|    Dec 6 Tue, 2016 8:28 am
FLASH NEWS

അന്തരിച്ച നേതാക്കളെ മറക്കുന്നത് നന്നല്ല: പി പി തങ്കച്ചന്‍

Published : 21st October 2016 | Posted By: SMR

കൊച്ചി: മാതൃസംഘടനയായ കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലമായി അന്തരിച്ച നേതാക്കന്‍മാരെ മറക്കുകയാണെന്നും ഇവരുടെ ഓര്‍മകള്‍ പുതുക്കാന്‍ അനുസ്മരണ സമ്മേളനങ്ങള്‍ ഐഎന്‍ടിയുസി ഏറ്റെടുത്ത് നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. വി പി മരക്കാറും, ജി എസ് ധാരാസിങും, കെ പി എല്‍സേബിയൂസ് മാസ്റ്ററും തൊഴിലാളികള്‍ക്ക് ചെയ്ത സേവനങ്ങള്‍ മഹത്വരങ്ങളാണ്. തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ പലതും ഉദ്ഭവിക്കാന്‍ കാരണം ഇവരുടെ കഠിന പ്രയത്‌നത്തിന്റെ ഫലങ്ങളാണെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. അന്തരിച്ച ഐഎന്‍ടിയുസി നേതാക്കന്‍മാരായ വി പി മരക്കാര്‍, ജി എസ് ധാരാസിങ്, കെ പി എല്‍സേബിയൂസ് മാസ്റ്റര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍മറഞ്ഞുപോയ തൊഴിലാളി നേതാക്കളുടെ കഠിന പരിശ്രമംകൊണ്ടാണ് ഐഎന്‍ടിയുസിക്ക് ഇന്നത്തെ നിലയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അഖിലേന്ത്യാ തലത്തിലും, സംസ്ഥാനത്തും തൊഴിലാളി മേഖലയില്‍ ഐഎന്‍ടിയുസിക്ക് ഒന്നാം സ്ഥാനമാണുള്ളത്. തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുമൂലമാണ് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് തൊഴിലാളി യൂനിയനുകളുടെ വെരിഫിക്കേഷന്‍ നടന്നിട്ടില്ല. ഇനിയിപ്പോള്‍ വെരിഫിക്കേഷന്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഈ അവസരം യൂനിയനുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അന്തരിച്ച ഐഎന്‍ടിയുസി നേതാക്കളെ അനുസ്മരിക്കാന്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി ഭവനില്‍ കൂടിയ അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. ജില്ലാ പ്രവര്‍ത്തക സമ്മേളനവും തുടര്‍ന്ന് നടന്നു. മണ്ഢലം പ്രസിഡിന്റുമാര്‍ക്കും, റീജ്യനല്‍ കമ്മിറ്റി ഭാരവാഹികള്‍ക്കുമുള്ള നിയമന ഉത്തരവ് ജില്ലാ പ്രസിഡന്റ കെ കെ ഇബ്രാഹിംകുട്ടി നല്‍കി. ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി അഡ്വ. കെ പി ഹരിദാസ്, സംസ്ഥാന ഭാരവാഹികളായ തമ്പി കണ്ണാടന്‍, എം എം അലിയാര്‍, വി പി ജോര്‍ജ് സംസാരിച്ചു. ജില്ലാ ട്രഷറര്‍ കെ എസ് താരാനാഥ് സ്വാഗതവും, എറണാകുളം റീജ്യനല്‍ പ്രസിഡന്റ് എ എല്‍ സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day