|    Dec 9 Fri, 2016 11:16 am

അന്നമനട പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

Published : 1st December 2016 | Posted By: SMR

മാള: അന്നമനട പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ തട്ടിയുള്ള മരണവും ഗുരുതരമായ പരിക്കേല്‍ക്കലും തുടര്‍ക്കഥയാകുന്നു. ഇതില്‍ ഏറ്റവും ഒടുവിലായി ലോട്ടറിക്കച്ചവടം നടത്തി കുടുംബത്തെ പോറ്റിയിരുന്ന കുഴൂര്‍ പാറപ്പുറത്തെ മാരിക്കല്‍ വിക്രമന്‍(56) അതിദാരുണമായാണ് മരിച്ചത്. ബസ്സുകളുടെ അനിയന്ത്രിതമായ വേഗതയും അശ്രദ്ധയും മൂലമാണ് ബസ് സ്റ്റാന്റ് കുരുതിക്കളമായി മാറുന്നത്. രണ്ട് വര്‍ഷം മുമ്പാണ് മാമ്പ്ര യൂനിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍പി ക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അതിദാരുണമായാണ് മരിച്ചത്. വല്ല്യുമ്മ യുമായി യാത്ര ചെയ്യാനായി ബസ് സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ വല്ല്യുമ്മ നോക്കി നില്‍ക്കേയാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഒരു ബസ്സില്‍ നിന്നിറങ്ങി അടുത്ത ബസ്സില്‍ കയറാനായി നീങ്ങവേ പുറകോട്ടെടുത്ത ബസ് തട്ടിയായിരുന്നു അന്നത്തെ അപകടം. നാല് വര്‍ഷം മുമ്പാണ് അന്നമനടക്കാരിയായ എമ്പത് വയസ്സുകാരി അപകടത്തില്‍ മരണപ്പെട്ടത്. പത്ത് വര്‍ഷം മുമ്പ് പണിത ബസ് സ്റ്റാന്റില്‍ ഇതിനകം ഇവ കൂടാതെ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ബസ്സുകളുടെ അശ്രദ്ധക്കും അമിതവേഗതക്കും പുറമേ ബസ് സ്റ്റാന്റിന് മുന്നിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും അനധികൃത ടെമ്പോ വാന്‍ പാര്‍ക്കിങും അന്യവാഹനങ്ങളുടെ ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശനവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റണമെന്ന ജനങ്ങളുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പോലിസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അപകടങ്ങള്‍ക്ക് ശമനമുണ്ടാകുമെങ്കിലും ആ വഴിക്കും യാതൊരു നീക്കവും ഉണ്ടാകുന്നില്ല. ബന്ധപ്പെട്ട എല്ലാവരുടേയും യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഎം അന്നമനട ലോക്കല്‍ കമ്മിറ്റി ഗ്രാമപഞ്ചായത്തിന് നോട്ടിസ് നല്‍കിയിരിക്കുകയാണ്. നോട്ടിസ് ന ല്‍കി രണ്ടുദിവസം പിന്നിട്ടിട്ടും അടിയന്തിരമായി യോഗം വിളിക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day