|    Dec 8 Thu, 2016 1:18 pm
FLASH NEWS

അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എം എം മണി ഇന്ന് കോടതിയില്‍ ഹാജരാകും

Published : 26th November 2016 | Posted By: SMR

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ ഇന്നു തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മന്ത്രി എം എം മണി ഹാജരാവും. കേസില്‍ മുമ്പ് രണ്ടു തവണ എം എം മണി നേരിട്ട് കോടതിയില്‍ ഹാജരായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മണി കോടതി മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ശനിയാഴ്ച താന്‍ രണ്ടു ഹൈക്കോടതി അഭിഭാഷകരോടൊപ്പം നേരിട്ട് കോടതിയില്‍ ഹാജരാവുമെന്ന് മന്ത്രി പറഞ്ഞു.
ക്രിമിനല്‍ കേസില്‍ പ്രതിയായി മന്ത്രിയായിരിക്കെ ഒരാള്‍ കോടതിയില്‍ ഹാജരാവുന്നത് കേരളത്തില്‍ അപൂര്‍വമാണ്. ബേബി വധക്കേസിലെ രണ്ടാം പ്രതിയാണ് മന്ത്രി മണി. മുമ്പ് പിണറായി വിജയന്‍, ആര്യാടന്‍ മുഹമ്മദ്, കെ സുധാകരന്‍ എന്നിവര്‍ക്ക് ഇതേ സാഹചര്യങ്ങളില്‍ കോടതിയില്‍ ഹാജരാകേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഹാജരാവുമ്പോള്‍ ഇവര്‍ മന്ത്രിസ്ഥാനത്തായിരുന്നില്ല.
ബേബി വധക്കേസിലെ പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടന്‍, ഒ ജി മദനന്‍ എന്നിവര്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ ഹാജരായിരുന്നു. ഡിവൈഎസ്പി സുനില്‍കുമാര്‍ എ യു അന്വേഷിച്ച കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കോടതിയില്‍ ഹാജരാവുന്നത്. ഗവണ്‍മെന്റിന്റെ ഭാഗമായ ഒരു മന്ത്രി വാദത്തിന്റെ അന്തിമഘട്ടത്തിലും ഹാജരാവാതിരിക്കുന്നത് നിയമപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രിംകോടതിയെയും പ്രതിഭാഗം സമീപിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ കുറ്റപത്രം വായിക്കപ്പെടുന്നതിനു മുമ്പുള്ള വാദത്തിന്റെ ഘട്ടമാണ്.
അതേസമയം, തനിക്കെതിരേയുള്ള കേസ് യുഡിഎഫിലെ ഉന്നതരും പോലിസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്നും അതു നിലനില്‍ക്കില്ലെന്നും മന്ത്രി മണി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day