|    Dec 10 Sat, 2016 10:24 am

അടിസ്ഥാന ഭക്ഷണം ന്യായ വിലയ്ക്ക് ലഭ്യമാക്കും: മന്ത്രി

Published : 12th November 2016 | Posted By: SMR

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളങ്ങളിലേയും സന്നിദാനത്തിലേയും ഹോട്ടലുകളില്‍ അടിസ്ഥാന ഭക്ഷണ വിഭവങ്ങളായ ദോശ, ഇഡലി, ചായ, കാപ്പി, വെജിറ്റേറിയന്‍ ഊണ് തുടങ്ങിയവ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്ത് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വിലനിലവാരം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കോട്ടയം കലക്ടറേറ്റില്‍ ചേര്‍ന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകരെ കൊള്ളയടിക്കാനുളള കച്ചവടക്കാരുടെ അവസരമായി തീര്‍ത്ഥാടനകാലം മാറെരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണ സാധനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച വിലയും അളവും തൂക്കവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. വിലവിവരം മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പോസ്റ്ററില്‍ തയാറാക്കി തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ എല്ലാ കടകളിലും പ്രദര്‍ശിപ്പിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സന്നിധാനത്തും എരുമേലിയിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിനു സൗകര്യം ഒരുക്കും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡുകള്‍ ഈ കടകളില്‍ പരിശോധന നടത്തണമെന്നും ഇടയ്ക്ക്  ജില്ലാ കലക്ടര്‍മാരും ഇതില്‍ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടന കാലത്ത് ഉപയോഗം വരുന്ന ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ കടകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കുപ്പി വെള്ളത്തിന് അമിത വില ഈടാക്കുന്നത് തടയും. കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിന് ഇവയുടെ സ്രോതസ്സുകള്‍ പരിശോധന നടത്തും. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു കാനന പാതയില്‍ നിശ്ചിത അകലത്തില്‍ കുപ്പിവെള്ളം ലഭ്യമാക്കാനുളള സൗകര്യം ഒരുക്കും.പഴം, പച്ചക്കറി ഇവയുടെ വില വര്‍ധനവ് തടയുന്നതിനും കൂടുതല്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനും കൃഷി വകുപ്പിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തില്‍ പ്രത്യേക സ്റ്റാളുകള്‍ തുറക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലാ ഹോട്ടല്‍ ഉടമകളുടെ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day