|    Dec 10 Sat, 2016 12:45 am
FLASH NEWS

അനധികൃത സ്വത്തുസമ്പാദനം: കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Published : 22nd October 2016 | Posted By: SMR

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് നടത്തിയ ചോദ്യംചെയ്യലില്‍ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ചു കെ ബാബു നല്‍കിയത് പൊരുത്തക്കേടുകള്‍ നിറഞ്ഞ വിശദീകരണമെന്ന് സൂചന.
ബാബുവിന്റെ ബിനാമികളെന്ന് പറയപ്പെടുന്ന ബാബുറാമും മോഹനനും തമ്മിലുള്ള അടുപ്പം സംബന്ധിച്ചും മക്കളുടെ വിവാഹത്തിനു ചെലവാക്കിയ പണം സംബന്ധിച്ചും അദ്ദേഹം നല്‍കിയ മൊഴികള്‍ വിജിലന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാബുവിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ പിന്നീട് വിശദമായി ചോദ്യംചെയ്യേണ്ടിവരുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെ കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലെത്തിയ കെ ബാബുവിനെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ ചോദ്യം ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തില്‍ തങ്ങള്‍ക്കു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് നടന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ബാബു നല്‍കിയ മറുപടികള്‍ രേഖപ്പെടുത്തുക മാത്രമാണ് ഉണ്ടായത്. ബാബുറാമുമായി അടുപ്പമില്ലെന്ന നിലപാടില്‍ ബാബു ചോദ്യംചെയ്യലില്‍ ഉറച്ചുനിന്നു. ശിവഗിരിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ വച്ചു കണ്ട പരിചയം മാത്രമാണ് ബാബുറാമുമായുള്ളത്.
ബാബുറാമുമായി നൂറിലേറെ തവണ ബന്ധപ്പെട്ടതിന്റെ കോള്‍ വിശദാംശങ്ങള്‍ അടങ്ങിയ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ക്ക്, ഇതേക്കുറിച്ച് അറിയില്ലെന്നും താന്‍ വിളിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് ബാബു നല്‍കിയത്.
രണ്ടു പെണ്‍മക്കള്‍ക്ക് 160 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് ചോദ്യംചെയ്യലില്‍ ബാബു വിശദീകരിച്ചത്. ഒരു മകള്‍ക്ക് നൂറു പവനും മറ്റൊരു മകള്‍ക്ക് 60 പവനും നല്‍കിയെന്നാണു വിശദീകരണം. എന്നാല്‍ ഇളയ മകള്‍ക്കു മാത്രം 200 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ ബാബു സ്ത്രീധനമായി നല്‍കിയിരുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള വിവരം.
തമ്മനത്ത് താമസിക്കുന്ന മകള്‍ ഐശ്വര്യയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള രണ്ടു ബാങ്ക് ലോക്കറുകളില്‍ നിന്ന് 237 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ലോക്കറില്‍ നിന്ന് ലഭിച്ച ആഭരണങ്ങള്‍ മുഴുവന്‍ താന്‍ നല്‍കിയതല്ലെന്നാണ് ഇതിന് ബാബു നല്‍കിയ മറുപടി. വീടും സ്ഥലവുമല്ലാതെ ഒരിടത്തും ഭൂസ്വത്തില്ലെന്ന് ബാബു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day