|    Dec 6 Tue, 2016 12:05 am
FLASH NEWS

അഗ്നിശമന വിഭാഗത്തിന്റെ ഷെഡ് പൊളിക്കല്‍; മഞ്ചേരി നഗരസഭയുംവ്യാപാരികളും നേര്‍ക്കുനേര്‍

Published : 11th November 2016 | Posted By: SMR

മഞ്ചേരി: ടൗണിലെ വ്യാപാരികളും നഗരസഭയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. കഴിഞ്ഞ ദിവസം വ്യാപാരികള്‍ അഗ്നിശമന വിഭാഗത്തിന് നിര്‍മിച്ചുനല്‍കിയ ഷെഡ് പൊളിച്ചതോടെയാണ് അസ്വാരസ്യം ഉയര്‍ന്നത്. സമീപത്തെ സ്ഥല ഉടമകളുമായുണ്ടാക്കിയ കരാര്‍ വ്യാപാരികളോട് വെളിപ്പെടുത്താത്തതാണ് പ്രശ്‌നത്തിന് പ്രധാന ഘടകമായത്. നഗരസഭ പറയുന്ന ഏത് സ്ഥലത്തും ഷെഡ്ഡ് നിര്‍മിക്കാന്‍ തയ്യാറായിരുന്നിട്ടും നിശ്ചിത സ്ഥലം കാണിച്ചുകൊടുത്തത് തങ്ങളെ കുടുക്കില്‍പെടുത്താനായിരുന്നോ എന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് നഗരസഭാധികൃതര്‍ പരാതിയുള്ളവിവരം അറിയിക്കുന്നത്. താല്‍ക്കാലിക ഷെഡ് നിര്‍മിക്കാന്‍ എംഎല്‍എ ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെയാണ് വ്യാപാരികള്‍ ഏറ്റെടുക്കുന്നത്. അതേസമയം, വെള്ളാരങ്ങല്‍ വാര്‍ഡ് കൗണ്‍സിലറുടെ കടുത്ത സമ്മര്‍ദ്ദം കാരണമാണ് ഷെഡ്ഡ് പൊളിക്കുന്നതിലെത്തിച്ചതെന്നാണ് വിവരം. ഇവര്‍ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്‍ ചെയര്‍മാനെ വ്യാപാരികള്‍ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന വിവാദം എംഎല്‍എ ഇടപെട്ട് പരിഹരിച്ചതിനുശേഷം വീണ്ടും അസ്വസ്ഥതകള്‍ തല പൊക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്കും മുറുമുറുപ്പുണ്ട്. നഗരസഭയുടെ പുതിയ ആവശ്യങ്ങളില്‍ സഹകരിക്കണമെങ്കില്‍ വ്യക്തമായ രേഖയാവും വ്യാപാരികള്‍ ആവശ്യപ്പെട്ടേക്കുക. അല്ലാത്ത പക്ഷം നിസ്സഹകരണം ആരംഭിക്കുമെന്നുമാണ് ഇവര്‍ നല്‍കുന്ന സൂചന. അതേസമയം, നഗരസഭയുടെ തീരുമാനങ്ങളെടുക്കുന്നതില്‍ മുന്‍ ചെയര്‍മാനും ചില കൗണ്‍സിലര്‍മാരും അമിതമായി ഇടപെടുന്നുണ്ടെന്ന പരാതിയുണ്ട്. തീരുമാനം പരാജയമാണെങ്കില്‍ ചെയര്‍പേഴ്‌സണിന്റെ തലയിലേക്കിട്ട് രക്ഷപ്പെടുന്നതും ഭരണസമിതിയുടെ സ്ഥിരം പതിവാണ്. ഇത് നിലവിലുള്ള ചെയര്‍പേഴ്‌സനെ മാറ്റാനുള്ള തന്ത്രമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വൈ. ചെയര്‍മാന്‍ പ്രശ്‌നത്തിലിടപെട്ടിരുന്നില്ലെന്നും ആരോപണമുണ്ട്. ഇനിയെങ്കിലും പരാതികളില്ലാത്ത സ്ഥലത്ത് ഇപ്പോഴുള്ള ഷെഡ് പുനഃ സ്ഥാപിച്ച് ഫയര്‍ യൂനിറ്റ് മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day