|    Dec 4 Sun, 2016 11:52 pm
FLASH NEWS

അട്ടക്കുളങ്ങര സ്‌കൂളില്‍ സംസ്ഥാനത്തെ ആദ്യ സാംസ്‌കാരിക പാര്‍ക്ക് ഒരുങ്ങുന്നു

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: നഗരഹൃദയത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അട്ടകുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളില്‍ സംസ്ഥാനത്തെ ആദ്യത്തെ കലാ, സാംസ്‌കാരിക പാര്‍ക്ക് സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ പ്രൊജക്റ്റ് തയ്യാറാക്കി കഴിഞ്ഞു. ആര്‍ക്കിടെക്ട് ശങ്കര്‍ തയ്യാറാക്കിയ പദ്ധതി രേഖയാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. അട്ടകുളങ്ങര സ്‌കൂളില്‍ കസ്റ്റംസ് കാഡറ്റ് കോര്‍ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. വിശദമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ കുട്ടികളുടെ എല്ലാതരത്തിലുമുളള വ്യക്തിത്വവും കഴിവുകളും വളര്‍ത്തുന്ന കേന്ദ്രമാവണമെന്നതാണു സര്‍ക്കാരിന്റെ ആശയം. സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ സാംസ്‌കാരിക പാര്‍ക്കാക്കി മാറ്റുന്ന സംരംഭത്തിന് ഇതിനു ശേഷം തുടക്കമിടും. വന്‍മരങ്ങളും പഴയ രീതിയിലുളള കെട്ടിടങ്ങളും നിറഞ്ഞ വിശാലമായ കാംപസോട് കൂടിയ അട്ടകുളങ്ങര സ്‌കൂള്‍ നഗരത്തിലെ പച്ചത്തുരുത്തുകളിലൊന്നാണ്. ആറേക്കറോളം വരുന്ന സ്ഥലം കോടികള്‍ വിലമതിക്കുന്നതാണ്. ഇവിടം വാണിജ്യാധിഷ്ഠിത കെട്ടിടങ്ങള്‍ നിര്‍മിച്ചുകൂട്ടാനുളള അധികൃതരുടെ നീക്കങ്ങള്‍ തിരുവനന്തപുരത്തെ പരിസ്ഥിതിവാദികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശക്തമായ ചെറുത്തുനില്‍പുകളെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയും മഹാകവി ഉള്ളൂരും സഹോദരന്‍ അയ്യപ്പനും ജഡ്ജി പത്മനാഭ കുക്കിലുയും അധ്യാപകന്‍മാരായിരുന്നിട്ടുള്ള സ്‌കൂള്‍ 1889ല്‍ മാര്‍ത്താണ്ഡന്‍ തമ്പിയാണു സ്ഥാപിച്ചത്. നേറ്റീവ് ഹൈസ്‌കൂളായി തുടങ്ങിയ സ്‌കൂള്‍ സ്വതന്ത്ര്യാനന്തരമാണു ഗവ. സ്‌കൂളായി മാറിയത്. രാഷ്ട്രീയ നേതാക്കളടക്കം ഒട്ടേറെ പ്രമുഖര്‍ ഇവിടെ പഠിച്ചിട്ടുണ്ട്. മുമ്പ് 2000ത്തോളം ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 100 കുട്ടികള്‍ മാത്രമാണുളളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day