|    Jan 17 Tue, 2017 10:28 am
FLASH NEWS

ഹൗസിങ് ബോര്‍ഡ് ധര്‍മങ്ങള്‍ പുനര്‍നിര്‍വചിക്കും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: ഹൗസിങ് ബോര്‍ഡിന്റെ ധര്‍മങ്ങള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് സൂചിപ്പിച്ച ബജറ്റില്‍ മാന്ദ്യവിരുദ്ധ പാക്കേജിലെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രധാന ഏജന്‍സിയായി ബോര്‍ഡിന് മാറാമെന്ന് വിലയിരുത്തി. കേരളത്തില്‍ നടപ്പാക്കാന്‍ പോവുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് പ്രീ ഫ്രാബിക്കേറ്റഡ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ചുമതല ഹൗസിങ് ബോര്‍ഡിന് ഏറ്റെടുക്കാനാവും. തിരുവനന്തപുരം പൗണ്ടുകടവിലെ 3 ഏക്കര്‍ സ്ഥലത്ത് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

ഏഴ് പുതിയ പോലിസ് സ്‌റ്റേഷനുകള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ അടക്കം സംസ്ഥാനത്ത് ഏഴ് പുതിയ പോലിസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടന്‍നാട്(വയനാട്), നഗരൂര്‍(ചിറയിന്‍കീഴ്), പുത്തൂര്‍(പാലക്കാട്) എന്നിവിടങ്ങളിലാണ് മറ്റു പോലിസ് സ്‌റ്റേഷനുകള്‍. പോലിസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ സേനയുടെ ആധുനികവല്‍ക്കരണത്തിന് ദേശീയ പദ്ധതിയുടെ സംസ്ഥാന വിഹിതമായ 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 40 ശതമാനമാണ് സംസ്ഥാന വിഹിതം.

സര്‍ക്കാര്‍ പ്രസിന് 100 കോടി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിന്റെ ആധുനികവല്‍ക്കരണത്തിനായി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നും 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫിസില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഒരുക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ സൗകര്യാര്‍ഥമാണ് കോഴിക്കോട് പരീക്ഷാകേന്ദ്രം ആരംഭിക്കുന്നത്.

17 കേന്ദ്രങ്ങളില്‍ പുതിയ റവന്യൂ ടവറുകള്‍
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ നവീകരണത്തിന് 14 കോടി അടക്കം 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 17 കേന്ദ്രങ്ങളില്‍ പുതിയ റവന്യൂ ടവറുകള്‍ സ്ഥാപിക്കുന്നതിന് 250 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയിലും വകയിരുത്തി. കടകംപള്ളി, നെടുമങ്ങാട്, കൊല്ലം, പന്തളം, കൊട്ടാരക്കര, തിരുവല്ല, ചങ്ങനാശ്ശേരി, തൊടുപുഴ, പീരുമേട്, എറണാകുളം, കോതമംഗലം, സുല്‍ത്താന്‍ ബത്തേരി, ചാലക്കുടി, മട്ടന്നൂര്‍, ആലപ്പുഴ ആര്‍ഡിഒ കോംപ്ലക്‌സ്, മുളന്തുരുത്തി, പുനലൂര്‍ വിദ്യാഭ്യാസ കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് ടവറുകള്‍ സ്ഥാപിക്കുക. രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ 100 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

നാല് എക്‌സൈസ് ടവറുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനും എതിരായ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് പറയുന്ന ബജറ്റില്‍ 4 പുതിയ എക്‌സൈസ് ടവറുകള്‍ക്ക് 50 കോടി രൂപ വകയിരുത്തി. കോട്ടയം, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലാണ് എക്‌സൈസ് ടവറുകള്‍ സ്ഥാപിക്കുക.

പുതിയ കോടതി കെട്ടിടങ്ങള്‍ക്ക് 150 കോടി
തിരുവനന്തപുരം: പുതിയ കോടതി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 150 കോടി രൂപ വകയിരുത്തി. പുനലൂര്‍, അടൂര്‍, പീരുമേട്, പാലക്കാട്, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്, ചാലക്കുടി, പയ്യന്നൂര്‍, കടത്തുരുത്തി, ആലപ്പുഴ(അഡീഷനല്‍ ബ്ലോക്ക്) എന്നീ സ്ഥലങ്ങളിലെ കോടതി കെട്ടിട സമുച്ചയങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. ഈ ഇനത്തില്‍ നടപ്പുവര്‍ഷം 50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മേഖലയില്‍ പ്രത്യേക കരുതല്‍ നല്‍കിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 60 വയസ്സു കഴിഞ്ഞ സാധാരണക്കാരായ മുഴുവന്‍ പേരെയും പെന്‍ഷനു കീഴിലാക്കും. 1000ലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികകളും ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കുന്നതിനൊപ്പം ഇനി മുഴുവന്‍ പെന്‍ഷനുകളും വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കും. എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തി. 1000 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ തുകയായിരിക്കും ലഭിക്കുക. ഇതോടൊപ്പം ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കും.

അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട്
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വീട് വേണ്ടവരുടെ സമഗ്ര ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒരു റേഷന്‍ കാര്‍ഡിന് ഒരു വീട് എന്ന ക്രമത്തിലാവും വീട് നല്‍കുന്നത്. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനാവും. രണ്ടു ലക്ഷം രൂപയായിരിക്കും ഒരു വീടിനു ലഭിക്കുക. എന്നാല്‍, എസ്‌സിക്ക് രണ്ടര ലക്ഷവും എസ്ടിക്ക് മൂന്നു ലക്ഷവും ലഭിക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ നേരിട്ട് ബാങ്കുകള്‍ക്ക് നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നാവും മുതല്‍ തിരിച്ചടയ്‌ക്കേണ്ടത്. പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്. പണിതീരാത്ത വീടുകളുടെ ലിസ്റ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും. ഭുമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് സ്ഥലം ലഭ്യമാക്കും. കിടപ്പാടം വാങ്ങുന്നതിന് നഗരത്തില്‍ മൂന്നു ലക്ഷവും ഗ്രാമത്തില്‍ രണ്ടു ലക്ഷവും വീതം ഇഎംഎസ് പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. ആശ്രയ പദ്ധതിയുടെ വിപുലീകരണത്തിന് 50 കോടി രൂപ കുടുംബശ്രീക്ക് അധികമായി നല്‍കും.

എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സ
തിരുവനന്തപുരം: ചികില്‍സാരംഗത്തെ വര്‍ധിച്ചുവരുന്ന ചെലവു കുറയ്ക്കാന്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍പ്പെടുത്തി ഇനി എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. കിടത്തിച്ചികില്‍സയ്ക്ക് 30,000 രൂപ ധനസഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആര്‍എസ്ബിവൈ പദ്ധതിക്കു പുറമേ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് സമാന്തരമോ പൂരകമോ ആയിട്ടുള്ള പദ്ധതികളെല്ലാം സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ആക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ സൗജന്യ ആര്‍എസ്ബിവൈ വലയത്തില്‍ കൊണ്ടുവരും. ഹെല്‍ത്ത് കാര്‍ഡുള്ള മുഴുവന്‍പേര്‍ക്കും കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, കരള്‍-വൃക്ക രോഗങ്ങള്‍, തലച്ചോറിലെ ട്യൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പുവരുത്തും.

മല്‍സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി
തിരുവനന്തപുരം: ബജറ്റില്‍ മല്‍സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി വകയിരുത്തി. മല്‍സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസപദ്ധതിയിലേക്ക് 10 കോടി. സിആര്‍ഇസഡ് പരിധിയില്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിത്തന്നെ സുരക്ഷിതമേഖലയിലേക്ക് മാറിത്താമസിക്കാന്‍ 10 ലക്ഷം രൂപ വീതം നല്‍കും. ഇതിനായി ഒരു ബജറ്റ് ഹെഡ് തുറക്കാന്‍ 25 കോടി. നിര്‍മാണം നിലച്ചിരിക്കുന്ന ചെത്തി, തലശ്ശേരി തുറമുഖങ്ങള്‍ക്കായി അഞ്ചുകോടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക