|    Aug 16 Thu, 2018 9:04 pm

വെള്ളവും വെളിച്ചവുമില്ല ; ചാലക്കുടി മാര്‍ക്കറ്റിലെ മല്‍സ്യ -മാംസ സ്റ്റാളുകളിലെ ജീവനക്കാര്‍ ദുരിതത്തില്‍

Published : 9th June 2017 | Posted By: fsq

 

ചാലക്കുടി: വെള്ളവും വെളിച്ചവു—മില്ലാത്തതിനെ തുടര്‍ന്ന് ചാലക്കുടി മാര്‍ക്കറ്റിലെ മല്‍സ്യ-മാംസ സ്റ്റാളുകളിലെ ജീവനക്കാര്‍ ദുരിതത്തില്‍. സ്റ്റാളുകളിലേക്കുള്ള രണ്ട് പൈപ്പ് കണക്ഷനുകള്‍ നഗരസഭ അധികൃതര്‍ വിച്ഛേദിച്ചതാണ് വെള്ളം നിലയ്ക്കാന്‍ കാരണമായത്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് സ്റ്റാളുകളിലും പരിസരത്തും മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. സ്റ്റാളുകള്‍ക്ക് മുന്നിലെ കാനയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പുഴുവരിക്കുന്ന അവസ്ഥയാണ്. മൂക്ക് പൊത്തിയാണ് പലരും ഇവിടെയെത്തി മല്‍സ്യവും മാംസവും വാങ്ങിപോകുന്നത്. കാര്യക്ഷമായ മാലിന്യ സംസ്‌ക്കരണത്തിന് സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച ചാലക്കുടി നഗരസഭയുടെ മാര്‍ക്കറ്റിലാണ് ഈ ദുരവസ്ഥ. കൊതുക് ശല്യം രൂക്ഷമായ ഇവിടെ പകര്‍ച്ചവ്യാധികളുടെ ഭീതിയിലാണ് തൊഴിലാളികള്‍. കഴിഞ്ഞവര്‍ഷം നിരവധി പേര്‍ക്ക് ഡെങ്കിപനി പിടിപെട്ടിരുന്നു. മലിനജലം  കെട്ടികിടക്കുന്നതിനെതുടര്‍ന്ന് ഇക്കൊല്ലം കൂടുതല്‍ പേര്‍ക്ക് പനിപിടിപെടുമെന്ന ഭീതിയാണ് ഇവിടെയുള്ളവര്‍ക്ക്. വെള്ളവും വെളിച്ചവും വാഗ്ദാനം ചെയ്താണ് നഗരസഭ ഇവിടെ സ്റ്റാളുകള്‍ അനുവദിച്ചതെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളമില്ല. വരുംദിവസങ്ങളില്‍ വൈദ്യുതി നിലയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചതായി കച്ചവടക്കാര്‍ പറഞ്ഞു. മഴവെള്ളം ശേഖരിച്ചും ദൂരദിക്കുകളില്‍ നിന്നും വെള്ളം ചുമന്ന് കൊണ്ടുവരികയുമാണ് ഇപ്പോള്‍ കച്ചവടക്കാര്‍ ചെയ്യുന്നത്.ഇവിടത്തെ രണ്ട് ഇല്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ എടുത്തുമാറ്റിയതോടെ മാര്‍ക്കറ്റ് പരിസരം ഇരുട്ടിലുമായി. പുലര്‍ച്ചെ വെള്ളം കൊണ്ടുവരുമാനും അറവ് ചെയ്ത മാംസം കൊണ്ടുവരുന്നതിനും വെളിച്ചമില്ലാത്തത് ബുദ്ധിമുട്ടാവുകയാണ്. ചന്തയില്‍ അറക്കുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് പ്ലാന്റില്‍ നിക്ഷേപിക്കുന്നത്. പഴയ കാലിചന്തക്ക് സമീപം ബിവറേജ് ഔട്ട്‌ലെറ്റ് വന്നപ്പോള്‍ കാലിചന്ത ബയോഗ്യാസ് പ്ലാന്റിന് സമീപത്തേക്ക് മാറ്റി. ഇതോടെ ഇവിടെ കാലികളുടെ മാലിന്യങ്ങളും കുമിഞ്ഞ് കൂടി. പ്ലാന്റിന് പരിസരത്തെ മാലിന്യങ്ങള്‍ ഇവിടെതന്നെ കുഴിച്ച് മൂടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ അധികം ആഴത്തില്‍ കുഴിച്ച് മൂടാത്തതിനാല്‍ രാത്രികാലങ്ങളില്‍ തെരുവ് നായകള്‍ മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചിഴക്കുകയാണ്. ചീഞ്ഞഴിഞ്ഞ ഇത്തരം മാലിന്യങ്ങള്‍ ഇവിടെ പുഴുവരിച്ച് കിടക്കുന്നു. മതിയായ മുന്നൊരുക്കമില്ലാതെ കാലിചന്ത ഇവിടേക്ക് മാറ്റിയതും ബുദ്ധിമുട്ടായി. നിലം ഒരുക്കാത്തതിനെതുടര്‍ന്ന് കാലികളെ കെട്ടുന്നിടം ചെളികുണ്ടായി മാറി. മല്‍സ്യ-മാംസ സ്റ്റാളുകളില്‍ ജോലി നോക്കുന്ന നൂറുകണക്കിന് തൊഴിലാളികളും ഇവ വാങ്ങാനെത്തുന്നവരും വരും ദിവസങ്ങള്‍ ഡെങ്കിപനി പോലുള്ള മാരക രോഗങ്ങള്‍ക്കടിമകളാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss