|    Dec 9 Fri, 2016 6:58 pm
FLASH NEWS

‘അടുത്ത മഴ എന്റെ കിണറിലേക്ക് ‘കാംപയിന്കുടുംബശ്രീയുടെ പൂര്‍ണ പിന്തുണ

Published : 21st November 2016 | Posted By: SMR

മലപ്പുറം: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘അടുത്ത മഴ എന്റെ കിണറിലേക്ക്’ കാംപയിന് കുടുംബശ്രീയുടെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ യോഗത്തില്‍ മികച്ച പിന്തുണ. വീടുകളില്‍ മഴക്കുഴി നിര്‍മിച്ച് വരള്‍ച്ചയെ അകറ്റാന്‍ ആവശ്യപ്പെട്ട ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ ആഹ്വാനത്തെ എല്ലാവരും ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കുന്നതിന് ഓരോ മഴത്തുള്ളിയും കരുതലോടെ സംഭരിക്കുമെന്ന് അവര്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പുനല്‍കി. പണച്ചെലവില്ലാതെ സ്വന്തം അധ്വാനത്തിലൂടെ ഓരോ വീട്ടിലും മഴക്കുഴികള്‍ നിര്‍മിച്ച് ഇനി പെയ്യാനിരിക്കുന്ന മഴയെങ്കിലും സ്വന്തം കിണറുകളിലേക്കും പറമ്പിലേക്കും റീചാര്‍ജ് ചെയ്യിക്കുക എന്നതാണ് ‘അടുത്ത മഴ എന്റെ കിണറിലേക്ക്’ കാംപയിന്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയില്‍ ഏകദേശം 23,800 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇതില്‍ ഒരു അയല്‍ക്കൂട്ടത്തില്‍ ഏകദേശം 20 അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതുവഴി ജില്ലയില്‍ 4,50,000 മഴക്കുഴികളെങ്കിലും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ മഴക്കുഴി നിര്‍മിക്കുന്ന പ്രവര്‍ത്തനത്തിന് യോഗം രൂപം നല്‍കി. സിഡിഎസ് പ്രസിഡന്റുമാര്‍ ജനപ്രതിനിധികളുമായി സഹകരിച്ച് പഞ്ചായത്തുതലത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ യോഗം വിളിക്കും. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റേഡ് എന്‍ജിനീയര്‍മാര്‍ ആവശ്യമായ പ്രത്യേക പരിശീലനം നല്‍കും. ഒരുമീറ്റര്‍ നീളവും ഒരുമീറ്റര്‍ വീതിയുമുള്ള കുഴികളാണ് എടുക്കേണ്ടത്. ആഴം ഒരുമീറ്ററോ, അരമീറ്ററോ ആവാം. വീട്ടമുറ്റത്ത് കുഴിയെടുക്കുമ്പോള്‍ അപകടങ്ങളില്ലാത്ത രീതിയിലാണ് നിര്‍മാണം എന്ന് ഉറപ്പുവരുത്തണം. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഇസ്മയില്‍, എഡിസി ജനറല്‍ പ്രീതി മേനോന്‍, കുടുംബശ്രീ അസി.കോ-ഓഡിനേറ്റര്‍മാരായ നിസാമുദ്ദീന്‍, വി അബ്ദുല്‍ ബഷീര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day