|    Mar 18 Sun, 2018 4:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തുറന്നുപ്രവര്‍ത്തിപ്പിക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്കെതിരേ നിയമ നടപടി

Published : 29th October 2016 | Posted By: SMR

തിരുവനന്തപുരം: തോട്ടണ്ടിയുണ്ടായിട്ടും തുറന്നുപ്രവര്‍ത്തിപ്പിക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കി നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതിയുടെയും ബാങ്ക് പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്റെ ശ്രദ്ധക്ഷണിക്കലിന് അദ്ദേഹം മറുപടി നല്‍കി.
ഫാക്ടറികള്‍ തുറന്നുപ്രവ ര്‍ത്തിപ്പിക്കുന്നതിന് ബാങ്കുകള്‍ വായ്പ നല്‍കാത്ത സ്ഥിതിയുണ്ട്. വായ്പാ കുടിശ്ശിക പുനക്രമീകരിക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനും പുതിയ വായ്പ ലഭ്യമാക്കുന്നതിനുമാണ് ബാങ്ക് പ്രതിനിധികളെക്കൂടി യോഗത്തിലേക്കു വിളിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ചെറുതും വലുതുമായ നാലായിരത്തിലേറെ ഫാക്ടറിക ള്‍ തുറന്നു.
കഴിഞ്ഞ സപ്തംബറില്‍ മാത്രം ആറ് ഫാക്ടറികളാണ് തുറന്നത്. ഫാക്ടറികള്‍ നടത്തിക്കൊണ്ടുപോവുന്നതിനുള്ള ചെലവിലുണ്ടായ വര്‍ധനയും അസംസ്‌കൃത തോട്ടണ്ടിയുടെ ദൗര്‍ലഭ്യവുമാണ് കശുവണ്ടിമേഖലയിലെ പ്രതിസന്ധിക്ക് കാരണം. ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ച് തുടര്‍ച്ചയായി ഇവര്‍ക്ക് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാനാണു ശ്രമം.
തോട്ടണ്ടി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് കശുമാവുകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കും. തോട്ടണ്ടി ഇറക്കുമതിക്ക് പുറമേ തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന തോട്ടണ്ടി ശേഖരിച്ച് ഫാക്ടറികള്‍ക്കു നല്‍കും. തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റിവിറ്റി കുടിശ്ശികയില്‍ അവശേഷിച്ചിരിക്കുന്നതും നല്‍കും. പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ കുടിശ്ശികയും കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
വാഹനങ്ങള്‍മൂലമുള്ള പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് ഇലക്ട്രിക് ഓട്ടോറിക്ഷ അടക്കമുള്ളവ പ്രചാരത്തി ല്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മോട്ടോര്‍ വാഹന ചട്ടപ്രകാരം ഡീസല്‍, പെട്രോള്‍ എന്നിവ മാത്രമാണ് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുക. ഇതിനു പകരം മര്‍ദിത പ്രകൃതിവാതകവും ദ്രവീകൃത പ്രകൃതിവാതകവും ഇന്ധനമായി ഉപയോഗിക്കുന്നതിന് നിയമഭേദഗതി ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
പഴയ വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രമുള്ളതുമായ സ്വകാര്യ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അമിതശബ്ദത്തോടെയുള്ള ഹോണുകള്‍ ഉപയോഗിച്ചതിന് 5,581 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4,709 സ്വകാര്യ വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 872 സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കെതിരേ നോട്ടീസ് നല്‍കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss