|    Dec 5 Mon, 2016 9:53 am
FLASH NEWS

അടിയന്തരാവസ്ഥാ തടവുകാരുടെ അവകാശങ്ങള്‍

Published : 6th November 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

കഴിഞ്ഞ ആഗസ്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ശേഖരന്‍ മാഷ് എഴുതി: ഇന്നു വൈകീട്ട് പി സി ഉണ്ണിച്ചെക്കനും ഭാസുരേന്ദ്രബാബുവും പിണറായി വിജയനെ കാണും. അടിയന്തരാവസ്ഥാ തടവുകാരുടെ ഏകോപന സമിതി ഭാരവാഹികളെന്ന നിലയിലാണ് സന്ദര്‍ശനം. അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിക്കുക എന്നതാണ് ആവശ്യം. മുഖ്യമന്ത്രി ക്ഷമയോടെ കേട്ടെങ്കിലും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
അടിയന്തരാവസ്ഥാ തടവുകാരുടെ പെന്‍ഷന്‍ ഞങ്ങള്‍ കൊടുങ്ങല്ലൂരുകാര്‍ക്ക് അല്‍പ്പം തമാശക്കാര്യമാണ്. മറ്റൊന്നുംകൊണ്ടല്ല, പുതിയ നജ്മല്‍ ബാബു അഥവാ പഴയ ടി എന്‍ ജോയി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏറ്റവും കൂടുതല്‍ പറയുന്ന ആവശ്യങ്ങളിലൊന്ന് ഈ പെന്‍ഷന്‍കാര്യമാണ്. ജോയിച്ചേട്ടന്‍ തടവുകാരെന്നല്ല പറയുക, ജയില്‍പക്ഷികളെന്നാണ്. മാവോയിസ്റ്റ് ജയില്‍പക്ഷികളെന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്; അടിയന്തരാവസ്ഥയില്‍ ജയിലിലായ കൊടുങ്ങല്ലൂരുകാരെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രന്ഥം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടിയന്തരാവസ്ഥാ തടവുകാരുണ്ടായിരുന്നത് കൊടുങ്ങല്ലൂരാണെന്നാണ് അവര്‍ പറയുന്നത്. മന്ത്രി തോമസ് ഐസക്കും ആ ലിസ്റ്റില്‍പ്പെടും. ജയിലില്‍ ജോയിച്ചേട്ടന്റെ സഹമുറിയന്‍ എം എ ബേബിയായിരുന്നു.
അടിയന്തരാവസ്ഥയെ സ്വാതന്ത്ര്യസമരമായി കാണണമെന്ന ആവശ്യം പുതിയതല്ല. നിലവില്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ബംഗാളിലെയും യുപിയിലെയും സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അന്തരിച്ച കൊടുങ്ങല്ലൂരുകാരന്‍ പുഷ്പനും 5000 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്നു. പുഷ്പന്‍ അടിയന്തരാവസ്ഥയില്‍ യുപിയിലെ ജയിലിലായിരുന്നു.
അടിയന്തരാവസ്ഥാ തടവുകാരുടെ പെന്‍ഷന്‍ പ്രശ്‌നം 2010 മുതല്‍ തന്നെ കേരളത്തില്‍ സജീവമാണ്. പലരും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. നിയമസഭയിലും ചര്‍ച്ചയുണ്ടായി. അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള പദ്ധതികളൊന്നും പരിഗണനയിലില്ലെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2011 ഒക്ടോബര്‍ 13ന് എം ഹംസ(എംഎല്‍എ)യുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.
പെന്‍ഷന്‍ പ്രശ്‌നത്തോട് ഇടതുമുന്നണിയുടെ നിലപാടുകളും അനുകൂലമല്ല. പെന്‍ഷന്‍ വന്നാല്‍ ആര്‍എസ്എസുകാര്‍ക്കും ഉപകാരപ്പെടുമെന്നതാണത്രേ വൈമുഖ്യത്തിനു കാരണം. എന്നാല്‍, ബംഗാളിലെ സിപിഎമ്മിന്റെ നിലപാട് കുറേക്കൂടി മെച്ചപ്പെട്ടതാണ്. അവിടെ പെന്‍ഷന്‍ അനുവദിച്ചതുതന്നെ ഇടതുസര്‍ക്കാരാണ്. പക്ഷേ, തുടര്‍ന്ന് അധികാരത്തില്‍ വന്ന മമത ആ പദ്ധതി പിന്‍വലിച്ചു. നക്‌സലൈറ്റുകള്‍ക്ക് ഖജനാവില്‍നിന്ന് പണം നല്‍കാനാവില്ലെന്നായിരുന്നു പറഞ്ഞ കാരണം.
നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ കണക്കനുസരിച്ച് കേരളത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് 5621 പേരെ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ മൊത്തം എത്രയെന്നത് ഇപ്പോഴും അജ്ഞാതം. രേഖകള്‍ മുഴുവന്‍ ചിതലരിച്ചുപോയത്രേ. ഏകോപന സമിതിയുടെ കണക്കനുസരിച്ച് 7200ഓളം പേര്‍ അക്കാലത്ത് തടവുകാരായി ഉണ്ടായിരുന്നു. അതില്‍ 380 നക്‌സലൈറ്റുകളെയും 300 സിപിഎമ്മുകാരെയും 200 ആര്‍എസ്എസുകാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരുടെയും തിരുത്തല്‍വാദി കോണ്‍ഗ്രസ്സുകാരുടെയും കണക്ക് ലഭ്യമല്ല. ഈ ലിസ്റ്റുകളിലുള്ളവര്‍ കുറേ പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു.
ഇതൊരു രാഷ്ട്രീയപ്രശ്‌നം കൂടിയായി മനസ്സിലാക്കേണ്ടതുണ്ടെന്ന് ഏകോപന സമിതി പറയുന്നു. 1947ലാണ് ഇന്ത്യക്ക് ഔപചാരികമായി സ്വാതന്ത്ര്യം ലഭിക്കുന്നത്. 1947നു മുമ്പ് ഇന്ത്യയിലെ എല്ലാ ജനങ്ങളും അധികാരകേന്ദ്രത്തിനു വെളിയിലായിരുന്നുവെന്ന് ഇതിനര്‍ഥമില്ല. 1909ല്‍ നാമമാത്രമായി തുടങ്ങി പടിപടിയായി വിവിധ വര്‍ഗങ്ങള്‍ അധികാരത്തിന്റെ വിവിധ ശാഖകളില്‍ സ്ഥാനമുറപ്പിച്ചിരുന്നു. 1947ലെ അധികാരലബ്ധി ഇവരെയാണു പോഷിപ്പിച്ചത്. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മറ്റു കീഴാളവര്‍ഗങ്ങള്‍ക്കും നാമമാത്രമായ പുരോഗതി കൈവരിക്കാനായെങ്കിലും അവര്‍ അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തപ്പെട്ടു.
നിലവിലുള്ള വ്യവസ്ഥകൊണ്ട് സാധാരണജനങ്ങള്‍ക്കു തൃപ്തിപ്പെടാനാവില്ലെന്നാണ് ഇതിനര്‍ഥം. നിലവിലുള്ള അവകാശങ്ങള്‍ തിരിച്ചുപിടിക്കുന്ന സാഹചര്യത്തില്‍ അധികാരികളോട് ഇടയേണ്ടതും പ്രധാനമാണ്. അത്തരമൊരു ഇടയലായിരുന്നു അടിയന്തരാവസ്ഥയ്‌ക്കെതിരേ നടന്ന പ്രക്ഷോഭങ്ങള്‍. 1857ലെ പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യസമരമായി കണക്കാക്കുകയാണെങ്കില്‍ 1947ലേത് രണ്ടാം സ്വാതന്ത്ര്യസമരമായും അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങള്‍ മൂന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും കണക്കാക്കണം. അത്തരമൊരു സമരത്തെ അംഗീകരിക്കുമ്പോള്‍ അധികാരത്തിന്റെ ഉരുക്കുമുഷ്ടികള്‍ക്കെതിരേ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് അംഗീകരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day