|    Dec 10 Sat, 2016 12:22 pm

അനധികൃത സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ച സംവിധാനം: മുഖ്യമന്ത്രി

Published : 28th November 2016 | Posted By: SMR

ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുള്ള സംവിധാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ നടക്കുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ ‘ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍ സര്‍വീസും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴത്തിലുള്ള നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കണം. ഇങ്ങനെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു വിലപ്പെട്ടതാണ്.
പോലിസ് അടക്കം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടാവരുത്. പൊതുസ്വത്ത് സംരക്ഷിക്കേണ്ട ജീവനക്കാര്‍ അനധികൃത ഭൂമി കൈയേറ്റം ഉള്‍പ്പെടെ കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഓഫിസിലെയും കൈക്കൂലിക്കാരെയും മോശം പെരുമാറ്റക്കാരെയും അതത് ഓഫിസിലുള്ളവര്‍ക്ക് അറിയാം. അത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് കഴിയണം. ജനങ്ങളെ ഉപദ്രവിക്കുന്നവര്‍ സിവില്‍ സര്‍വീസിനും ഉപദ്രവമാണുണ്ടാക്കുക. ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ശിക്ഷിക്കപ്പെടുന്നതിന് സൗകര്യമൊരുക്കുകയും വേണം. ഇവരെ സര്‍വീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ആദ്യം ചെല്ലുന്ന വില്ലേജ് ഓഫിസ് മുതല്‍ പോലിസ് സ്റ്റേഷന്‍ വരെ കാര്യക്ഷമമാവണം. താഴേത്തട്ടില്‍ തീര്‍പ്പ് കല്‍പിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ കഴിയണം. അധികാരങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തവും ജീവനക്കാര്‍ വിസ്മരിക്കരുത്. മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന കാര്യം വിസ്മരിക്കരുത്. ജീവിതം അപകടപ്പെടുത്തുന്ന രീതിയിലായിരിക്കരുത് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുമായുള്ള അകലമില്ലാതാക്കാന്‍ ചുവപ്പ് നാട സമ്പ്രദായം അവസാനിപ്പിക്കണം. സമയബന്ധിത തീരുമാനങ്ങളുണ്ടാവണം.
സമ്മര്‍ദം ചെലുത്താന്‍ ശേഷിയുള്ളവര്‍ക്ക് കാര്യലാഭവും അല്ലാത്തവര്‍ക്ക് കാത്തിരിപ്പും എന്ന സ്ഥിതി മാറണം. ദരിദ്രരായവര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കലാണ് നമ്മുടെ വികസനത്തിന്റെ കാതലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു വിഷയാവതരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day