|    Dec 9 Fri, 2016 10:51 pm
FLASH NEWS

അഞ്ഞൂറും ആയിരവും പുരാവസ്തു കുടുംബത്തിലേക്ക്

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: അസാധുവായ 500, 1000 രൂപാ നോട്ടുകള്‍ മാറ്റാന്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ആളുകള്‍ വരിനില്‍ക്കുകയാണ്. എന്നാല്‍, വിശ്രമത്തിനൊരുങ്ങുന്ന നോട്ടുകള്‍ക്ക് ഇപ്പോഴേ പുരാവസ്തു കുടുംബത്തില്‍ അംഗത്വം നല്‍കിയിരിക്കുകയാണ് വെണ്ണിയോട് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്‌കൂള്‍. ജില്ലാ ശാസ്‌ത്രോല്‍സത്തിന്റെ ഭാഗമായുള്ള സാമൂഹികശാസ്ത്ര മേളയില്‍ സ്‌കൂള്‍ ഒരുക്കിയ പുരാവസ്തു ശേഖരങ്ങളുടെ സ്റ്റാളിലാണ് 500, 1000 രൂപ നോട്ടുകള്‍ ഇടംപിടിച്ചത്. പുരാവസ്തു കുടുംബത്തിലേക്ക് ഈ രണ്ടു കൂട്ടുകാര്‍ കൂടി എന്ന കാപ്ഷന്‍ നല്‍കിയാണ് നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നോട്ടുകള്‍ പൂര്‍ണമായി അസാധുവാകുന്ന ഡിസംബര്‍ 31നു ശേഷമേ ഇതു പുരാവസ്തു കുടുംബത്തിലേക്കെത്തൂവെന്നും ചാര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. പഴമയുടെ ഓര്‍മകളിലേക്കുള്ള പുതുതലമുറയുടെ തിരിഞ്ഞുനോട്ടമാണ് സാമൂഹികശാസ്ത്ര മേളയില്‍ സ്‌കൂളുകള്‍ ഒരുക്കിയ സ്റ്റാളുകളൊക്കെയും. പഴയകാല കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി പഴമയുടെ വിനോദോപാദികള്‍ വരെ മേളയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കുറിച്യ തറവാടുകളിലെ പരമ്പരാഗത പാത്രങ്ങള്‍, പണിയ വിഭാഗത്തിന്റെ പ്രധാന സംഗീതോപകരണമായ തുടി തുടങ്ങിയ 116ഓളം പുരാവസ്തുക്കളാണ് വെണ്ണിയോട് എസ്എഎല്‍പി സ്‌കൂളിന്റെ ശേഖരത്തിലുള്ളത്. 630ഓളം പുരാവസതു ശേഖരവുമായി കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്‌കൂള്‍ ഒരുക്കിയ സ്റ്റാളിലും പഴമയുടെ സുഗന്ധമാണ്. 400 വര്‍ഷം പഴക്കമുള്ള താളിയോലകള്‍, 300 വര്‍ഷം പഴക്കമുള്ള ലെന്‍സ് ഉപയോഗിച്ച് മാത്രം വായിക്കാന്‍ കഴിയുന്ന ‘കുഞ്ഞന്‍’ ബൈബിള്‍, 150 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ തുടങ്ങി വര്‍ഷങ്ങളുടെ ചരിത്രമാണ് സ്റ്റാള്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day