|    Nov 20 Tue, 2018 1:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഡോ. ബി.ആര്‍. ഷെട്ടിയുടെ പുതിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് കമ്പനി ‘ഫിനേബ്ലര്‍’ പ്രഖ്യാപിച്ചു

Published : 23rd April 2018 | Posted By: ke

ദുബയ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്ത സംരംഭകനായ ഡോ. ബി.ആര്‍. ഷെട്ടി തന്റെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് ‘ഫിനേബ്ലര്‍’ എന്ന പേരില്‍ ഒരു ഹോള്‍ഡിങ് കമ്പനി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. അധികൃതാംഗീകാരം ലഭിക്കുന്ന മുറയ്ക്ക് യുണൈറ്റഡ് കിങ്ഡം കേന്ദ്രമായി നിലവില്‍ വരുന്ന ‘ഫിനേബ്ലര്‍’ കമ്പനിയുടെ മേല്‍നോട്ടത്തില്‍, ഇപ്പോള്‍ നിലവിലുള്ള യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ തങ്ങളുടെ സാമ്പത്തിക വിനിമയ ബ്രാന്‍ഡുകള്‍ക്കിടയില്‍ കൂടുതല്‍ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുവാന്‍ പാകത്തില്‍ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനും ധനവിനിമയ വ്യവസായത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ അവതരിപ്പിക്കാനും ഈ മേഖലയില്‍ മികച്ച നിക്ഷേപവും ഏറ്റെടുക്കല്‍ നടപടികളും വര്‍ദ്ധിപ്പിക്കാനും ‘ഫിനേബ്ലര്‍’ ശ്രദ്ധയൂന്നും. നാല്പതിലേറെ വര്‍ഷങ്ങളിലെ വ്യവസായ പരിചയവും പതിനെട്ടായിരത്തിലേറെ ജീവനക്കാരും പ്രതിവര്‍ഷം 150 ദശലക്ഷം ഇടപാടുകളുമുള്ള ഘടക സ്ഥാപനങ്ങള്‍ മുഖേന ‘ഫിനേബ്ലര്‍’ ഹോള്‍ഡിങ് കമ്പനിക്ക് തുടക്കത്തില്‍ തന്നെ ആകര്‍ഷകമായ ആഗോളമുഖം കൈവന്നിരിക്കുന്നു. ശാഖാശൃംഖലയിലൂടെയും ഏജന്റ്മാരിലൂടെയും ഡിജിറ്റല്‍ ചാനലുകളിലൂടെയും മൊത്തത്തില്‍ ഏകദേശം ഒരു ബില്യണ്‍ ജീവിതങ്ങളെയാണ് ‘ഫിനേബ്ലര്‍’ ബ്രാന്‍ഡുകള്‍ സഹായിക്കുന്നത്. 45 രാജ്യങ്ങളില്‍ നേരിട്ടും 165 രാജ്യങ്ങളില്‍ ശ്രുംഖലകള്‍ വഴിയും യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങള്‍ സേവനം നല്‍കിവരുന്നു. പുതിയ സാങ്കേതിക നേട്ടങ്ങളെ ധനകാര്യ സേവനങ്ങള്‍ക്കായി വിനിയോഗിച്ചും കൂടുതല്‍ ഉദ്ഗ്രഥനം നടത്തിയും സമ്പദ്ഘടനയെ ശക്തമാക്കുകയാവും ‘ഫിനേബ്ലര്‍’ മുന്നോട്ടുവെക്കുന്ന വളര്‍ച്ചയുടെ മുഖ്യനയം. ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന വിധത്തില്‍ മൂല്യവത്തും സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തണമെങ്കില്‍ കാലോചിതമായ സാങ്കേതിക നവീകരണങ്ങള്‍ അനിവാര്യമാണെന്നും ആ നേട്ടം കൈവരിക്കാന്‍ ഉതകുന്ന വലിയ നിക്ഷേപങ്ങളാണ് തങ്ങളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതെന്നും ‘ഫിനേബ്ലര്‍’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനയ് ഷെട്ടി വ്യക്തമാക്കി.

പണവിനിമയ രംഗത്തെ വിവിധ സേവനവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎഇ എക്‌സ്‌ചേഞ്ച്, ട്രാവലക്‌സ്, എക്‌സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങള്‍ വഴി തങ്ങള്‍ മാറ്റുരച്ചു നേടിയ പരിചയ സമ്പത്താണ് ഇപ്പോള്‍ യു.കെ. കേന്ദ്രമായി ഒരു ഹോള്‍ഡിങ് കമ്പനിക്കു പ്രേരണയായതെന്നും ‘ഫിനേബ്ലര്‍’ ആവിഷ്‌കരിക്കുന്ന ഐ ഹബുകള്‍ വഴി സ്വയം നവീകരിക്കുക മാത്രമല്ല, ഉചിതമായ പങ്കാളിത്തത്തിലൂടെയും വിജ്ഞാന സഹകരണത്തിലൂടെയും പ്രസ്തുത വ്യവസായത്തെ ഗുണപരമായി ഉയര്‍ത്തുകയുമാണ് ഉദ്ദേശ്യമെന്ന് ‘ഫിനേബ്ലര്‍’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രമോദ് മങ്ങാട്ട് വിശദീകരിച്ചു. യുഎഇ ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെ ‘യൂണിമണി’ എന്ന പുതിയ നാമത്തില്‍ ഏകരൂപത്തില്‍ അവതരിപ്പിക്കുമെന്നും ‘ഫിനേബ്ലര്‍’ സാരഥികള്‍ പ്രഖ്യാപിച്ചു. ‘യൂണിവേഴ്‌സല്‍ മണി’യെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് ‘യൂണിമണി’ ഉപയോഗിക്കുന്നത്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ യശസ്സും സേവനമികവും പരിപാലിക്കുന്ന വിധം വിപുലമായ ധനവിനിമയ സേവന ശ്രേണിയാണ് ‘യൂണിമണി’യും ഉറപ്പുനല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss