‍ക്കും യൂറോപ്യര്‍ക്കും തങ്ങളുടെ നാട്ടില്‍ തങ്ങള്‍ അങ്ങേയറ്റം സുരക്ഷിതരാണെന്ന് ഉറപ്പുണ്ട്. ഒരു ഇറാഖിക്കോ സിറിയക്കാരനോ ബോംബര്‍ വിമാനങ്ങളുമായി വന്ന് അനേകായിരം കിലോമീറ്റര്‍ അപ്പുറത്തുള്ള പാതകളില്‍ ബോംബ് വര്‍ഷിക്കാനോ തങ്ങളുടെ നൈറ്റ് ലൈഫ് ശല്യപ്പെടുത്താനോ സാധ്യമല്ലെന്ന് അവര്‍ കരുതുന്നു. കാരണം, അതുകൊണ്ടാണ് സിറിയക്കാരേക്കാള്‍ ഫ്രാന്‍സിനു ഭീഷണിയുള്ള റഷ്യയെ ഫ്രാന്‍സ് ആക്രമിക്കാത്തത്.
അതുകൊണ്ടാണ് ഇറാഖിലും സിറിയയിലും 20 ലക്ഷം എണ്ണിയ ധാര്‍മികതയ്ക്ക് ഒരു 126 കൂടി എണ്ണാന്‍ കഴിയുന്നത്. മനുഷ്യനു ധാര്‍മികത എന്താണെന്നു മനസ്സിലാകാന്‍ തിരിച്ചുകിട്ടും എന്ന ബോധ്യം അത്യാവശ്യമാണ്. പാരിസിലെ കൊലയില്‍ മാത്രം അനുശോചിക്കാന്‍ തയ്യാറാവുന്നവര്‍ക്കും ഈ ബോധ്യം ഗുണം ചെയ്യും. തിരിച്ചുകിട്ടുമെന്ന ഭീതി കൊണ്ട് സമാധാനം ഒരുപക്ഷേ പുലര്‍ന്നാലോ? മ്യൂച്വലി അഷ്വേര്‍ഡ് ഡിസ്ട്രക്ഷന്‍ എന്നായിരുന്നു ശീതസമരകാലത്ത് അതിനുണ്ടായിരുന്ന സാങ്കേതിക നാമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day