|    Dec 7 Wed, 2016 4:03 pm
FLASH NEWS

അനധികൃത സ്വത്തുസമ്പാദനംകെ സി ജോസഫിനെതിരേ വിജിലന്‍സ് കോടതി കൂടുതല്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 29th October 2016 | Posted By: SMR

തലശ്ശേരി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫിനെതിരേ തലശ്ശേരി വിജിലന്‍സ് കോടതി വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടു. കെ സി ജോസഫിന്റെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഭാര്യയുടെയും മകന്റെയും വരുമാനവും സംബന്ധിച്ച റിപോര്‍ട്ട് കേസ് പരിഗണിക്കുന്ന നവംബര്‍ 29നകം സമര്‍പ്പിക്കണമെന്നാണ് കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പിയോട് വിജിലന്‍സ് ജഡ്ജി വി ജയറാം നിര്‍ദേശിച്ചത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ മല്‍സരിച്ച കെ സി ജോസഫ് നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വരുമാനത്തില്‍ കൂടുതല്‍ സമ്പാദ്യം കാണിച്ചെന്ന് ആരോപിച്ച് ഇരിക്കൂറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന എ കെ ഷാജിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ജോസഫും ഭാര്യയും മകനും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
കെ സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്നും നേരത്തെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് ഇതിനു മറുപടിയായി മുമ്പ് കെ സി ജോസഫ് പറഞ്ഞതെങ്കിലും ഇക്കാര്യവും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പരാതിയില്‍ കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെ സി ജോസഫ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു ത്വരിതാന്വേഷണ റിപോര്‍ട്ട്. എന്നാല്‍, ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദാംശങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അതേസമയം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇതുസംബന്ധിച്ച് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും കെ സി ജോസഫ് എംഎല്‍എ പ്രസ്താവിച്ചു. തനിക്കും ഭാര്യക്കും കൂടി അഞ്ചു കൊല്ലത്തേക്ക് മൊത്തവരുമാനം 1.83 കോടി രൂപയാണെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മകന്‍ അശോകിന്റെ വരുമാനം കൂടി ആശ്രിതനെന്ന നിലയില്‍ നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ് പരാതിക്കു കാരണം. ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും കെ സി ജോസഫ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 181 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day