|    Dec 4 Sun, 2016 5:22 am
FLASH NEWS

അതിവേഗ റെയില്‍പ്പാത റോഡപകടം കുറയ്ക്കുമെന്ന് ഡിഎംആര്‍സി പഠനം

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത വരുന്നതോടെ സംസ്ഥാനത്തെ റോഡപകടങ്ങള്‍ വന്‍തോതില്‍ കുറക്കാനാവുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പഠനം. കേരളത്തില്‍ നിലവില്‍ 1,45,704 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകളുണ്ടെങ്കിലും പ്രതിവര്‍ഷം 10 മുതല്‍ 12 ശതമാനം വാഹനപ്പെരുപ്പമുണ്ടാവുന്നുണ്ട്. ഇതു ഗതാഗതസ്തംഭനത്തിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നു. അതിവേഗ റെയില്‍പ്പാത വരുന്നതോടെ ദീര്‍ഘദൂര ഗതാഗതത്തിനായി ഉപയോഗിക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഉപയോഗത്തില്‍ 50 ശതമാനം കുറവ് വരുത്താനാവും. ഡിഎംആര്‍സിയുടെ കണക്കുകളനുസരിച്ച് കേരളത്തില്‍ പ്രതിവര്‍ഷം 40,000 റോഡപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. 4,000 പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുന്നു. പാത നിലവില്‍വരുമ്പോള്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറയുമെന്ന് ഡിഎംആര്‍സിയുടെ പഠനത്തില്‍ പറയുന്നു. അതിവേഗ റെയില്‍പ്പാത നിലവില്‍വന്നാല്‍ പ്രതിദിനം 10 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനും 15ലധികം ജീവനുകള്‍ രക്ഷിക്കാനും കഴിയുമെന്ന് പഠനത്തില്‍ പറയുന്നു. അതിവേഗ റെയില്‍പ്പാത നിലവില്‍ വന്നാല്‍ പ്രതിദിനം 8,869 വാഹനങ്ങള്‍ റോഡുകളില്‍നിന്ന് വിട്ടുനില്‍ക്കും. മാത്രമല്ല, ശബ്ദ-അന്തരീക്ഷ മലിനീകരണത്തോതും വന്‍തോതില്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ കണക്കുകളനുസരിച്ച് പ്രതിദിനം 12പേര്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഈ വര്‍ഷം എട്ട് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് 3093 പേര്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ഗതാഗത ആവശ്യങ്ങളും വര്‍ധിക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവ്മൂലം സംസ്ഥാനത്ത് റോഡ്-റെയില്‍ വികസനത്തിനുള്ള സാധ്യത പരിമിതമാണ്. ഈ സാഹചര്യത്തിലാണ് വളരെക്കുറച്ച് ഭൂമി ഏറ്റെടുക്കലിലൂടെ 430 കിലോമീറ്റര്‍ അതിവേഗ റെയില്‍പ്പാത പൂര്‍ത്തികരിക്കാനാവുമെന്ന് വിലയിരുത്തപ്പെടുന്നത്. പാത പൂര്‍ത്തിയായാല്‍ രണ്ടുമണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താനാവും. അതിവേഗപ്പാതയുടെ കരട് റിപോര്‍ട്ട് സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലാണ്. ഡിഎംആര്‍സി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കരട് റിപോര്‍ട്ട് തയ്യാറാക്കിയത്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day