|    Dec 8 Thu, 2016 11:27 am

അതിവേഗപാത: 10,000 കോടിയുടെ പദ്ധതിയുമായി റെയില്‍വേ

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ പാതകളെ അതിവേഗ പാതകളാക്കുകയെന്ന ലക്ഷ്യത്തോടെ 10,000 കോടി രൂപ ചെലവില്‍ റെയില്‍വേയുടെ ബൃഹത് പദ്ധതി വരുന്നു. ഡല്‍ഹി-ആഗ്ര ഗതിമാന്‍ എക്‌സ്പ്രസിന്റെ വിജയത്തിനു ശേഷം വേഗംകൂടിയ റെയില്‍വേ പാതയ്ക്കായി റെയില്‍വേ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
ഈ ലക്ഷ്യം പൂര്‍ത്തിയാവുന്നതോടെ ഇരുപാതകളിലും പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിവേഗപാതയില്‍ വരിക എകദേശം 9000 കിലോമീറ്റര്‍ ദൂരമാണ്. മിഷന്‍ റഫ്താര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാതകളുടെ നവീകരണം. സിഗ്‌നലുകള്‍ നവീകരിക്കുക, മണ്ണിടിച്ചില്‍ തടയുന്നതിനുള്ള ഭിത്തികള്‍ കെട്ടുക, പാതകള്‍ ബലപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിപ്രകാരം നടപ്പാക്കുക. ഡല്‍ഹി-ഹൗറ പാതയില്‍ 120 പാസഞ്ചര്‍ ട്രെയിനുകളും 100 ഗുഡ്‌സ് ട്രെയിനുകളും നിലവില്‍ ദിനംപ്രതി സര്‍വീസ് നടത്തുന്നുണ്ട്.
തൊണ്ണൂറിലേറെ ട്രെയിനുകള്‍ ഡല്‍ഹി മുംബൈ പാതയില്‍ ദിവസേന സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്തെതന്നെ തിരക്കേറിയ അഞ്ചു പാതകളില്‍ പെടുന്നവയാണ് ആ പാതകള്‍ രണ്ടും. അതിവേഗപാത യാഥാര്‍ഥ്യമാവുന്നതോടെ ഈ പാതകളില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. പല ജനകീയ ട്രെയിനുകള്‍ക്കും നിലവിലുള്ള സൗകര്യങ്ങളില്‍തന്നെ യാത്രക്കാര്‍ക്കായി മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നതോടെ യാത്രക്കാര്‍ക്ക് വെയിറ്റിങ്‌ലിസ്റ്റിലെ കാത്തിരിപ്പ് ഒഴിവാക്കാനാവുമെന്നും അധികൃതര്‍ പറയുന്നു.
പദ്ധതി ലക്ഷ്യം കാണുന്നതിനുള്ള ഫണ്ട് ഉയരാന്‍ സാധ്യതയുണ്ടെങ്കിലും തുടക്കത്തില്‍ 10,000 കോടിയുടെ എസ്റ്റിമേറ്റാണ് രണ്ടു പാതയിലുമായി കണക്കാക്കിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day