|    Dec 7 Wed, 2016 4:02 pm
FLASH NEWS

അടക്ക വിളവെടുപ്പ് തുടങ്ങി;പൈങ്ങ വിലയില്‍ ചാഞ്ചാട്ടം

Published : 25th October 2016 | Posted By: SMR

കല്‍പ്പറ്റ: അടക്ക വിളവെടുപ്പുകാലത്തിന്റെ തുടക്കത്തില്‍ മുഖംതെളിയാതെ കര്‍ഷകര്‍. രോഗങ്ങളും മഴക്കുറവും മൂലം ഉല്‍പാദനത്തകര്‍ച്ചയും പൈങ്ങ വിലയിലെ അസ്ഥിരതയുമാണ് കൃഷിക്കാരുടെ സന്തോഷം കെടുത്തുന്നത്. പ്രതീക്ഷിച്ച തൂക്കം പൈങ്ങക്ക് ഇല്ലാത്തത് അടക്ക വിളവെടുപ്പ് ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെയും നിരാശരാക്കി. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ മതിയായ മഴ ലഭിക്കാതിരുന്നതാണ് അടക്കയുടെ വളര്‍ച്ചയെയും പൈങ്ങയുടെ തൂക്കത്തെയും ബാധിച്ചത്. ജില്ലയില്‍ മുന്‍വര്‍ഷങ്ങളില്‍ നവംബറിലായിരുന്നു അടക്ക വിളവെടുപ്പിന് ആരംഭം. മഴക്കുറവാണ് ഇക്കുറി വിളവെടുപ്പ് നേരത്തെയാക്കിയത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 12,730 ഹെക്റ്ററിലാണ് കവുങ്ങുകൃഷി. കവുങ്ങ് തനിവിളയായും ഇടവിളയായും കൃഷി ചെയ്യുന്നവര്‍ ജില്ലയിലുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നൂറുകണക്കിന് ഹെക്റ്റര്‍ പാടമാണ് ജില്ലയില്‍ കവുങ്ങുകൃഷിക്ക് വഴിമാറിയത്. മീനങ്ങാടി, പുല്‍പ്പള്ളി, നടവയല്‍ മേഖലകളിലാണ് കവുങ്ങ് കൃഷിക്കാരില്‍ ഏറെയും. മാറിമറിയുകയാണ് ജില്ലയിലെ വിപണികളില്‍ പൈങ്ങ വില. കിലോഗ്രാമിന് 85 രൂപയായിരുന്നു മീനങ്ങാടിയില്‍ കഴിഞ്ഞ വ്യാഴാഴ്ച വില. ശനിയാഴ്ച 72 രൂപയും. 13 രൂപയാണ് രണ്ടു ദിവസംകൊണ്ട് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം വിളവെടുപ്പുകാലത്തിന്റെ തുടക്കത്തില്‍ പൈങ്ങ കിലോഗ്രാമിന് 90 രൂപ വില ലഭിച്ചിരുന്നു. വിളവെടുപ്പ് അവസാനിക്കാറായ ഘട്ടത്തില്‍ ഇത് 155 രൂപ വരെയായി.  വിളവെടുപ്പ് ചെലവും ഇക്കുറി വര്‍ധിച്ചിട്ടുണ്ട്. ഒരു ക്വിന്റല്‍ അടക്ക പറിച്ച് തൊണ്ടുനീക്കി പൈങ്ങയാക്കുന്നതിന് 2,400 രൂപയാണ് നിലവില്‍ ഏകദേശ ചെലവ്. കയറ്റക്കാര്‍ക്ക് കവുങ്ങ് ഒന്നിന് 10 രൂപയാണ് കൂലി. ദിവസക്കൂലിക്ക് വിളിച്ചാല്‍ 1,000 രൂപ നല്‍കണം. കിലോഗ്രാമിനു നാലു രൂപ നിരക്കില്‍ അടക്ക പറിച്ചുകൊടുന്നവരും തൊഴിലാളികള്‍ക്കിയിലുണ്ട്. അടക്ക വിളവെടുപ്പിനു തോട്ടം പാട്ടത്തിനു കൊടുക്കുന്ന കര്‍ഷകരും ജില്ലയില്‍ നിരവധിയാണ്. ഉയര്‍ന്ന വിളവും വിലയും ലഭിക്കുമ്പോഴാണ് തോട്ടം പാട്ടത്തിനെടുക്കുന്നവരുടെ മനസ്സും കീശയും നിറയുന്നത്. തോട്ടങ്ങള്‍ പാട്ടംപിടിച്ചവരും ഇപ്പോള്‍ ആശങ്കയിലാണ്. സ്ത്രീകളാണ് അടക്ക തൊണ്ടുനീക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരിലേറെയും. പൈങ്ങ കിലോഗ്രാമിനു 9-10 രൂപ നിരക്കിലാണ് ഇവര്‍ക്കു കൂലി. തൊഴിലില്‍ വൈദഗ്ധ്യമുള്ള സ്ത്രീകള്‍ ദിവസം രണ്ടു ക്വിന്റല്‍ വരെ അടക്ക പൊളിക്കും. മുന്‍ വര്‍ഷങ്ങളില്‍ മൂന്നു ക്വിന്റല്‍ അടക്ക പൊളിച്ചാല്‍ ഒരു ക്വിന്റല്‍ പൈങ്ങ ലഭിക്കുമായിരുന്നു. ഇത്തവണ 325-250 കിലോഗ്രാം അടക്ക വേണം 100 കിലോഗ്രാം പൈങ്ങ കിട്ടാന്‍. ഇതു കൃഷിക്കാരുടെയും തൊഴിലാളികളുടെയും വരുമാനത്തെ ബാധിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day