|    Dec 7 Wed, 2016 2:07 pm
FLASH NEWS

അണ്വായുധങ്ങള്‍ നിരോധിക്കാന്‍ ചര്‍ച്ചയാരംഭിക്കും

Published : 29th October 2016 | Posted By: SMR

യുനൈറ്റഡ് നാഷന്‍സ്: അണ്വായുധങ്ങള്‍ നിരോധിക്കുന്നതിനുള്ള ഉടമ്പടിയില്‍ ചര്‍ച്ചയാരംഭിക്കുന്നതിന് അനുകൂലമായി യുഎന്‍ പൊതുസഭാസമിതി വോട്ട് ചെയ്തു. ഓസ്ട്രിയ, മെക്‌സിക്കോ, നൈജീരിയ, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അവതരിപ്പിച്ച പ്രമേയം 38ന് എതിരേ 123 വോട്ടിനാണ് സമിതി അംഗീകരിച്ചത്.
16 അംഗങ്ങള്‍ വോട്ടെടുപ്പ് സമയത്ത് ഹാജരായിരുന്നില്ല. ആണവശക്തിരാജ്യങ്ങളുടെ എതിര്‍പ്പിനിടെയാണ് വോട്ടെടുപ്പില്‍ അണ്വായുധ നിരോധന ഉടമ്പടിയിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടായത്. പ്രമേയത്തിനെതിരായി ആഴ്ചകളോളം നീണ്ട പ്രചാരണങ്ങളാണ് ആണവശക്തിരാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ നടത്തിയത്. പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടിയാവും ഉടമ്പടിക്കായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക. അണ്വായുധങ്ങളുടെ ഉപയോഗം കാരണമുണ്ടാവുന്ന മാനവിക ദുരന്തങ്ങളെക്കുറിച്ച് പ്രമേയം ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു.
ആണവശക്തികളായ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ പ്രമേയത്തിന് എതിരായി വോട്ട് രേഖപ്പെടുത്തി. ഇന്ത്യയും ചൈനയും പാകിസ്താനും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
ഹിരോഷിമ, നാഗസാക്കി ആക്രമണങ്ങള്‍ക്കുശേഷം അണ്വായുധത്തിനെതിരേ ദീര്‍ഘകാലം പ്രചാരണം നടത്തിയ ജപ്പാന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. വടക്കന്‍ കൊറിയയുടെ അണ്വായുധഭീഷണി നിലനില്‍ക്കുന്ന തെക്കന്‍ കൊറിയയും പ്രമേയത്തെ അനുകൂലിച്ചു. ആണവ നിരായുധീകരണ ഉടമ്പടിപ്രകാരം ഈ വിഷയം കൈകാര്യം ചെയ്യാനാവുമെന്ന വാദം പ്രമേയത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day