|    Oct 21 Fri, 2016 6:41 pm
FLASH NEWS

അന്വേഷണം ലക്ഷ്യപ്രാപ്തിയുടെ അടയാളമാണ്

Published : 20th November 2015 | Posted By: G.A.G

അബ്ബാസ് കാളത്തോട്
ഭാഷയും സാഹിത്യവും വരേണ്യരുടെ കൊത്തളങ്ങളില്‍ തളയ്ക്കപ്പെട്ട കാലഘട്ടത്തില്‍ ദ്രാവിഡത്തനിമയുടെ ചൂരും ചുണയുമുള്ള കീഴാള കാവ്യ വിചാരവും ഭാഷാ സംസ്‌കൃതിയും മലയാളത്തില്‍ നിലനിന്നിരുന്നു. മാപ്പിളപ്പാട്ട് എന്ന കാവ്യശാഖയും ഇതില്‍ ഉള്‍പ്പെടുന്നു. അവര്‍ണ്ണര്‍ക്ക് അക്ഷരം നിഷേധിച്ച വ്യവസ്ഥിതിയോട് കലഹിക്കുകയായിരുന്നു ആ നാടന്‍ ശീലുകള്‍.സംസ്‌കൃതവൃത്ത നിരാസത്തിലൂടെ ആഢ്യത്വത്തിന്റെ നുകക്കീഴില്‍നിന്നും മലയാളത്തെ അടിയാളരിലേക്കു സംക്രമിപ്പിച്ചതില്‍ മാപ്പിളപ്പാട്ടുകള്‍ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. anve 1

സരളമായ ഭാഷയും ചേതോഹരമായ ശൈലിയും നിരക്ഷരര്‍ക്കുപോലും ആസ്വാദ്യമായി. വൃത്തനിരാസമാവട്ടെ അതുവരെയുണ്ടായിരുന്ന വരേണ്യ കവികളുടെ വൃത്തവിചാരത്തിനു കടകവിരുദ്ധവുമായിരുന്നു. ഇതുപക്ഷേ, മാപ്പിളപ്പാട്ടുകള്‍ക്ക് വൃത്തമില്ലെന്ന തെറ്റായ ധാരണയുണ്ടാക്കി. ഇശലുകള്‍തന്നെയാണ് വൃത്തം. ഇശലുകളാവട്ടെ ഹിന്ദുസ്ഥാനി രാഗങ്ങളോടാണ് ഇണചേര്‍ന്നു നില്‍ക്കുന്നത്.

ഈണത്തില്‍ പാടാവുന്ന ഇശലുകളില്‍ മെനഞ്ഞെടുത്ത ശാലീന സുന്ദരമായ ഒരു ഗാനാവിഷ്‌കാരമാണ് മുഹ്‌യുദ്ദീന്‍ മാല. മുഹ്‌യിദ്ദീന്‍ മാല ഒരു ചരിത്രകാവ്യമല്ല. ചരിത്രപുരുഷന്റെ അപദാന കീര്‍ത്തനമാണ്. ഇതില്‍ ആധ്യാത്മിക ചിന്തയും തത്ത്വചിന്തയുംം സമഞ്ജസമായി സന്നിവേശം ചെയ്തിരിക്കുന്നു. അറിയപ്പെട്ടതില്‍ ഏറ്റവും പഴക്കമുള്ള മാപ്പിളകാവ്യമാണിത്.

കൊല്ലവര്‍ഷം 782/ക്രിസ്തുവര്‍ഷം 1607 കോഴിക്കോട് ചാലിയം ‘തുറ’യിലെ ഖാളി മുഹമ്മദാണ് മാല രചിച്ചത്. ഇത് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ആധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ച കാലംതന്നെയാണ്. സംസ്‌കൃതശൈലിയെ നാടന്‍ ശീലിലേക്ക് പരിവര്‍ത്തിപ്പിച്ചത് എഴുത്തച്ഛനാണ്. എന്നാല്‍, ആര്യസംസ്‌കാരത്തിന്റെ ആകാരപ്പൊലിമ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു ഭാഷാ പിതാമഹന്‍. സംസ്‌കൃതത്തെ മലയാളത്തിലേക്ക് ഏച്ചുകെട്ടുകവഴി ആദി ദ്രാവിഢത്തനിമയെ നിരാകരിക്കുകയായിരുന്നു അദ്ദേഹം. രാമായണം കിളിപ്പാട്ടിലെ സന്ദര്‍ഭങ്ങള്‍ ഉദാഹരണങ്ങളാണ്. ”ചന്ദ്രികാ മന്ദസ്മിത സുന്ദരനനപൂര്‍ണ്ണചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം”ബ്രഹ്മാവിനു പ്രത്യക്ഷനായി നില്‍ക്കുന്ന മഹാവിഷ്ണുവിന്റെ വാങ്മയ ചിത്രമാണിത്. എഴുത്തച്ഛന്റെ ഭാവസമ്പന്നമായ ചമല്‍ക്കാരാലങ്കാരങ്ങള്‍ ശ്ലാഘിക്കുന്നതോടൊപ്പം സംസ്‌കൃതത്തിന്റെ അതിപ്രസരം ശുദ്ധമലയാളത്തെ അന്യം നിര്‍ത്തിയെന്ന വസ്തുത വിസ്മരിക്കാവതല്ല.അറബി മലയാളത്തിലുള്ള കാവ്യമായതിനാലാവണം മുഹ്‌യിദ്ദീന്‍ മാല മാപ്പിളമാരുടെ ഇത്തിരിവട്ടത്തിലൊതുങ്ങിപ്പോയത്.

anve 4കാവ്യത്തിന്റെ ആഴങ്ങളറിയാതെ പാടുന്നത് പുണ്യമാണെന്നു കരുതിയ പഴമക്കാരാണ് ഈ കാവ്യത്തെ നിലനിര്‍ത്തിയത്. എന്റെ ബാല്യത്തില്‍ സന്ധ്യാനേരങ്ങളില്‍ നമസ്‌കാര പായയിലിരുന്ന് മുഹ്‌യിദ്ദീന്‍ മാല ശ്രുതിമധുരമായി ആലപിച്ചിരുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. മാലയുടെ പൊരുള്‍ തേടിയുള്ള അന്വേഷണം അവിടം മുതല്‍ക്കാണാരംഭിച്ചത്. ”മലയാള സാഹിത്യമെഴുതിയവരുടെ ശ്രദ്ധയില്‍ മാപ്പിളകാവ്യങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കാത്തത് മുസ്്‌ലിംകളുടെ അബദ്ധമാണെങ്കില്‍, അവ തേടിപ്പിടിക്കാന്‍ ശ്രമിക്കാത്തത് സാഹിത്യ രചനക്കൊരുങ്ങിയവരുടെ പൊറുക്കാനാവാത്ത പാപമാണ്” എന്നു ശൂരനാട് കുഞ്ഞന്‍പിള്ള പറഞ്ഞത് എത്രമാത്രം ആത്മാര്‍ത്ഥമാണ്. ” മുത്തും മാണിക്യവും കലര്‍ത്തികോര്‍ത്ത” പോലുള്ള മാലയിലെ 155 വരികളും കാവ്യാംശം മുറ്റി നില്‍ക്കുന്നവയത്രെ!

കാവ്യത്തിന്റെ പ്രാരംഭം സ്തുതികീര്‍ത്തനമാണ്. ”അള്ളാതിരുപേരും സ്തുതിയും സലാവാത്തുംഅതിനാല്‍ തുടങ്ങുവാന്‍ അരുള്‍ചെയ്ത വേദാമ്പര്‍”കാവ്യം അവസാനിക്കുന്നതാവട്ടെ പ്രവാചക പ്രകീര്‍ത്തനത്തിലാണ്. ”നല്ലെ സലാവാത്തും നല്ലെ സലാമെയും നിന്റെ മുഹമ്മദിനേകണം നീ അള്ളാ”മാപ്പിള മലയാളത്തനിമയുടെ ശ്രേഷ്ഠമായ ആവിഷ്‌കാരമാണിത്. ഒരു ഭക്തകവിയുടെ അപദാനകീര്‍ത്തനങ്ങളില്‍ ‘ശിര്‍ക്കി’ന്റെ അപഖ്യാതികള്‍ അടിച്ചേല്‍പ്പിക്കുന്നത് വാസ്തവികതയ്ക്കു നിരക്കുന്നതല്ല. ”പാലിലെ വെണ്ണപോല്‍ ബൈത്താക്കി ചൊല്ലുന്നേന്‍ഭാഗിയം ഉള്ളവര്‍ ഇതിനെ പഠിച്ചോവര്‍”വെണ്ണ ഒരു അദൃശ്യസത്യം ആണെന്നിരിക്കെ അതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവര്‍ക്ക് അതു മിഥ്യയായി അവശേഷിക്കുന്നു. വെണ്ണ ലഭിക്കുവാന്‍ പാല്‍ പുളിപ്പിക്കുകയും അതു കടഞ്ഞെടുക്കുകയും വേണം. ‘അറിവില്ലാലോകരെ’ ഇത് അയുക്തിയുടെ കളങ്ങളിലേക്കാണെത്തിക്കുക.

മുഹ്‌യിദ്ദീന്‍ മാലയിലെ പഞ്ചമിശ്രഭാഷയും ഉപമാലങ്കാരങ്ങളും പ്രത്യേകിച്ച് അതിശയോക്തി അലങ്കാരങ്ങളും പിടികിട്ടാത്തവരാണ് കാവ്യത്തെ കാവ്യമായി കാണാതെ വിമര്‍ശനത്തിന്റെ മുന കൂര്‍പ്പിക്കുന്നത്. പാരമ്പര്യം ചരിത്രവും യുക്തി അതിന്റെ രീതിയുമാണ്ചരിത്രാതീതകാലം അടയാളപ്പെടുത്താന്‍ ബാബിലോണിയന്‍ സമ്പ്രദായമായ കല്‍പഗണിതത്തെയാണ് കേസരി ബാലകൃഷ്ണപിള്ള ആശ്രയിച്ചത്. മുഹ്‌യിദ്ദീന്‍ മാലയുടെ രചനാകാലം ഇങ്ങനെ ഗണിച്ചെടുക്കേണ്ട കാര്യമില്ല. കാരണം, കവിയും കാലവും കാവ്യത്തില്‍ സുവ്യക്തമാണ്. anve 2”കൊല്ലം എഴുന്നൂറ്റി രണ്ടില്‍ ഞാന്‍ കോര്‍ത്തേന്‍ ഈ മാലേനെ നൂറ്റമ്പത്തഞ്ചുമ്മേല്‍””ഖാളി മുഹമ്മദെന്നു പേരുള്ളോവര്‍കോഴിക്കോട്ടു തുറ തന്നില്‍ പിറന്നോവര്‍”എന്നാല്‍ ഇതംഗീകരിക്കാന്‍ ചിലര്‍ക്ക് വൈക്ലബ്യമുണ്ട്. ”ചരിത്രരേഖകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ് ഖാളി മുഹമ്മദല്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ കൃതി രചിക്കപ്പെട്ടതെന്നും പണ്ഡിതോചിതമായി സമര്‍ഥിക്കുകയാണ് വിഎം കുട്ടി.”വിഎം കുട്ടിയുടെ ”മാപ്പിളപ്പാട്ടിന്റെ ലോകം” എന്ന പുസ്തകത്തിന് അവതാരിക എഴുതിയ ആലങ്കോട് ലീലാകൃഷ്ണന്റെ ഈ പ്രസ്താവന അവതാരികക്കാരന്റെ മുഖസ്തുതി പ്രസംഗമായി തള്ളിക്കളയാം. പക്ഷേ, യുക്തിഭദ്രമായി ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ ഈ പ്രസ്താവനയെ ഖണ്ഡിക്കേണ്ടി വരുന്നു.

”കൊല്ലം എഴുന്നൂറ്റി എമ്പത്തിരണ്ടില്‍ ഞാന്‍കോര്‍ത്തേന്‍ ഈ മാലേനെ നൂറ്റമ്പത്തഞ്ചുമ്മേല്‍”ഈ ഈരടിയില്‍ നിന്നും മാല വിരചിതമായത് കൊല്ലവര്‍ഷം 782 ലാണെന്ന് സുവ്യക്തമാണ്. കൊല്ലവര്‍ഷാരംഭമാവട്ടെ ക്രിസ്തുവര്‍ഷം 825 ലാണ്. 825 നോട് 782 കൂട്ടുമ്പോള്‍ മാലയുടെ കാലം ക്രി. 1607 ലാണെന്നു കണ്ടെത്തുന്നു. കൊല്ലവര്‍ഷവും ജോര്‍ജിയന്‍ കലണ്ടറുമായി ദിവസങ്ങളില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍, ഹിജ്‌റ വര്‍ഷവും ജോര്‍ജിയന്‍ കലണ്ടറുമായി വര്‍ഷത്തില്‍ പതിനൊന്നു ദിവസത്തെ വ്യത്യാസം കാണുന്നു. ചാന്ദ്രമാസങ്ങള്‍ 29-30 ദിവസങ്ങളില്‍ ക്ലിപ്തമാവുന്നതുകൊണ്ടാണിത്. ഹിജറവര്‍ഷം ആരംഭിക്കുന്നത് ക്രി. 622 ലാണ്. anve3ഇപ്പോഴത്തെ ഹി. 1436 നോട് 622 കൂട്ടുമ്പോള്‍ 2058 ആണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് ക്രി. 2015 ലഭിക്കാത്തത്? അഥവാ 2015 ല്‍നിന്ന് 622 കുറയ്ക്കുമ്പോള്‍ ഹി. 1393 ലഭിക്കുന്നു. എന്തുകൊണ്ട് ഹി. 1436 ലഭിക്കുന്നി? ക്രി. 2015 ലെത്തുമ്പോള്‍ ഹിജറവര്‍ഷത്തില്‍ 44 അധികവര്‍ഷങ്ങളുണ്ടെന്നു കണ്ടെത്താനാവും. ഈ വസ്തുത മനസ്സിലാക്കിയവര്‍ക്ക് മുഹ്‌യിദ്ദീന്‍ മാലയുടെ രചനാകാലം കൃത്യമായി ഗണിച്ചെടുക്കാനാവും.മുഹ്‌യിദ്ദീന്‍ മാലയുടെ രചനാകാലമായ കൊല്ലവര്‍ഷം782 ല്‍നിന്നും ഇപ്പോഴത്തെ കൊ. 1190 വരെ 408 വര്‍ഷമുണ്ട്. ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരവും 1607 – 2015 = 408. ഹിജറ വര്‍ഷത്തിലെ 11 അധികദിവസങ്ങള്‍ 408 നോട് ഗുണിക്കുമ്പോള്‍ 4488 ദിവസങ്ങള്‍ ലഭിക്കുന്നു. ഇത് 12 വര്‍ഷവും 118 ദിവസവുമാണ്. ഇതുപ്രകാരം ഹിജറവര്‍ഷം കണക്കാക്കുമ്പോള്‍ മുഹ്‌യിദ്ദീന്‍ മാലയുടെ കാലഘട്ടം ഹി. 1016 എന്നു കാണാം. 1016 + 408 + 12 = 1436. ഖാളി മുഹമ്മദിന്റെ ജനനം ഹി. 980 ആയും മരണം ഹി. 1025 ആയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിഎം കുട്ടിയുടെ മറ്റൊരു ആക്ഷേപം കാണുക:”മോയിന്‍കുട്ടി വൈദ്യര്‍പോലുള്ള കവികള്‍ തമിഴ്ഭാഷയും തമിഴ് ശീലുകളും പഠിക്കാന്‍ തേങ്ങാപട്ടണം, കായല്‍പട്ടണം തുടങ്ങിയ നാടുകളില്‍ പോയി തമിഴ് പുലവന്മാരുടെ ശിഷ്യത്വം സ്വീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പുകളില്‍ കാണുന്നു. ഇങ്ങനെ തമിഴ്ഭാഷയോ തമിഴ്ശീലുകളോ അഭ്യസിക്കാന്‍ ഖാളി മുഹമ്മദ് പോയതായോ ഏതെങ്കിലും ഒരു തമിഴ് പുലവരെ ഗുരുവായി സ്വീകരിച്ചതായോ അദ്ദേഹത്തിന്റെ ചരിത്രരേഖകളിലാരുംതന്നെ പ്രസ്താവിച്ചു കാണുന്നില്ല”. ഇപ്പറഞ്ഞത് ശുദ്ധഭോഷ്‌കാണെന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ വാക്കുകളില്‍നിന്നും വായിച്ചെടുക്കാം. ”തമിഴിലെ ചെയ്യുള്‍ വികാരങ്ങളായ വലിത്തലും മെലിത്തലും നീട്ടലും കുറുക്കലും വിരിത്തലും തൊകുത്തലും മുഹ്‌യിദ്ദീന്‍ മാലയിലെ പദസംവിധാനത്തില്‍ പ്രകടമാണ്. തമിള്‍ വയ്യാകാരണന്മാര്‍ തമിഴ് കവിതകളില്‍ വടചൊല്‍/സംസ്‌കൃത പദങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവയ്ക്ക് ”ആരിയ ചിതൈവ്” വരുത്തണമെന്നു നിര്‍ബന്ധിക്കുന്നു. മാപ്പിളപ്പാട്ടുകാരാവട്ടെ, വടചൊല്ലിനു മാത്രമല്ല, അറബി പദങ്ങള്‍ക്കും ആരിയ ചിതൈവ് വരുത്തുന്നതില്‍ ശ്രദ്ധാലുക്കളാണ്. മുഹ്‌യിദ്ദീന്‍ മാലയില്‍ കാണപ്പെടുന്ന ഈ പാരസ്പര്യം യാദൃച്ഛികതയല്ല. അറബി മലയാള സാഹിത്യത്തിലേക്കുള്ള മാപ്പിള സംസ്്കാരികതയുടെ പരിണാമ ദശയെയാണ് സൂചിപ്പിക്കുന്നത്. മുഹ്‌യിദ്ദീന്‍ മാലയിലെ ഗാനരീതി അറബിയിലെ ”ഖഫീഫ്” വൃത്തത്തോടും മലയാളത്തിലെ ”കാകളി”യോടും അറബിത്തമിഴിലെ ”നന്തിര്‍വാരകണ്ണി”യോടും ഒരുപോലെ സാദൃശ്യം സൂചിപ്പിക്കുന്നു.

അറബിയിലും തമിഴിലും മലയാളത്തിലും വ്യുല്‍പ്പത്തി നേടിയ ഒരു ബഹുഭാഷി കവിക്കേ മുഹ്‌യിദ്ദീന്‍ മാലയുടെ കവന കൗതുകം സുസാധ്യമാവൂ എന്നു സാരം. ഖാളി മുഹമ്മദിന്റെ ജീവചരിത്രം അതിലേക്കാണ് വെളിച്ചം വീശുന്നത്.ക്രി. 1572 ല്‍ ജനിക്കുകയും ക്രി. 1617 ല്‍ മരിക്കുകയും ചെയ്ത ഖാളി മുഹമ്മദ് എന്ന മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ്, അദ്ദേഹത്തിന്റെ 35 ാമത്തെ വയസ്സില്‍ ക്രി. 1607 ല്‍ മുഹ്‌യിദ്ദീന്‍ മാല രചിച്ചു. ചാലിയം ‘തുറ’യില്‍ വസിച്ചിരുന്ന കോഴിക്കോട് വലിയ ഖാളി അബ്ദള്‍ അസീസായിരുന്നു ഖാളി മുഹമ്മദിന്റെ പിതാവ്. പൊന്നാനി ദര്‍സിലെ വിദ്യാഭ്യാസകാലത്ത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പിതൃസഹോദരനായ അബ്ദുള്‍ അസീസ് മഖ്ദൂമായിരുന്നു ഖാളിമുഹമ്മദിന്റെ ഗുരുവര്യന്‍. അറബി, ഉര്‍ദു, തമിഴ്, സംസ്‌കൃതം, മലയാളം ഇത്യാദി ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.മഖ്ദൂമുമാര്‍ ബഹുഭാഷാ പണ്ഡിതന്മാരായിരുന്നുവെന്നു മാത്രമല്ല, പൊന്നാനി ദര്‍സില്‍ ഈ ഭാഷകള്‍ പഠിപ്പിച്ചിരുന്നു.

യമനില്‍ നിന്നും തമിഴ്‌നാട്ടിലെത്തി മധുര, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, നാഗൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്്‌ലാമിക പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം ഹിജ്‌റ ഒമ്പതാം ശതകത്തിലാണ് മഖ്ദൂം കുടുംബം പൊന്നാനിയിലെത്തി ദര്‍സ് സ്ഥാപിക്കുന്നത്. ഖാദിരിയ്യ തരീഖത്തിന്റെ ശൈഖുമാരായിരുന്നു മഖ്ദൂമുമാര്‍. മഖ്ദൂം എന്നാല്‍ ശൈഖ് എന്നുതന്നെയാണ് വിവക്ഷ. ഇതിത്രയും വ്യക്തമാക്കിയത് ഖാളി മുഹമ്മദിന്റെ ജ്ഞാനവും സരണിയം ഗുരുത്വവും ബോധ്യപ്പെടുത്താന്‍ കൂടിയാണ്.സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സായുധ സമരത്തിനാഹ്വാനം ചെയ്തുകൊണ്ടെഴുതിയ ‘തഹ്‌രീളു അലല്‍ ഈമാനി വഅലാ ജിഹാദി അബദത്തി സുല്‍ബാനി” എന്ന കൃതിയും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ”തുഫ്ഹത്തുല്‍ മുജാഹിദീന്‍ ഫീ അഹ്്ബാറില്‍ ബുര്‍ത്തുകാലിയ്യീന്‍” എന്ന ഗ്രന്ഥവും ഖാളി മുഹമ്മദിന് ഏറെ പ്രചോദനമായിട്ടുണ്ട്. പോര്‍ച്ചുഗീസ് കോയ്മയ്‌ക്കെതിരെ സുധീരം പടപൊരുതിയ വീരനായകന്‍ കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമന്‍/പട്ടുമരയ്ക്കാര്‍, ക്രി. 1571 ല്‍ പോര്‍ച്ചുഗീസ് അധീനതയില്‍നിന്നും ചാലിയം കോട്ട വീണ്ടെടുത്ത സ്‌തോഭജനകമായ ചരിത്ര മുഹൂര്‍ത്തം വര്‍ണ്ണോജ്വലമായി ആവിഷ്‌കരിച്ച ”ഫത്ഹുല്‍ മുബീന്‍” എന്ന അറബിഗ്രന്ഥം രചിച്ചുകൊണ്ടാണ് ഖാളി മുഹമ്മദ്, മഖ്ദൂമുമാരുടെ സാഹിതീയ പിന്‍തുടര്‍ച്ചയ്ക്കും സാമ്രാജ്യത്വവിരുദ്ധതയ്ക്കും അവകാശിയാവുന്നത്. ഇതുകൂടാതെ പതിനഞ്ചോളം അറബിഗ്രന്ഥങ്ങള്‍ അദ്ദേഹം അനുവാചക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്.

”കണ്ടന്‍ അറിവാളന്‍ കാട്ടിത്തരുമ്പോലെ ഖാളി മുഹമ്മദെന്നു പേരുള്ളോവര്‍കോഴിക്കോട്ടെത്തുറ തന്നില്‍ പിറന്നോവര്‍കോര്‍വ ഇതൊക്കെയും നോക്കി എടുത്തോവര്‍”ജ്ഞാനമില്ലാത്തവര്‍ കാവ്യത്തിന് പാഠഭേദം ചമയ്ക്കുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. വിഎം കുട്ടി ഈ വരികള്‍ക്ക് അര്‍ത്ഥകല്‍പ്പന നടത്തിയതു കാണുക:”പണ്ഡിതന്‍മാര്‍ കാണിച്ചുതന്നതനുസരിച്ച് കോഴിക്കോട്ടുകാരനായ ഖാളിമുഹമ്മദ് ഈ മാല നോക്കിയെടുത്തു/ക്രോഡീകരിച്ചു”കോര്‍വ എന്ന പദത്തിന് നോക്കിയെടുത്തു, ക്രോഡീകരിച്ചു എന്നൊക്കെയാണ് കുട്ടിസാഹിബിന്റെ നിഘണ്ടുവിലെ അര്‍ത്ഥം. എന്നാല്‍, എന്താണീ കോര്‍വ എന്ന് ഡോ. ഉമര്‍ തറമേല്‍ അദ്ദേഹത്തിന്റെ ”മാപ്പിളപ്പാട്ട് പാഠവും പഠനവും” എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്”തമിഴകത്തെ ശൈവന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെ രചനാശൈലി/കോര്‍വ പിന്‍തുടര്‍ന്നുകൊണ്ടാണ് അറബിമലയാളത്തിലെ മാല രചിക്കപ്പെട്ടതെന്ന് ചരിത്ര പണ്ഡിതന്‍മാര്‍ വിലയിരുത്തുന്നു”.അതേ പുസ്തകത്തില്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് കോര്‍വകളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ”തമിഴകത്ത് നിലവിലുണ്ടായിരുന്ന കോര്‍വകളെ അടിസ്ഥാനമാക്കിയാണ് മുഹ്‌യിദ്ദീന്‍മാല രചിക്കപ്പെട്ടതെന്നും കോറമണ്ഡല്‍ തീരത്ത് ഏറെ പ്രചാരമുണ്ടായിരുന്നവയാണീ കോര്‍വകളെന്നും തമിഴകത്ത് ശൈവന്മാര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഭക്തിഗീതങ്ങളുടെ തുടര്‍ച്ചയാണീ കോര്‍വകളും അവയിലെ ഇരവുകളുമെന്നും പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അറബിമലയാളത്തെ ഇസ്്‌ലാമിക പ്രചരണത്തിനുള്ള ബോധനഭാഷയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ഖാളി മുഹമ്മദ് ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു.”ഖാളി മുഹമ്മദിന്റെ യുക്തി ഭദ്രമായ ചരിത്രമറിയാതെ ആ പ്രതിഭാവിലാസത്തെ തമസ്‌കരിക്കുന്നതിലെ യുക്തിയെന്താണ്?’മൗലീദ്’ എന്ന പദത്തിന്റെ ലോപിച്ച മലയാള പദമല്ല മാല എന്നത്. പലരും അങ്ങനെ ധരിച്ചുവശായിട്ടുണ്ട്. ഭക്തി പ്രസ്ഥാനകാലത്ത് വിരചിതമായ ‘മുകുന്ദമാല’; ‘ഭരതമാല’ എന്നിത്യാദികളെ അനുകരിച്ചുതന്നെയാവണം ഖാളിമുഹമ്മദ് തന്റെ കൃതിക്ക് മുഹ്‌യിദ്ദീന്‍മാല എന്ന ശീര്‍ഷകം കണ്ടെത്തിയത്. മുത്തും മാണിക്യവും കോര്‍ത്ത പോലെയാണല്ലോ അദ്ദേഹം മുഹ്‌യിദ്ദീന്‍ ‘മാല’ കോര്‍ത്തെടുത്തത്. ”അവര്‍ ചൊന്ന ബൈത്തീന്നും ബഹ്ജ കിത്താബിന്നുംഅങ്ങനെ തക്മില തന്നിനും കണ്ടോവര്‍” ഈ ഈരടിക്ക് വിഎം കുട്ടിയുടെ വ്യാഖ്യാനം കാണുക: ”അവര്‍ ചൊന്ന ബൈത്ത് എന്നത് അതിന്റെ തൊട്ടുമുകളില്‍ പ്രസ്താവിച്ചത് ഖാളിമുഹമ്മദിന്റെ പേരായതുകൊണ്ട് ഖാളി മുഹമ്മദ് രചിച്ച കവിതയില്‍ നിന്നും ബഹ്്ജ-തക്മില തുടങ്ങിയ ഗ്രന്ഥങ്ങളില്‍നിന്നും കണ്ടെടുത്തു എന്നു മാത്രമേ നമുക്കു മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ.

”ഇത്രമാത്രമേ വിഎം കുട്ടിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ” അവര്‍ ചൊന്ന ബൈത്ത്” എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശൈഖ് അബ്ദുള്‍ഖാദര്‍ ജീലാനി രചിച്ച ഖസീദ അയ്‌നിയ്യ, ഖസീദ നൂനിയ്യ, ഖസീദ ബാഇയ്യ, ഖസീദ ഗൗസിയ്യ, ഖസീദ ലാമിയ്യ മുതലായ കവിതകളാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാല അധ്യാപകനും പണ്ഡിതകേസരിയുമായിരുന്ന നൂറുദ്ദീന്‍ അബുല്‍ഹസന്‍ ശത്‌നൂഫിയുടെ ”ബഹജത്തുല്‍ അസ്‌റാര്‍” എന്ന ഗ്രന്ഥമാണ് ബഹ്ജ. ശൈഖ് ജീലാനിയുടെ ”ഫത്ഹുല്‍ ഗയ്ബ്”ലെ ”തകമിലതുന്‍ ഫീ ദിക്‌രി’യാണ് തക്മില എന്നതു കൊണ്ടുദ്ദേശിച്ചത്. ഇതെല്ലാം അവലംബിച്ചാണ് മുഹ്‌യിദ്ദീന്‍മാല രചിച്ചതെന്നാണ് നടേ ഉദ്ധരിച്ച ഈരടിയുടെ സാരാംശം. ഇതേക്കുറിച്ച് ജ്ഞാനമില്ലാത്തവരെക്കുറിച്ചും കാവ്യത്തില്‍ പരാമര്‍ശമുണ്ട്. ”ഇതിയില്‍ വലിയ വിശേഷം പലതുണ്ട്അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെഅധികം അറിവാന്‍ കൊതിയുള്ള ലോകരെ അറിവാക്കന്മാരോട് ചോദിച്ചു കൊള്‍വീരെ”ഉദ്‌ബോധനം: കവിതയില്‍ ”അള്ള” എന്നു മലയാളത്തിലെഴുതുന്നത് അരോചകമായിരിക്കാം.

പകരം ‘അല്ല’ എന്നെഴുതിയാല്‍ ‘ചീ’ എന്ന അര്‍ത്ഥവ്യതിയാനമുണ്ടാവും. ആസ്വാദനത്തില്‍ ‘അള്ള’ എന്ന പദത്തിനുപകരം ഈശ്വരന്‍ എന്നാണ് ചേര്‍ത്തിട്ടുള്ളത്. ദൈവം എന്നെഴുതിയാല്‍ പോരെ എന്നു ചോദിക്കുന്നവരുണ്ടാവാം. രണ്ടിനും അര്‍ത്ഥകല്‍പ്പന ഒന്നുതന്നെ. മാത്രമല്ല ദര്‍ശനം പറയുമ്പോള്‍ ശ്രേഷ്ഠമലയാളത്തിലാവട്ടെ എന്നാണ് ലേഖകന്റെ വാദം. തന്നെയുമല്ല ‘റമളാന്‍’ എന്ന പദത്തില്‍ ചേര്‍ന്ന അക്ഷരം ‘ള’ തന്നെയാണ്. ആരും ‘ല’ ഉപയോഗിക്കുന്നില്ല. പകരം സുന്നികള്‍ ‘സ’യും അല്ലാത്തവരില്‍ ചിലര്‍ ‘ദ’യും ഉപയോഗിക്കുന്നു. എന്തിനാണ് മലയാളത്തിലെ അനുവാചകരെ കണ്‍ഫ്യൂഷനിലാക്കുന്നത്?

(തുടരും)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day